| Thursday, 1st October 2026, 8:36 am

'കണ്ണുകെട്ടി ഹോട്ടലിലെത്തിച്ചു'; നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയെന്ന് നന്ദിഗ്രാം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി

അഞ്ജു ചന്ദ്രന്‍

കൊല്‍ക്കത്ത: നന്ദിഗ്രാം നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മിലന്‍ പ്രധാന്‍. തന്നെ കണ്ണുകെട്ടി കാറില്‍ കയറ്റി ഹോട്ടലിലെത്തിച്ചെന്നും അവിടെ നാമനിര്‍ദേശം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടെന്നും മിലന്‍ പ്രധാന്‍ പറഞ്ഞു. ജയില്‍ മോചിതനായതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സെപ്റ്റംബര്‍ 18ന് ചണ്ഡിപൂരിലെ ഹോട്ടലില്‍ വിശ്രമിക്കുകയായിരുന്ന എന്നെ സിവില്‍ വേഷത്തിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ബലമായി പിടികൂടുകയും കണ്ണുകള്‍ തുണികൊണ്ട് കെട്ടിയ ശേഷം വാഹനത്തില്‍ കയറ്റി മറ്റൊരു ഹോട്ടലിലെത്തിച്ചു.

അവിടവെച്ച് നാമനിര്‍ദേശം പിന്‍വലിച്ചാല്‍ ആവശ്യപ്പെടുന്നതെന്തും നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു,’ മിലന്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ താന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ തയ്യാറായില്ലെന്നും മിലന്‍ മാധ്യമങ്ങളോട് പറഞ്ഞു. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടരയോടെ വീണ്ടും ചണ്ഡിപൂരിലേക്ക് കൊണ്ടുപോയെന്നും പിന്നീട് അറസ്റ്റ് ചെയ്‌തെന്നുമാണ് മിലന്റെ വിശദീകരണം.

2007ലെ നന്ദിഗ്രാം ഭൂസമരവുമായി ബന്ധപ്പെട്ട കേസുകളിലാണ് സെപ്റ്റംബര്‍ 18ന് മിലനെ അറസ്റ്റ് ചെയ്തത്. ആറ് കേസുകളില്‍ കൊല്‍ക്കത്ത ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചതിനെ തുടര്‍ന്നാണ് സെപ്റ്റംബര്‍ 30ന് അദ്ദേഹം ജയില്‍ മോചിതനായത്.

ഒക്ടോബര്‍ ആറിനാണ് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പ്. ഒക്ടോബര്‍ നാലിന് പ്രചാരണം അവസാനിക്കും. ജയില്‍ മോചിതനായതിന് പിന്നാലെ മിലന്‍ പ്രചാരണം പുനരാരംഭിക്കുകയും ചെയ്തു. അതേസമയം, പൊലീസ് സമ്മര്‍ദം ചെലുത്തിയെന്ന അദ്ദേഹത്തിന്റെ ആരോപണത്തില്‍ ഔദ്യോഗികമായി പ്രത്യേക പരാതി ലഭിച്ചിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Content Highlights: ‘Blindfolded and taken to a hotel’; Nandigram Congress candidate alleges police pressure to withdraw nomination papers.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more