| Saturday, 15th November 2025, 7:06 am

ജമ്മു കശ്മീരില്‍ പൊലീസ് സ്റ്റേഷനില്‍ സ്‌ഫോടനം; ഒമ്പത് മരണം, 36 പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ശ്രീനഗര്‍: ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ ഒമ്പത് മരണം. 36 പേര്‍ക്ക് പരിക്കേറ്റു. പൊലീസുകാരും ഫൊറന്‍സിക് ഉദ്യോഗസ്ഥരുമാണ് മരിച്ചത്. സ്‌ഫോടന വസ്തുക്കളുടെ സാമ്പിള്‍ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായത്.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഞ്ച് പേരുടെ നില ഗുരുതരമെന്നാണ് വിവരം. പൊലീസ് സ്റ്റേഷനില്‍ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കള്‍ പരിശോധിക്കുന്നതിനിടെയാണ് അപകടം നടന്നത്. അമോണിയം നൈട്രേറ്റാണ് പൊട്ടിത്തെറിച്ചത്.

അപകടവുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങള്‍ ലഭ്യമല്ല. അതേസമയം സുരക്ഷാ സേനയും ഡോഗ് സ്‌ക്വാഡും സംഭവസ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്.

ഹരിയാനയിലെ ഫരീദാബാദില്‍ നിന്ന് പിടിച്ചെടുത്ത സ്ഫോടക വസ്തുക്കളുടെ സാമ്പിളുകള്‍ എടുക്കുന്നതിനിടെയാണ് അപകടം നടന്നതെന്നാണ് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച ദല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് സമീപത്തുണ്ടായ സ്ഫോടനത്തില്‍ 13 പേര്‍ മരിച്ചതിന് പിന്നാലെയാണ് കശ്മീരിലെ സ്‌ഫോടനം.

ചെങ്കോട്ട സ്‌ഫോടനത്തിലും മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 40 ശതമാനത്തിലേറെ പൊള്ളലേറ്റവര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണെന്നാണ് വിവരം.

തിങ്കളാഴ്ച വൈകുന്നേരം 6.52ന് ചെങ്കോട്ട മെട്രോ സ്റ്റേഷന്റെ ഗേറ്റ് നമ്പര്‍ വണ്ണിന് സമീപത്തായിരുന്നു പൊട്ടിത്തെറി. ചെങ്കോട്ടയില്‍ ട്രാഫിക് സിഗ്‌നലില്‍ നിര്‍ത്തിയിട്ട കാര്‍ പതിയെ നീങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു.

ഹ്യുണ്ടായി ഐ20 കാര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ 80 കിലോയോളം സ്ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് എന്‍.ഐ.എയുടെ കണ്ടെത്തല്‍. കാറിന്റെ സ്റ്റെപ്പിനി ടയറിലും സീറ്റുകളിലുമടക്കം മിലിട്ടറി ഗ്രേഡ് രാസവസ്തുക്കള്‍ നിറച്ചിരുന്നുവെന്നായിരുന്നു എന്‍.ഐ.എ കണ്ടെത്തിയത്.

പുല്‍വാമ സ്വദേശിയായ ഡോ. ഉമര്‍ മുഹമ്മദാണ് കാര്‍ ഓടിച്ചിരുന്നത്. സ്ഫോടനത്തില്‍ യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി ദല്‍ഹി പൊലീസ് കേസെടുത്തിരുന്നു. തീവ്രവാദ പ്രവര്‍ത്തനവും എക്സ്പ്ലോസീവ് ആക്ടും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Content Highlight: Blast at police station in Jammu and Kashmir; Seven dead, 27 injured

We use cookies to give you the best possible experience. Learn more