ആകെ മൊത്തത്തില്‍ ഉറങ്ങികിടന്ന ബോളിവുഡിനെ പിടിച്ചുകുലുക്കി എഴുന്നേല്‍പ്പിച്ച് പ്രതാപകാലത്തെ അനുസ്മരിപ്പിച്ച ചിത്രമായിരുന്നു ആദിത്യ ധര്‍ സംവിധാനം ചെയ്ത ധുരന്ധര്‍. യഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ട് പാകിസ്താനിലേക്ക് ഇന്ത്യ അയക്കുന്ന ചാരന്റെ കഥ പറഞ്ഞ ചിത്രം 1400 കോടിയോളമാണ് തിയേറ്ററുകളില്‍ നിന്നും നേടിയത്.
ആദിത്യ ധര്‍ ധുരന്ധര്‍ 2 വിന്റെ സെറ്റില്‍. Photo: India Today
ഡിസംബര്‍ 5 ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം മാര്‍ച്ച് 19 ന് റിലീസ് ചെയ്യുമെന്ന് ഇതിനോടകം തന്നെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു. ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമായി ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങും ഇതിനോടകം പൂര്‍ത്തിയായതായും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ മുംബൈ കോര്‍പ്പറേഷന്‍ പരിധിയിലെ ഷൂട്ടിനിടയില്‍ നിയമലംഘനം നടത്തിയെന്ന കാരണത്താല്‍ സംവിധായകന്‍ ആദിത്യ ധറിന്റെ ഉടമസ്ഥതയിലുള്ള ബി62 പ്രൊഡക്ഷനെ ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തി ബൃഹത് മുംബൈ കോര്‍പ്പറേഷന്‍(ബി.എം.സി).
അനുമതിയില്ലാതെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഷൂട്ട് ചെയ്തതിനും, ഷൂട്ടിനിടയില്‍ അനധികൃതമായി തീപ്പിടുത്ത സാധ്യതയുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചതിനുമാണ് ബി.എം.സിയുടെ നടപടി. വിലക്കിന് പുറമെ ഷൂട്ടിന് മുമ്പ് കെട്ടിവെച്ച തുക പിടിച്ചെടുക്കുകയും ഒരു ലക്ഷം രൂപ പിഴയുമടക്കം കര്‍ശന നടപടികളാണ് ബി.എം.സി അധികൃതര്‍ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ സ്വീകരിച്ചിരിക്കുന്നത്.
ദേശീയ മാധ്യമമായ ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് പ്രകാരം സെറ്റില്‍ തീപ്പിടുത്ത സാമഗ്രികള്‍ ഉപയോഗിച്ചപ്പോള്‍ പ്രദേശവാസികള്‍ ആദ്യം പരാതി നല്‍കിയിരുന്നുവെന്നും ഇതേതുടര്‍ന്ന് ബി.എം.സി ഇവര്‍ക്ക് വാക്കാല്‍ താക്കീത് നല്‍കിയിരുന്നുവെന്നും പറയുന്നു. ഇതെല്ലാം അവഗണിച്ചാണ് വീണ്ടും സെറ്റില്‍ തീപിടുത്ത സാധ്യതയുള്ള സാമഗ്രികള്‍ ഉപയോഗിച്ചിരുന്നത്.
ധുരന്ധര്‍. Photo: Bollywood Hungama
തിയേറ്ററിലെ മികച്ച വിജയത്തിന് ശേഷം 150 കോടി മുടക്കി നെറ്റ്ഫ്‌ളിക്‌സ് ഏറ്റെടുത്ത ചിത്രത്തില്‍ കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍, മുംബൈ ഭീകരാക്രമണം, പാര്‍ലമെന്റ് ഭീകരാക്രമണം തുടങ്ങിയ സംഭവങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്. ആറോളം ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും തിയേറ്റര്‍ വിലക്ക് നേരിട്ട ചിത്രം പക്ഷേ പാകിസ്ഥാനടക്കം മുപ്പത്തിരണ്ട് രാജ്യങ്ങളില്‍ നെറ്റ്ഫ്‌ളിക്‌സില്‍ മുന്നിട്ട് നിന്നിരുന്നു.
Content Highlight: BMC blacklisted adithya dhar’s B62 productions for violation in dhurandhar 2 set