| Friday, 19th December 2025, 6:09 pm

എനിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ഗുരു; മരിച്ചയാള്‍ ഇപ്പോഴും ജീവിതത്തിന്റെ സാന്നിധ്യമാവുക എന്നത് ഭാഗ്യം: ബ്ലെസി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമയുടെ ലെജന്‍ഡായ പത്മരാജന്റെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചപ്പോഴുണ്ടായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് സംവിധായകന്‍ ബ്ലെസി. തനിക്ക് കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും വലിയ ഗുരുവാണ് പത്മരാജനെന്നും അത്തരത്തില്‍ ഒരു ഗുരു ഉണ്ടാവുക ഭാഗ്യമാണെന്നും അദ്ദേഹം പറഞ്ഞു.

‘ഏഴ് സിനിമകളില്‍ അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചു. ഒരുപാട് കാര്യങ്ങള്‍ മനസിലാക്കി. ഇന്നും ഓരോ സിനിമ ചെയ്യുമ്പോഴും സാറിന് കളങ്കം ഉണ്ടാക്കരുതേയെന്നാണ് പ്രാര്‍ത്ഥന. ‘ഭ്രമരം’ എഴുതി ലാലേട്ടന് വായി ക്കാന്‍ കൊടുത്തു.

വായിച്ചശേഷം അദ്ദേഹം എന്റെ കൈപിടിച്ച് ചുംബിച്ചു. അന്ന് ലാലേട്ടന്‍ പറഞ്ഞത് നിന്റെ കൂടെ പപ്പേട്ടന്‍ ഉണ്ടെന്നാണ്. ഒരുപാട് വര്‍ഷം മുമ്പ് മരിച്ചയാള്‍ ഇപ്പോഴും ജീവിതത്തിന്റെ സാന്നിധ്യമാവുക എന്ന് പറയുന്നത് ഒരു ഭാഗ്യമാണ്,’ ബ്ലെസി പറയുന്നു.

ഓരോ സിനിമ ചെയ്യുമ്പോഴും അതിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയും പഠിക്കുകയും ചെയ്യുക എന്നതാണ് തന്റെ രീതിയെന്നും പത്മരാജന്‍, ജയരാജ്, ലോഹിതദാസ് തുടങ്ങി പലരുടെയും അസിസ്റ്റന്റായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം സിനിമ എന്നാലോചിക്കുമ്പോള്‍ അതിന് പറ്റിയ കഥയും തിരക്കഥയും എവിടുന്ന് എഴുതിക്കിട്ടും എന്നുള്ളതായിരുന്നു പ്രധാന ആശങ്കയെന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

‘തിരക്കഥ ഉണ്ടാക്കാന്‍ സാധിച്ചില്ലെന്നു മാത്രമല്ല, അക്കാലത്തെ എന്റെ സ്വഭാവവും ആളുകളെ അനുനയിപ്പിക്കാന്‍ പറ്റുന്നതായിരുന്നില്ല. ഇന്‍ട്രോവേര്‍ട്ട് ടൈപ്പ് ആയിരുന്നു. നമ്മളെക്കൊണ്ട് ഒരുസിനിമ ചെയ്യാന്‍ പറ്റും എന്ന തോന്നല്‍ അത് മറ്റുള്ളവരില്‍ ഉണ്ടാക്കില്ല,’ ബ്ലെസി പറഞ്ഞു.

Content Highlight:  Blessy shares his memories of working as an assistant to Malayalam cinema legend Padmarajan 

We use cookies to give you the best possible experience. Learn more