ദൃശ്യം 3 തിയേറ്ററില്‍ ഗംഭീര മുന്നേറ്റം നടത്തുമ്പോള്‍ വലിയ പ്രതീക്ഷയുമായി എത്തിയ പല സിനിമകളും പ്രതീക്ഷക്കൊത്ത് ഉയരാതെ പോയി. മികച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടും ബേസിലിന്റെ അതിരടി വലിയ കളക്ഷന്‍ നേടാതെയാണ് കളംവിട്ടത്. വന്‍ ഹൈപ്പിലും ബജറ്റിലുമെത്തിയ കാട്ടാളനും ബോക്‌സ് ഓഫീസില്‍ നിലംതൊട്ടില്ല.
എന്നാല്‍ ഇതിനിടയില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയ ചിത്രമാണ് ബ്ലാസ്റ്റ്. തമിഴ് ആക്ഷന്‍ കിങ് അര്‍ജുന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം നായകനായെത്തിയ ചിത്രം ഈ വര്‍ഷത്തെ മികച്ച തിയേറ്റര്‍ എക്‌സ്പീരിയന്‍സായി മാറി. 18 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ 40 കോടിയിലേറെയാണ് നേടിയത്. കേരളത്തിലും അതിഗംഭീര കളക്ഷനാണ് ബ്ലാസ്റ്റ് സ്വന്തമാക്കുന്നത്.
ആദ്യദിനം വെറും 70 ലക്ഷം മാത്രം നേടിയ ചിത്രം പിന്നീട് റെക്കോഡ് കുതിപ്പാണ് നടത്തിയത്. 75 സ്‌ക്രീനില്‍ 170ലേറെ സ്‌ക്രീനുകളിലേക്ക് വ്യാപിച്ചു. കാട്ടാളന്‍ പ്രദര്‍ശിപ്പിച്ച തിയേറ്ററുകളെല്ലാം ആദ്യ വീക്കെന്‍ഡില്‍ തന്നെ ബ്ലാസ്റ്റ് സ്വന്തമാക്കി. റിലീസ് ചെയ്ത് 11 ദിവസം കൊണ്ട് 10 കോടിയിലേറെയാണ് ചിത്രം നേടിയത്. ഈ വര്‍ഷം കേരളത്തില്‍ നിന്ന് 10 കോടിയിലേറെ കളക്ഷന്‍ നേടുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് ബ്ലാസ്റ്റ്.
എന്നാല്‍ ഇത്രയും മികച്ച റിപ്പോര്‍ട്ട് ലഭിച്ചിട്ടും ബ്ലാസ്റ്റ് ഇതുവരെ 50 കോടി ക്ലബ്ബില്‍ കയറാത്തത് തമിഴ് സിനിമാലോകത്തിന്റെ പിടിപ്പുകേടാണെന്ന് സിനിമാപ്രേമികള്‍ അഭിപ്രായപ്പെടുന്നുണ്ട്. എത്ര നല്ല സിനിമയാണെങ്കിലും സ്റ്റാര്‍ഡമില്ലെങ്കില്‍ തമിഴ് പ്രേക്ഷകര്‍ വിജയിപ്പിക്കില്ലെന്നും സിനിമാപേജുകളില്‍ വിമര്‍ശനങ്ങളുയരുന്നുണ്ട്.
മലയാളത്തിലായിരുന്നെങ്കില്‍ ഈ സമയം കൊണ്ട് 100 കോടി നേടിയേനെയെന്നും ഇവിടെ സ്റ്റാര്‍ഡത്തെക്കാള്‍ കണ്ടന്റിനാണ് പ്രാധാന്യം നല്‍കുന്നതെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെച്ചു. ആക്ഷന്‍ എന്റര്‍ടൈനര്‍ എന്ന ടാഗിനോട് നൂറ് ശതമാനം നീതി പുലര്‍ത്തിയ ചിത്രമാണ് ബ്ലാസ്റ്റെന്ന് ഓരോ പ്രേക്ഷകരും അഭിപ്രായപ്പെടുന്നുണ്ട്.
പുതുമയുള്ള കഥയല്ലെങ്കിലും ഓരോ സീനും സംവിധായകന്‍ എടുത്തുവെച്ച രീതിയും അഭിനേതാക്കളുടെ ഗംഭീര പെര്‍ഫോമന്‍സും ബ്ലാസ്റ്റിനെ മികച്ചതാക്കി. രാമരാജന്‍ എന്ന കരാട്ടെ മാസ്റ്ററുടെ കുടുംബത്തെ വില്ലന്മാര്‍ ആക്രമിക്കുന്നതും അതിനെ അവര്‍ പ്രതിരോധിക്കുന്നതുമാണ് ചിത്രത്തിന്റെ കഥ. അര്‍ജുനൊപ്പം അഭിരാമി, പ്രീതി മുകുന്ദന്‍ എന്നിവരുടെ പ്രകടനവും ബ്ലാസ്റ്റിനെ കൂടുതല്‍ മികച്ചതാക്കി.
Content Highlight: Blast movie collected more than 10 crores from Kerala Box Office
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ