| Wednesday, 14th March 2018, 8:16 am

'ഗതികെട്ട് ബ്ലാസ്റ്റേഴ്‌സ്, പകരമിറക്കാന്‍ വിദേശതാരങ്ങളില്ല'; സൂപ്പര്‍ കപ്പില്‍ മഞ്ഞപ്പടയ്ക്ക് ആകെയുള്ളത് അഞ്ചു വിദേശ താരങ്ങള്‍ മാത്രം

സ്പോര്‍ട്സ് ഡെസ്‌ക്

കൊച്ചി: ഐ.എസ്.എല്‍ നാലാം സീസണില്‍ ആറാം സ്ഥാനം കൊണ്ട് തൃപ്തരാകേണ്ടി വന്ന ഡേവിഡ് ജെയിംസും സംഘവും സൂപ്പര്‍ കപ്പില്‍ മികവ് പുലര്‍ത്തി സീസണിലെ ക്ഷീണമകറ്റാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ഐ.എസ്.എല്ലിനു പിന്നാലെ ടീമിലെ സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ് നാട്ടിലേക്ക് തിരിച്ച് പോയത് ബ്ലാസ്‌റ്റേഴ്‌സ് ആരാധകരെ നിരാശരാക്കിയിരുന്നു.

പരിശീലകന്‍ ഡേവിഡ് ജെയിംസിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ശേഷമായിരുന്നു ബെര്‍ബ കളം വിട്ടത്. ഇപ്പോഴിതാ മറ്റൊരു പ്രധാന വെല്ലുവിളികൂടി നേരിടുകയാണ് മഞ്ഞപ്പട. സൂപ്പര്‍ കപ്പില്‍ ടീമിലുള്ള വിദേശ താരങ്ങള്‍ക്ക് പരിക്കേറ്റാല്‍ പകരമിറക്കാന്‍ വിദേശ താരങ്ങള്‍ ഡേവിഡ് ജെയിംസിന്റെ ക്യാമ്പിലില്ല.


Also Read: കിരീട പോരാട്ടത്തിന് യോഗ്യത നേടി ചെന്നൈ; ഗോവയെ തകര്‍ത്തത് എതിരില്ലാത്ത മൂന്ന് ഗോളിന്


സീസണു മുന്നേ കെട്ടിഘോഷിക്കപ്പെട്ട് ക്യാമ്പിലെത്തിച്ച പലതാരങ്ങളും ക്ലബ്ബ് ഉപേക്ഷിച്ച മടങ്ങിയതാണ് ബ്ലാസ്റ്റേഴ്‌സിനു വിനയായത്. നിലവില്‍ ബ്ലാസ്റ്റേഴ്‌സ് സംഘത്തില്‍ അഞ്ച് വിദേശതാരങ്ങള്‍ മാത്രമാണുള്ളത്. സൂപ്പര്‍കപ്പില്‍ അഞ്ച് വിദേശ താരങ്ങള്‍ക്കാണ് ഒരേസമയം കളത്തിലിറങ്ങാന്‍ കഴിയുക. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് കളത്തിലിറക്കുന്ന താരങ്ങള്‍ക്ക് പരിക്കേറ്റാല്‍ പകരം ഇന്ത്യന്‍ താരങ്ങളെ കളത്തിലിറക്കേണ്ടി വരും.

പോള്‍ റച്ചുബ്ക്ക, വെസ് ബ്രൗണ്‍, നെമാഞ്ച ലാകിച്ച് പെസിച്ച്, കറേജ് പെക്കുസണ്‍, വിക്ടര്‍ പുള്‍ഗ എന്നീ താരങ്ങളാണ് നിലവില്‍ ബ്ലാസ്റ്റേഴ്‌സിലുള്ളത്. നേരത്തെ പരിക്കേറ്റ ഉഗാണ്ടന്‍ താരം കെസിറോണ്‍ കിസീറ്റോ ബ്ലാസ്റ്റേഴ്സ് വിട്ട് മടങ്ങിയിരുന്നു. ഐസ്ലന്‍ഡ് താരം ഗുഡ്ജോണ്‍ ബാല്‍ഡ്വില്‍സണും സൂപ്പര്‍ കപ്പിന് മുമ്പ് ടീം വിടാനാണ് സാധ്യത.


Dont Miss: ബെസ്റ്റ് വേഴ്സസ് ബെസ്റ്റ്; ആരാധകര്‍ക്ക് ആവേശമായി ഐ.പി.എല്‍ ഔദ്യോഗിക ഗാനം പുറത്ത്


ഐസ്ലന്‍ഡിലെ ടോപ് ഡിവിഷന്‍ ലീഗില്‍ കളിക്കുന്ന സ്ജാര്‍നന്‍ എഫ്.സി താരമായ ഗുഡ്‌ജോണ്‍ മാര്‍ച്ച് 31 വരെ ലോണിലൂടെയാണ് കേരള ബ്ലാസ്റ്റേഴ്‌സിലെത്തിയത്. ഏപ്രില്‍ അവസാനം ഐസ്ലന്‍ഡിലെ ഫുട്‌ബോള്‍ ലീഗ് തുടങ്ങാനിരിക്കേ, ഗുഡ്‌ജോണ്‍ നാട്ടിലേക്ക് മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

മറ്റൊരു വിദേശതാരമായ ഇയാന്‍ ഹ്യൂമാകട്ടെ ടീമിനൊപ്പം ഉണ്ടെങ്കിലും പരിക്കിന്റെ പിടിയിലാണ്. താരം സൂപ്പര്‍കപ്പില്‍ കളിക്കുമോയെന്ന കാര്യസംശയവുമാണ്.

Latest Stories

We use cookies to give you the best possible experience. Learn more