| Sunday, 16th November 2025, 11:03 pm

ബീഹാര്‍ വിജയം; ത്രിപുരയില്‍ സി.പി.ഐ.എം പാര്‍ട്ടി ഓഫീസുകള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ബീഹാര്‍ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സര്‍ക്കാര്‍ വിജയിച്ചതിന് പിന്നാലെ ത്രിപുരയില്‍ നടന്ന ആഘോഷത്തിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ സി.പി.ഐ.എം ഓഫീസുകള്‍ തകര്‍ത്തതായി പരാതി.

രണ്ട് ഓഫീസുകള്‍ അടിച്ചുതകര്‍ത്ത ബി.ജെ.പി പ്രവര്‍ത്തകര്‍ ഒരു ഓഫീസ് തീയിട്ട് നശിപ്പിച്ചതായും സി.പി.ഐ.എം നേതാക്കളുടെ പരാതിയിലുണ്ട്. ധലായ് ജില്ലയിലെ മണിക്ഭന്ദറിലെ ഓഫീസിനാണ് പ്രവര്‍ത്തകര്‍ തീയിട്ടത്. ഹലാഹലിയിലേയും കലച്ചേരയിലേയും ഓഫീസുകള്‍ അടിച്ച് തകര്‍ത്തതായും സി.പി.ഐ.എം പറയുന്നു.

‘ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ, വിജയം ആഘോഷിക്കാന്‍ നൂറുകണക്കിന് ബി.ജെ.പി നേതാക്കളും അണികളും മണിക്ഭന്ദറില്‍ എത്തിച്ചേര്‍ന്നു. ഇതോടെ ഒരു സംഘം പ്രവര്‍ത്തകര്‍ സി.പി.എമ്മിന്റെ സബ് ഡിവിഷനല്‍ ഓഫീസിന് തീ വെച്ചു. ഫര്‍ണിച്ചറുകളും പാര്‍ട്ടി പതാകകളും അവര്‍ നശിപ്പിച്ചു,’ ധലായ് സി.പി.ഐ.എം ജില്ലാ സെക്രട്ടറി അഞ്ജന്‍ ദാസ് പറഞ്ഞു.

മാത്രമല്ല ബി.ജെ.പി പ്രവര്‍ത്തകര്‍ ഹലാഹലിയിലെ സി.പി.എം ഓഫീസ് അടിച്ച് തകര്‍ത്തെന്നും പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിച്ചെന്നും അഞ്ജന്‍ ദാസ് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി കലച്ചേരയില്‍ എം.എല്‍.എ ജദാബ് ലാല്‍ നാഥിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ ബീഹാറിലെ വിജയം ആഘോഷിച്ചതെന്നാണ് സി.പി.ഐ.എം നേതാക്കള്‍ പറയുന്നത്.

Content Highlight: BJP workers vandalise CPI(M) offices in Tripura, complaint filed
We use cookies to give you the best possible experience. Learn more