| Tuesday, 23rd September 2025, 10:04 pm

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ടു, മുംബൈയില്‍ വയോധികനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബലമായി സാരിയുടുപ്പിച്ച് ബി.ജെ.പി. പ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുംബൈ: പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ട വയോധികനായ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ ബലമായി സാരിയുടുപ്പിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. മഹാരാഷ്ട്രയിലെ ഉല്ലാസ് നഗറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പ്രകാശ് മാമ പഗാരെയെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ബലമായി സാരിയുടുപ്പിച്ചത്. പ്രധാനമന്ത്രി സാരിയുടുത്തു നില്‍ക്കുന്ന ചിത്രം എ.ഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രകാശ് പ്രചരിപ്പിച്ചെന്ന് ആരോപിച്ചാണ് ബി.ജെ.പിക്കാര്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തിയത്.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ബി.ജെ.പി കല്യാണ്‍ യൂണിറ്റ് പ്രസിഡന്റ് നന്ദു പരബും സംഘവും പ്രകാശിനെ കാണാന്‍ അയാളുടെ ജോലിസ്ഥലത്തെത്തി. തുടര്‍ന്ന് അദ്ദേഹത്തെ ബലമായി സാരിയുടുപ്പിക്കുകയും വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ ഇരുകൈകളും ബലമായി പിടിച്ചുവെച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ സാരിയുടുപ്പിച്ചത്.

5000 രൂപയുടെ സാരിയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകാശിനെ ധരിപ്പിച്ചത്. വീഡിയോയില്‍ പല ഭാഗത്തും ‘നിങ്ങളെന്താണ് ചെയ്യുന്നത്’ എന്ന് പ്രകാശ് പഗാരെ ചോദിക്കുന്നത് കേള്‍ക്കാനാകുന്നുണ്ട്. ‘മേലില്‍ ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ പറയുന്നതും വീഡിയോയില്‍ കേള്‍ക്കാനാകും.

കഴിഞ്ഞദിവസം മോദി ചുവന്ന സാരി ധരിച്ച് നില്‍ക്കുന്ന എ.ഐ ഫോട്ടോ പ്രകാശ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ‘സോറി കുട്ടികളെ, എനിക്ക് ട്രെന്‍ഡില്‍ തുടരണം’ എന്ന ക്യാപ്ഷനോടെയാണ് പ്രകാശ് ഫോട്ടോ പങ്കുവെച്ചത്. ഇതില്‍ പ്രകോപിതരായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകാശിനെതിരെ ഇത്തരമൊരു നീക്കം നടത്തിയത്. എന്നാല്‍ താനല്ല ഫോട്ടോ നിര്‍മിച്ചതെന്നും ഷെയര്‍ ചെയ്യുക മാത്രമാണ് ചെയ്തതെന്നും പ്രകാശ് പറയുന്നു.

താന്‍ ആശുപത്രിയില്‍ നില്‍ക്കുമ്പോഴാണ് ബി.ജെ.പി നേതാക്കള്‍ തന്നെ വിളിച്ച് പുറത്തെത്തിച്ചതെന്നും പിന്നാലെ ബലമായി സാരിയുടുപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഭാഗം വ്യക്തമാക്കിയിട്ടും അവര്‍ കേള്‍ക്കാന്‍ കൂട്ടാക്കിയില്ലെന്നും അവര്‍ക്കെതിരെ താന്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പ്രകാശ് കൂട്ടിച്ചേര്‍ത്തു.

അതേസമയം തങ്ങളുടെ നീക്കത്തെ ന്യായീകരിച്ച് കല്യാണ്‍ ജില്ലാ പ്രസിഡന്റ് നന്ദു ശര്‍മ മാധ്യമങ്ങളോട് സംസാരിച്ചു. പ്രധാനമന്ത്രിയെ ആരെങ്കിലും അധിക്ഷേപിച്ചാല്‍ തങ്ങള്‍ അത് വെച്ചുപൊറുപ്പിക്കില്ലെന്നും അവര്‍ക്കും ഇതേ ഗതിയായിരിക്കുമെന്നായിരുന്നു ബി.ജെ.പി നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്.

Content Highlight: BJP workers forced an old man to wear saree after his social media post in Mumbai

We use cookies to give you the best possible experience. Learn more