വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതം വെള്ളിത്തിരയിലേക്ക് എത്തിയിരിക്കുകയാണ്. പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. രണ്ട് ആഴ്ച പിന്നിടുമ്പോൾ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 100 കോടി ക്ലബ്ബിലേക്കാണ് ചേക്കേറിയത്. മലയാള സിനിമയിലെ വേഗതയേറിയ 100 കോടിയാണ് ആടുജീവിതം.
16 വർഷങ്ങളുടെ പ്രയത്നത്തിനൊടുവിലാണ് ആടുജീവിതം ബ്ലെസി മലയാളികൾക്ക് സമ്മാനിച്ചത്. ഇനി ഇത്തരത്തിലുള്ള വലിയൊരു സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് ദൈവം സഹായിച്ചിട്ട് തനിക്ക് വലിയ പ്രശ്നങ്ങളൊന്നും തോന്നുന്നില്ല എന്നാണ് ബ്ലെസി മറുപടി നൽകിയത്. ആടുജീവിതം സെറ്റിലെ അസിസ്റ്റന്റ് ആളുകൾ പ്രൊഡക്ഷന്റെ വർക്കുകളും കാര്യങ്ങളുമായി ക്ഷീണിച്ച് രാത്രി തന്റെ ഓഫീസിലേക്ക് വരുമ്പോൾ എന്താ ഇത്ര ക്ഷീണമെന്നും തങ്ങൾക്ക് പന്ത് കളിച്ചാലോ എന്നുമാണ് താൻ ചോദിക്കുന്നതെന്നും ബ്ലെസി പറഞ്ഞു.
ആ രീതിയിലാണ് തന്റെ എനർജി ലെവെലെന്നും ബ്ലെസി കൂട്ടിച്ചേർത്തു. അടുത്തത് വലിയ സിനിമയാണോ ചെറിയതാണോ എന്നറിയില്ലെന്നും ആ പടം ഡിമാന്റ് ചെയ്യുന്നപോലെയാണ് എടുക്കുകയെന്നും ബ്ലെസി പറയുന്നുണ്ട്. റെഡ് എഫ്.എം മലയാളത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ദൈവം സഹായിച്ചിട്ട് എനിക്ക് വലിയ പ്രശ്നങ്ങളൊന്നും തോന്നുന്നില്ല. നമ്മുടെ യൂണിറ്റിൽ അസിസ്റ്റന്റ് പിള്ളേരൊക്കെ പ്രൊഡക്ഷന്റെ വർക്കുകളും കാര്യങ്ങളുമായി ക്ഷീണിച്ച് രാത്രി ഓഫീസിൽ വരും. അപ്പോൾ ഞാൻ ചോദിക്കും നിനക്കെന്താ ഇത്ര ക്ഷീണം നമുക്കൊന്ന് പന്ത് കളിച്ചാൽ കൊള്ളാമെന്നു പറയും.
ആ ഒരു ലെവലിലാണ് ഞാൻ എന്റെ എനർജി ലെവൽ ഞാൻ കീപ് ചെയ്യുന്നത്. അടുത്ത സിനിമ വലിയ സിനിമയെന്നോ ചെറിയ സിനിമ എന്നൊന്നുമില്ല. ആ സിനിമ ഡിമാൻഡ് ചെയ്യുന്ന പോലെ, വേറൊന്നുമില്ല. വലിയൊരു സിനിമ എടുത്തുകളയാമെന്ന് നമ്മൾ കരുതുന്നില്ല. പക്ഷേ എല്ലാവരുടെയും ആഗ്രഹം എന്താണ്, കൂടുതൽ കൂടുതൽ മെച്ചപ്പെട്ട സിനിമ ചെയ്യണമെന്നല്ലേ. ആ ഒരു ആഗ്രഹവും പ്രാർത്ഥനയും ഉണ്ട്,’ ബ്ലെസി പറഞ്ഞു.
Content Highlight: Blessy about his next 100 crore movie