ഹാര്‍ഡ്‌വെയര്‍ ബിസിനസില്‍ നിന്ന് പൂര്‍ണമായും പിന്മാറുന്നതായി ബ്ലാക്ക്‌ബെറി സിഇഒ ജോണ്‍ ചെന്‍ പറഞ്ഞു.
ബ്ലൂംബെര്‍ഗ്: പ്രശസ്ത മൊബൈല്‍ ഫോണ്‍ നിര്‍മ്മാണ കമ്പനിയായ ബ്ലാക്ക്‌ബെറി മൊബൈല്‍ നിര്‍മ്മാണം അവസാനിപ്പിക്കുന്നു. സോഫ്റ്റ്‌വെയര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണിത്.
ഹാര്‍ഡ്‌വെയര്‍ ബിസിനസില്‍ നിന്ന് പൂര്‍ണമായും പിന്മാറുന്നതായി ബ്ലാക്ക്‌ബെറി സിഇഒ ജോണ്‍ ചെന്‍ പറഞ്ഞു. ആവശ്യമായ ഹാര്‍ഡ്‌വെയര്‍ മറ്റൊരു കമ്പനിയില്‍ നിന്നും എത്തിക്കാനുള്ള കരാറില്‍ ഒപ്പുവച്ചതായും കനേഡിയന്‍ കമ്പനിയായ ബ്ലാക്ക്‌ബെറി അറിയിച്ചു.
ബ്ലാക്ക്‌ബെറി കമ്പനിയുടെ പേരില്‍ പുറത്തിറങ്ങുന്ന മൊബൈല്‍ സെറ്റുകള്‍ പി.ടി ടിഫോണ്‍ മൊബൈല്‍ ഇന്തോനേഷ്യ(ടി.ബി.കെ)ലൈസന്‍സിനു കീഴിലാകും. പത്തു വര്‍ഷം മുമ്പ് ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ നിര്‍മ്മാണ കമ്പനിയായിരുന്നു ബ്ലാക്ക്‌ബെറി. ആന്‍ഡ്രോയിഡിന്റെ കടന്നു വരവോടു കൂടി ബ്ലാക്ക് ബെറിയുടെ വിപണി മൂല്യം ആപ്പിള്‍ കമ്പനിയുടെ ഓഹരി മൂല്യത്തിന്റെ ഒരു ശതമാനത്തിലും താഴോട്ട് പോവുകയായിരുന്നു.
സെക്യൂരിറ്റി ആപ്ലിക്കേഷനടക്കമുള്ള സോഫ്റ്റ്‌വെയര്‍ നിര്‍മ്മാണത്തിലാണ് ബ്ലാക്ക്‌ബെറി ഇനി ഊന്നല്‍ നല്‍കുന്നത്. ബ്ലാക്‌ബെറി പത്രക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പ്രഖ്യാപനത്തിനു ശേഷം ബ്ലാക്ക്‌ബെറിയുടെ ഓഹരികള്‍ക്ക് അഞ്ച് ശതമാനത്തോളം നേട്ടമുണ്ടായി.
ബ്ലാക്ക്‌ബെറി പ്രൈവിനെ പോലെ ഭാവിയില്‍ ബ്ലാക്ക്‌ബെറിയില്‍ നിന്നും കൂടുതല്‍ ആന്‍ഡ്രോയിഡ് ഫോണുകള്‍ പ്രതീക്ഷിക്കാമെന്ന് ടെക്ക് വിദഗ്ധര്‍ പറയുന്നു.
ഒരു പതിറ്റാണ്ടായി സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് തിളങ്ങിനിന്ന ശേഷമാണ് ഉത്പാദനം നിര്‍ത്താനുള്ള ബ്ലാക്ക്‌ബെറി തീരുമാനം. 2007ല്‍ ആപ്പിളിന്റെ ഐഫോണ്‍ രംഗപ്രവേശനം ചെയ്തതാണ് ബ്ലാക്ക്‌ബെറിയുടെ ഇടിവിന്റെ തുടക്കം. ആപ്പിളിനോട് പൊരുതാന്‍ സ്വന്തമായി ഓപ്പറേറ്റിങ്ങ് സിസ്റ്റം ആവിഷ്‌കരിച്ചെങ്കിലും അതൊന്നും വിജയം കണ്ടില്ല.