കാഴ്ച്ച, തന്മാത്ര, ഭ്രമരം, ആടുജീവിതം തുടങ്ങി ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ബ്ലെസി. പത്മരാജാന്റെ അസിസ്റ്റന്റ് ആയി വന്ന അദ്ദേഹം സിനിമയില്‍ 40 വര്‍ഷങ്ങള്‍ പിന്നിട്ടിരിക്കുകയാണ്.
ബ്ലെസിയുടെ സിനിമകളില്‍ ശക്തരായ സ്ത്രീകഥാപാത്രങ്ങളെ കാണാറുണ്ട്. ഇപ്പോള്‍ ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ സിനിമയില്‍ യഥാര്‍ഥ ജീവിതത്തിലെ ഏതെങ്കിലും സ്ത്രീകളുടെ സ്വാധീനമുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് അദ്ദേഹം. സ്ത്രീകളെ വളരെ കുറച്ചും വളരെ താമസിച്ചും മനസിലാക്കി കൊണ്ടിരിക്കുന്നയാളാണ് താനെന്ന് ബ്ലെസി പറയുന്നു.
‘ഇപ്പോഴും അവരെ ഞാന്‍ അദ്ഭുതത്തോടെയാണ് കാണുന്നത്. പ്രത്യേകിച്ചും സ്ത്രീയില്‍ ഉണ്ടാവുന്ന ശാരീരിക മാറ്റങ്ങള്‍, മാനസികമായ മാറ്റങ്ങള്‍, വൈകാരികമായ പ്രതികരണം, നിലപാടുകള്‍ ഒക്കെ. ഇതൊക്കെ എനിക്ക് ഒരുപാട് അന്യമായിരുന്നു. എഴുത്തില്‍ അത് അറിയാതെ സംഭവിച്ച് പോകുന്നതാണ്,’ ബ്ലെസി പറയുന്നു.
രക്തബന്ധം പലപ്പോഴും പറയാന്‍ മാത്രമുള്ള സാങ്കേതികബന്ധമാണെന്നും ആത്മബന്ധം അതിനെക്കാള്‍ അപ്പുറമാണെന്നും അദ്ദേഹം പറയുന്നു. ഒരാള്‍ക്ക് ഒരാളെ സ്‌നേഹിക്കാന്‍ കഴിയുക എന്നത് ഒരു സവിശേഷതയാണെന്നും സ്‌നേഹത്തിന് ഒരുപാട് അടരുകളുണ്ടെന്നും ബ്ലെസി പറഞ്ഞു.
വലിയരീതിയില്‍ പ്രണയം മനസില്‍ സൂക്ഷിക്കുന്ന ആളാണ് താനെന്നും പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമാണ് പ്രണയമെന്ന് നമ്മള്‍ തെറ്റിദ്ധരിച്ച കാലമുണ്ടായിരുന്നു, ഇപ്പോള്‍ അത് മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൃഥ്വിരാജ് നായകനായെത്തിയ ആടുജീവിതമാണ് ബ്ലെസിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ബെന്യാമിന്റെ അതേ പേരുള്ള നോവലിനെ അടിസ്ഥാനമായെത്തിയ ചിത്രം നിരവധി സംസ്ഥാന പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരുന്നു.
Content Highlight: Blessy on the female characters in his film