| Wednesday, 24th June 2026, 1:00 pm

'ഒരു കാര്യവുമില്ലാതെ കുറ്റം പറയുന്നു, കണ്‍സ്ട്രക്ടീവ് ആയിട്ടുള്ള വിമര്‍ശനങ്ങള്‍ ആണെങ്കില്‍ കേള്‍ക്കും': ജീത്തു ജോസഫ്

അക്ഷര

തിയേറ്ററുകളില്‍ വലിയ വിജയമാകുകയും ഒ.ടി.ടി റിലീസിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരികയും ചെയ്ത ചിത്രമാണ് ദൃശ്യം 3.

ആദ്യ രണ്ട് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ചിത്രം പ്രതീക്ഷിച്ച രീതിയില്‍ മികവുപുലര്‍ത്തിയില്ലെന്ന വിമര്‍ശനമായിരുന്നു പ്രധാനമായും ഉയര്‍ന്നത്.

ലോജിക്കില്ലായ്മയും ചില കഥാപാത്രങ്ങളുടെ സ്വഭാവത്തില്‍ വരുത്തിയ മാറ്റങ്ങളും ഉള്‍ക്കൊള്ളാനാവുന്നതല്ലെന്നും ചിലര്‍ പ്രതികരിച്ചിരുന്നു. ഓരോ കഥാപാത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വലിയ ട്രോളുകള്‍ക്ക് ഇരയാവുകയും ചെയ്തു.

ഇപ്പോള്‍ സിനിമയുമായി ബന്ധപ്പെട്ട് വരുന്ന വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ജീത്തുജോസഫ്. ദൃശ്യം തിയേറ്ററില്‍ കണ്ട ശേഷം ഒരുപാട് പേര്‍ തന്നെ വിളിച്ച് നല്ല അഭിപ്രായങ്ങള്‍ പറഞ്ഞിരുന്നെന്നും സിനിമയുടെ ബോക്‌സ് ഓഫീസ് കളക്ഷനുകളെയോ കോടി ക്ലബ്ബുകളെയോക്കാള്‍ തനിക്ക് പ്രധാനം പ്രേക്ഷകരുടെ പ്രതികരണങ്ങളും കണ്‍സ്ട്രക്ടീവ് ആയ വിമര്‍ശനങ്ങളുമാണെന്നും ജീത്തു പറഞ്ഞു.

കോടി ക്ലബ്ബുകളുടെ മത്സരത്തിനൊന്നും താനില്ലെന്നും, സിനിമ കണ്ട് പ്രേക്ഷകര്‍ വിളിക്കുന്ന കോളുകളാണ് ഒരു റൈറ്റര്‍ എന്ന നിലയിലും മേക്കര്‍ എന്ന നിലയില്‍ തനിക്ക് ഏറ്റവും കൂടുതല്‍ സന്തോഷം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമയ്ക്ക് ലഭിക്കുന്ന പലവിധ പ്രതികരണങ്ങളെ എങ്ങനെയാണ് സമീപിക്കുന്നതെന്നും ജീത്തു ജോസഫ് ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ വിശദീകരിച്ചു:

‘ആളുകള്‍ സിനിമയെക്കുറിച്ച് അഭിപ്രായം പറയുന്നതും പ്രൊഡ്യൂസര്‍ക്ക് നഷ്ടം വന്നില്ല എന്ന് കേള്‍ക്കുന്നതുമാണ് എന്നെ ഹാപ്പിയാക്കുന്നത്. തീര്‍ച്ചയായും ഒരു സിനിമ ഇഷ്ടപ്പെടുന്നവരും ഇഷ്ടപ്പെടാത്തവരും ഉണ്ടാകും.

ചിലര്‍ ഒരു കാര്യവുമില്ലാതെ കുറ്റം പറയാറുണ്ട്, അത് ഞാന്‍ നോക്കാറില്ല. എന്നാല്‍ കണ്‍സ്ട്രക്ടീവ് ആയിട്ടുള്ള വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ ഞാന്‍ അത് കേള്‍ക്കും. അതിനകത്ത് എന്തെങ്കിലും കാര്യമുണ്ടോ എന്ന് പരിശോധിക്കും.

സിനിമ കണ്ടതിന് ശേഷം സംശയങ്ങള്‍ ചോദിച്ചുകൊണ്ട് നിരവധി പേര്‍ വിളിച്ചിരുന്നു. പ്രേക്ഷകര്‍ ഏതെല്ലാം രീതിയില്‍ ചിന്തിക്കുന്നു എന്ന് മനസ്സിലാക്കാന്‍ ഇത്തരം ചര്‍ച്ചകള്‍ നല്ലതാണ്. അത് എനിക്ക് ഇഷ്ടവുമാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ദൃശ്യം’ ഒന്നും രണ്ടും ഭാഗങ്ങളില്‍ മാത്രം നിര്‍ത്തിയിരുന്നെങ്കില്‍, ഓരോ തവണയും വെറുതെ അഭ്യാസം കാണിച്ച് രക്ഷപ്പെട്ടു പോകുന്ന ഒരാളായി മാത്രം ജോര്‍ജുകുട്ടി മാറുമായിരുന്നുവെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.

ജോര്‍ജുകുട്ടിയെ തുടക്കം മുതല്‍ ഒരു സൂപ്പര്‍ഹീറോ ആയിട്ടല്ല, സാധാരണ മനുഷ്യനായിട്ടാണ് ക്രിയേറ്റ് ചെയ്തിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ ആ ക്യാരക്ടറിന്റെ ഉള്ളിലെ ഭയം എന്ന ആംഗിള്‍ കാണിക്കേണ്ടത് അനിവാര്യമായിരുന്നെന്നും ജീത്തു പറഞ്ഞു.

മൂന്നാം ഭാഗത്തിലൂടെ ജോര്‍ജുകുട്ടിയുടെ ഈയൊരു മാറ്റം കാണിക്കാന്‍ കഴിഞ്ഞതില്‍ ഒരു റൈറ്റര്‍ എന്ന നിലയില്‍ ഭയങ്കര ഹാപ്പിയാണ്. ഇത് ദൈവമായി തന്റെ മനസ്സിലേക്ക് കൊണ്ടുതന്ന ചിന്തയാണെന്നും ജീത്തുജോസഫ് പറഞ്ഞു.

Content Highlight: Blamed for no reason, but I will listen if it is constructive criticsim says Jeethu Joseph

അക്ഷര

We use cookies to give you the best possible experience. Learn more