പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിന് നീതി ലഭിച്ചില്ലെന്ന അഭിപ്രായ പ്രകടനവുമായി തെരഞ്ഞെടുപ്പിനു പിന്നാലെ പി.ഡി.പി പരസ്യമായി രംഗത്തുവന്നിരുന്നു. 2015 മാര്‍ച്ച് 3ന് പി.ഡി.പി എം.എല്‍.എമാര്‍ ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താക്കുറിപ്പ് പുറത്തിറക്കുകയും ചെയ്തിരുന്നു.
“അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നിയമവ്യവസ്ഥയെയും ഭരണഘടന സ്ഥാപനങ്ങളെയും പരിഹാസ്യമായ സംഭവമാണ്. വധശിക്ഷ നടപ്പാക്കിയത് നടപടിക്രമങ്ങള്‍ പാലിക്കാതെയുമാണ്.” എന്നാണ് പി.ഡി.പി എം.എല്‍.എമാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞത്.
അഫ്‌സല്‍ ഗുരുവിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ പി.ഡി.പി ആവശ്യപ്പെടുന്നു. ഇതിനുവേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ബി.ജെ.പി പിന്തുണയില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയായ മുഫ്തി മുഹമ്മദ് സഈദിന്റെ നേതൃത്വത്തില്‍ പി.ഡി.പി എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ഇതേ പി.ഡി.പിക്കാണ് ജമ്മുകശ്മീരില്‍ ബി.ജെ.പി പിന്തുണ നല്‍കിയിരിക്കുന്നത്.
പി.ഡി.പി മുന്നോട്ടുവെച്ചതിനു സമാനമായ വിമര്‍ശനങ്ങളാണ് ജെ.എന്‍.യുവിലും ഒരുപറ്റം വിദ്യാര്‍ഥികള്‍ മുന്നോട്ടുവെച്ചത്. എന്നാല്‍ ഇവര്‍ക്കുമേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി നടപടിയെടുക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നിര്‍ദേശിച്ചത്.