| Tuesday, 16th December 2025, 2:42 pm

ഒരു സിനിമയില്‍ നിന്ന് അടുത്തത് ചെയ്യാന്‍ സമയം വേണ്ടി വരുന്നു; ആടുജീവിതം കഴിഞ്ഞ് ഇപ്പോള്‍ ഒന്നരവര്‍ഷമായി: ബ്ലെസി

ഐറിന്‍ മരിയ ആന്റണി

ഒരു സിനിമയില്‍ നിന്ന് അടുത്ത സിനിമ ചെയ്യാന്‍ തനിക്ക് സമയം വേണ്ടി വരാറുണ്ടെന്ന് സംവിധായകന്‍ ബ്ലെസി. താന്‍ ഒരു പ്രൊഫഷണല്‍ എഴുത്തുകാരനല്ലെന്നുള്ള തോന്നലാവും അതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ഗൃഹലക്ഷ്മി മാഗസിനുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബ്ലെസി Photo: Screen grab/ cue studio

‘ആദ്യത്തെ വര്‍ഷങ്ങളില്‍ എല്ലാ വര്‍ഷവും ഒരു സിനിമയെങ്കിലും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ സിനിമകള്‍ക്കിടയിലുള്ള ഗ്യാപ് കൂടിക്കൂടിവരുന്നുണ്ടന്ന് തോന്നുന്നു. ഒരു സിനിമ കഴിഞ്ഞ് ഇപ്പോള്‍ ഒന്നരവര്‍ഷമാകുന്നു. സിനിമയും അതുമായി ബന്ധപ്പെട്ട ആഘോഷങ്ങളും യാത്രകളും ഒക്കെയാവാം സിനിമകള്‍ തമ്മിലുള്ള ദൈര്‍ഘ്യം കൂടാന്‍ കാരണം,’ ബ്ലെസി പറയുന്നു.

ഏതെങ്കിലും തരത്തില്‍ വ്യത്യസ്തതയും പ്രത്യേകതകളും ഉള്ള സിനിമകളാണ് ചെയ്യേണ്ടതെന്നും വാരിക്കോരി സിനിമകള്‍ ചെയ്യുന്നതിലുപരി മോശം സിനിമ ചെയ്യാതിരിക്കുകയാണ് താനെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഒരു വര്‍ക്കിന്റെ തിരക്കിലാണ് താനെന്നും തിരക്കഥ പൂര്‍ണമാകുമ്പോഴേ അതിനെപ്പറ്റി കൂടുതല്‍ സംസാരിക്കാന്‍ കഴിയുക എന്നും ബ്ലെസി കൂട്ടിച്ചേര്‍ത്തു.

‘വ്യത്യസ്തമായ സിനിമ ചെയ്യണം എന്ന് തന്നെയാണ് ഓരോ തവണ എഴുതാനിരിക്കുമ്പോഴും ആഗ്രഹിക്കുന്നത്. എല്ലാ സിനിമകളും വ്യത്യസ്തമാണ്. ചില വൈകാരികതകളും ബന്ധങ്ങളും ഒക്കെയാണ് അതില്‍ ഒരു പോലെ നില്‍കുന്നത്. എന്റെ സിനിമകളെല്ലാം വ്യത്യസ്തമായ തലങ്ങളിലാണ് സഞ്ചരിക്കുന്നത്,’ബ്ലെസി പറയുന്നു.

ബെന്യാമിന്റെ ആടുജീവിതം എന്ന നോവലിനെ അടിസ്ഥാനമാക്കി, ബ്ലെസി തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ അമല പോള്‍, ഗോകുല്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. എ.ആര്‍ റഹ്‌മാനാണ് സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത്. മികച്ച നടന്‍, സംവിധായകന്‍, സിനിമ ഉള്‍പ്പെടെ നിരവധി സംസ്ഥാന പുരസ്‌കാരങ്ങളും ആടുജീവിതം സ്വന്തമാക്കിയിരുന്നു.

Content Highlight: Blessy says he often needs time to move from one film to the next 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more