ടെഹ്‌റാന്‍: യു.എസ് -ഇറാന്‍ സംഘര്‍ഷം രൂക്ഷമായികൊണ്ടിരിക്കുന്നതിനിടയില്‍ അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഇറാന്റെ പുതിയ ബാനര്‍. അമേരിക്ക പതാക പുതപ്പിച്ച ശവപ്പെട്ടികളും ശവപ്പെട്ടികള്‍ക്ക് മുകളില്‍ അമേരിക്കന്‍ പ്രസിഡന്റെ ഡൊണാള്‍ഡ് ട്രംപിന്റെയും കുടുംബാംഗങ്ങളുടെയും ഫോട്ടോകളുമുള്ള ബാനറാണ് ഇറാന്‍ ഉയര്‍ത്തിയിരിക്കുന്നത്.
ബാനറില്‍ പേര്‍ഷ്യന്‍ ഭാഷയില്‍ ചോരയ്ക്ക് ചോര എന്നും എഴുതിവെച്ചിട്ടുണ്ട്. ട്രംപിന്റെയും പങ്കാളി മെലാനിയ ട്രംപിന്റെയും ഫോട്ടോ കൂടാതെ മക്കളായ ഇവാന്‍ക, ഡോണ്‍ ജൂനിയര്‍, എിക് ട്രംപ്, ടിഫാനി, ബാരണ്‍ ട്രംപ് എന്നിവരുടെയും ചിത്രങ്ങള്‍ ഉണ്ട്. സെന്‍ട്രല്‍ ടെഹ്‌റാനിലാണ് ഇത്തരത്തിലൊരു ബാനര്‍ സ്ഥാപിച്ചിരിക്കുന്നത്.
ഇത് രണ്ടാം തവണയാണ് ഈ രീതിയില്‍ അമേരിക്കന്‍ പ്രസിഡന്റിനെതിരെ ഇറാന്‍ പരസ്യമായി ബില്‍ബോര്‍ഡ് ഉയര്‍ത്തി ഭീഷണിപ്പെടുത്തുന്നത്. സെന്‍ട്രല്‍ ടെഹ്റാനിലെ പ്രശസ്തമായ എംഗലാബ് സ്‌ക്വയറില്‍ ട്രംപ് ശവപ്പെട്ടിയില്‍ കിടക്കുന്ന രീതിയിലുള്ള മറ്റൊരു കൂറ്റന്‍ ബില്‍ബോര്‍ഡും നേരത്തെ ഇറാന്‍ സ്ഥാപിച്ചിരുന്നു. ട്രംപ് കറുത്ത ശവപ്പെട്ടിയില്‍ കിടക്കുന്ന ചിത്രമായിരുന്നു ഇത്.
യു.എസ്- ഇസ്രഈല്‍ സംയുക്താക്രമണത്തില്‍ കൊല്ലപ്പെട്ട തന്റെ പിതാവിന്റെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖാംനഇ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഇത്തരത്തില്‍ ബാനറുകള്‍ പ്രത്യക്ഷപ്പെടുന്നത്.
Content Highlight: Blood for blood; Iran’s new banner depicts Trump and his family in coffins.