എറണാകുളം: അപൂര്‍വ രോഗ ബാധിതനായ 10 വയസുകാരന്റെ ജീവന്‍ രക്ഷിക്കാന്‍ ചേന്നമംഗലൂര്‍ സ്വദേശി അംജദ് റഹ്‌മാന്‍ നാട്ടിലെത്തി. യു.എ.ഇയില്‍ നിന്ന് ഇന്നലെ (ഞായര്‍) ആണ് അംജദ് നാട്ടിലെത്തിയത്. നിലവില്‍ എറണാകുളം ആശുപത്രിയിലാണുള്ളത്.
കുട്ടിയുടെ രക്തത്തിലെ അതേ സ്റ്റെം സെല്‍ യുവാവില്‍ കണ്ടെത്തിയതോടെയാണ് അധികൃതര്‍ അംജദിനെ സമീപിച്ചത്. 2024ല്‍ MAMO കോളേജില്‍ വെച്ച് നടത്തിയ ബ്ലഡ് സ്റ്റെം സെല്‍ ക്യാമ്പിലാണ് അംജദിന്റെ സ്റ്റെം സെല്‍ കുട്ടിയുമായി മാച്ച് ചെയ്യുന്നതായി കണ്ടെത്തിയത്.
നിലവില്‍ അംജദ് യു.എ.ഇയിലാണ് ജോലി ചെയ്യുന്നത്. സ്റ്റെം സെല്‍ മാറ്റിവെക്കുന്നതിനായാണ് അംജദ് നാട്ടിലെത്തിയത്. ഒരാഴ്ച നീളുന്ന പ്രോസസിലൂടെ മാത്രമേ ബ്ലഡ് സ്റ്റെം സെല്‍ മാറ്റിവെക്കാന്‍ കഴിയുകയുള്ളു.
കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍, പത്ത് ലക്ഷത്തില്‍ ഒരാളില്‍ ഒരുപക്ഷേ മാച്ചായേക്കാവുന്ന സ്റ്റെം സെല്‍ കണ്ടെത്തി മാറ്റിവെക്കുക എന്ന മാര്‍ഗമാണ് ഡോക്ടര്‍മാര്‍ മുന്നോട്ടുവെച്ചതെന്ന് ലിന്റോ ജോസഫ് എം.എൽ.എ ഫേസ്ബുക്കില്‍ കുറിച്ചു.
പങ്കാളിയുടെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയോട് കൂടിയാണ് യുവാവ് നാട്ടിലെത്തിയതെന്നും ലിന്റോ പറയുന്നു. അംജദിനെ അഭിനന്ദിച്ചുകൊണ്ടാണ് ലിന്റോ ജോസഫിന്റെ പോസ്റ്റ്.
രക്താര്‍ബുദം പോലുള്ള മാരക രോഗങ്ങള്‍ ബാധിച്ചവരുടെ ജീവന്‍ രക്ഷിക്കാന്‍ രക്തമൂല കോശങ്ങള്‍ക്ക് സാധിക്കും. രക്തമൂല കോശത്തിന് ജനിതക സാമ്യം ഉണ്ടായിരിക്കണം. എന്നാല്‍ സ്വന്തം കുടുംബത്തില്‍ നിന്നോ സഹോദരങ്ങളില്‍ നിന്നോ ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താന്‍ 25 ശതമാനത്തില്‍ താഴെ മാത്രമേ സാധ്യതയുള്ളൂ.
അഞ്ച് ദിവസം നീണ്ടുനിക്കുന്ന ജി.സി.എസ്.എഫ് കുത്തിവെപ്പുകള്‍ക്ക് ശേഷമായിരിക്കും സ്റ്റെം സെല്‍ മാറ്റിവെക്കുക.
ഇന്ത്യയില്‍ അഞ്ചര ലക്ഷത്തിലേറെ ആളുകളാണ് സ്റ്റെം സെല്‍ മാറ്റിവെക്കാന്‍ ഔദ്യോഗികമായി സന്നദ്ധത അറിയിച്ചിട്ടുള്ളത്. ഇതില്‍ 90000ത്തിലധികം ആളുകള്‍ കേരളത്തില്‍ നിന്നുള്ളവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlight: Blood stem cell donation; Amjad returns home to save the life of a 10-year-old boy