| Sunday, 16th November 2025, 6:15 pm

ബി.എൽ.ഒയുടെ ആത്മഹത്യ; സംസ്ഥാന വ്യാപകമായി നാളെ ബി.എൽ.ഒമാർ ജോലി ബഹിഷ്കരിക്കും

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂർ: കണ്ണൂരിൽ ജീവനൊടുക്കിയ അനീഷിന്റെ മരണത്തിൽ പ്രതിഷേധിച്ച്
സംസ്ഥാന വ്യാപകമായി നാളെ ജോലി ബഹിഷ്കരിക്കുമെന്ന് ബി.എൽ.ഒമാർ. ചീഫ് ഇലക്ടറൽ ഓഫീസിലേക്കും കലക്ടറേറ്റുകളിലേക്കും കണ്ണൂരിലെ ബി.എൽ.ഒമാർ നാളെ പ്രതിഷേധ മാർച്ച് നടത്തുമെന്നാണ് റിപ്പോർട്ട്.

മരണത്തിന്റെ ഉത്തരവാദിത്തം ഇലക്ഷൻ കമ്മീഷനെന്ന് എൻ.ജി.ഒ യൂണിയൻ പറഞ്ഞു. അനീഷ് ജീവനൊടുക്കിയത് എസ്.ഐ.ആറിന്റെ സമ്മർദം കൊണ്ടുമാത്രമാണെന്ന് അദ്ദേഹത്തിന്റെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

‘എസ്.ഐ.ആറുമായി ബന്ധപ്പെട്ട് മകൻ ദിവസങ്ങളായി സമ്മർദത്തിലായിരുന്നു. ഏതെങ്കിലും വ്യക്തിക്കോ സമൂഹത്തിനോ യാതൊരു ബാധ്യതയുമില്ല,’ അനീഷിന്റെ പിതാവ് പറഞ്ഞു.

അനീഷിന് ഭീഷണിയുണ്ടായിരുന്നെന്ന് ഡി.സി.സി സെക്രട്ടറി രജിത്ത് നാറാത്ത് പറഞ്ഞു. കോൺഗ്രസ് ബൂത്ത് ലെവൽ ഏജന്റിനെ കൂട്ടി വീട് കയറരുതെന്നും ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഡി.സി.സി സെക്രട്ടറി കൂട്ടിച്ചേർത്തു. ഭീഷണിക്ക് ഡിജിറ്റൽ തെളിവുകളുണ്ടെന്നും രജിത്ത് പറഞ്ഞു.

പറഞ്ഞ സമയത്ത് എന്യുമറേഷൻ ഫോമുകൾ നൽകാനും അത് പൂരിപ്പിച്ച് തിരികെ വാങ്ങാനും അതിന്റെ വിവരങ്ങൾ ക്രോഡീകരിക്കാനും സാധിച്ചിരുന്നില്ല. ഏകദേശം ആയിരത്തിനടുത്തുള്ള ഫോമുകൾ അനീഷിന് കൈകാര്യം ചെയ്യേണ്ടി വന്നിരുന്നു. നാട്ടുകാരുമായി വലിയ പരിചയം ഇല്ലാത്ത അനീഷിന് ഇത് ബുദ്ധിമുട്ടുണ്ടാക്കിയെന്നും കുടുംബം പറഞ്ഞു.

Content Highlight: BLO’s suicide; BLOs across the state will boycott work tomorrow

We use cookies to give you the best possible experience. Learn more