ലണ്ടന്‍: എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന് 120 മില്യണ്‍ യൂറോ (140 മില്യണ്‍ ഡോളര്‍)പിഴ ചുമത്തി യൂറോപ്യന്‍ യൂണിയന്‍. എക്‌സിലെ ബ്ലൂ ടിക്കിന്റെ പേരില്‍ ഉപഭോക്താക്കളെ കബളിപ്പിക്കുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പിഴ ചുമത്തിയിരിക്കുന്നത്.
പണമടച്ചാല്‍ ആര്‍ക്കും ഔദ്യോഗിക അക്കൗണ്ടെന്ന് തെളിയിക്കുന്ന ബ്ലൂ ടിക് സ്വന്തമാക്കാം. എന്നാല്‍, ഈ അക്കൗണ്ടിന് പിന്നില്‍ ആരാണെന്ന് കമ്പനി പരിശോധിക്കുന്നില്ലെന്നും ഇത്തരത്തില്‍ ഉപയോക്താക്കളെ വഞ്ചിക്കുകയാണെന്നും യൂറോപ്യന്‍ കമ്മീഷന്‍ നിരീക്ഷിച്ചു.
ആള്‍മാറാട്ടത്തിനും മറ്റ് തട്ടിപ്പുകള്‍ക്കും ഈ ബ്ലൂ ടിക് കാരണമാകുന്നുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. ബ്ലൂ ടിക് ഉപയോഗത്തിലെയും പരസ്യങ്ങള്‍ നല്‍കുന്നതിലെയും സുതാര്യത യൂറോപ്യന്‍ യൂണിയന്‍ റെഗുലേറ്റര്‍മാര്‍ ചോദ്യം ചെയ്തു. തുടര്‍ന്നാണ് യൂറോപ്യന്‍ യൂണിയന്‍ എക്‌സിന് കനത്ത പിഴ ചുമത്തിയത്.
എക്‌സിന് എതിരായ നടപടിയെ വിമര്‍ശിച്ച് യു.എസ് രംഗത്തെത്തി. യു.എസ് സ്ഥാപനങ്ങളെ ആക്രമിക്കുന്നതും സെന്‍സര്‍ ചെയ്യുന്നതുമാണ് ഈ നീക്കമെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും ഫെഡറല്‍ കമ്മ്യൂണിക്കേഷന്‍ കമ്മീഷനും (എഫി.സി.സി) കുറ്റപ്പെടുത്തി.
‘യൂറോപ്യന്‍ കമ്മീഷന്റെ ഈ നീക്കം എക്‌സിന് നേരെയുള്ള ആക്രണം മാത്രമല്ല, എല്ലാ അമേരിക്കന്‍ ടെക് പ്ലാറ്റ്‌ഫോമുകള്‍ക്കും അമേരിക്കന്‍ ജനതയ്ക്കും നേരെയുള്ള വിദേശ സര്‍ക്കാരുകളുടെ ആക്രമണമാണ്. അമേരിക്കക്കാരെ സെന്‍സര്‍ ചെയ്യുന്ന കാലം കഴിഞ്ഞു,’ മാര്‍ക്കോ റൂബിയോ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
വിജയിച്ച ഒരു യു.എസ് കമ്പനി ആണ് എന്നുള്ളതുകൊണ്ടാണ് എക്‌സിനെ കമ്മീഷന്‍ ലക്ഷ്യമിടുന്നത്. യൂറോപ്പില്‍ ശ്വാസം മുട്ടിക്കുന്ന നിയന്ത്രണങ്ങളാണുള്ളതെന്നും അതിന് സബ്‌സിഡി നല്‍കാന്‍ യുറോപ്പ് അമേരിക്കക്കാര്‍ക്ക് മേല്‍ നികുതി ചുമത്തുകയാണെന്നും എഫ്.സി.സി ചെയര്‍മാന്‍ ബ്രണ്ടന്‍ കാര്‍ പ്രതികരിച്ചു.
Content Highlight: Blue Tick: Elon Musk’s ex fined €120 million; US calls it suffocating regulation