| Friday, 21st August 2026, 2:09 pm

സ്‌കൂള്‍ സന്ദര്‍ശനത്തിനെത്തിയ സി.ജെ.പി പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിച്ച് ബി.ജെ.പിക്കാര്‍; വാഹനങ്ങള്‍ തല്ലി തകര്‍ത്തു

അഞ്ജു ചന്ദ്രന്‍

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ സര്‍ക്കാര്‍ സ്‌കൂള്‍ സന്ദര്‍ശിക്കാനെത്തിയ സി.ജെ.പി പ്രവര്‍ത്തകര്‍ക്ക് നേരെ ബി.ജെ.പി പ്രവര്‍ത്തകരുടെ ക്രൂരമര്‍ദനം. സി.ജെ.പി സഹകണ്‍വീനര്‍ അശുതോഷ് റാങ്ക ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ മര്‍ദിക്കുകയും വാഹനങ്ങളുടെ ചില്ലുകള്‍ തകര്‍ക്കുകയും ചെയ്തു.

ആക്രമണത്തിന് പിന്നില്‍ ബി.ജെ.പിയുടെ ഗുണ്ടകളാണെന്ന് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ എക്‌സ്‌പോസ്റ്റില്‍ കുറിച്ചു.

‘രാജസ്ഥാനില്‍ എന്താണ് സംഭവിക്കുന്നത്…അശുതോഷിന്റെയും മറ്റ് സി.ജെ.പി വളണ്ടിയര്‍മാരുടെയും രക്തത്തിന് പിന്നാലെയാണ് ബി.ജെ.പി ഗുണ്ടകള്‍. രാജസ്ഥാനിലെ പൊലീസിന് എങ്ങനെയാണ് ഇത്തരം ആക്രമണങ്ങള്‍ അനുവദിക്കാന്‍ കഴിയുക,’ അഭിജീത്ത് ദീപ്‌കെ പറഞ്ഞു.

സംഭവത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും ഒരാളുടെ കൈക്ക് പൊട്ടലുണ്ടായതായും അശുതോഷ് റാങ്കയും സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞു.

ജയ്പൂരിലെ റാംപുര കന്‍വര്‍പുര ഗ്രാമത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഗ്രാമീണ സര്‍ക്കാര്‍ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുടെ അവസ്ഥ പരിശോധിച്ച് ഇടപെടുന്നതിനായി സി.ജെ.പി നടത്തുന്ന ‘സ്‌കൂള്‍ ഠീക്ക് കരോ’ക്യാമ്പയിന്റെ ഭാഗമായാണ് സി.ജെ.പി സ്‌കൂളിലെത്തിയത്.

എന്നാല്‍ സി.ജെ.പി സംഘത്തെ ബി.ജെ.പി അനുകൂലികള്‍ തടയുകയും സ്ഥലത്ത് സംഘര്‍ഷാവസ്ഥ രൂപപ്പെടുകയുമായിരുന്നു. തുടര്‍ന്ന് സി.ജെ.പി സംഘത്തെ മാറ്റുകയായിരുന്നു. ഇവരുടെ വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സി.ജെ.പി സംഘത്തെ ആക്രമിക്കാന്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നേരത്തെ തന്നെ സ്ഥലത്ത് എത്തിയിരുന്നുവെന്നാണ് അശുതോഷ് റാങ്കയുടെ പ്രതികരണം. സംഘര്‍ഷത്തിനിടെ കല്ലേറുണ്ടായെന്നും പ്രവര്‍ത്തകരുടെ ഫോണുകള്‍ തകര്‍ത്തതായും വാഹനങ്ങളുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘത്തിലെ ഒരു വനിതാ പ്രവര്‍ത്തകയ്ക്കും ആക്രമണത്തില്‍ പരിക്കേറ്റതായി റാങ്ക പറഞ്ഞു. ആക്രമണം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും അശുതോഷ് പറഞ്ഞതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

സംഭവത്തില്‍ പൊലീസ് ഇടപെട്ടെങ്കിലും അക്രമം തടയുന്നതില്‍ പൊലീസ് പരാജയപ്പെട്ടുവെന്നും സി.ജെ.പി നേതാക്കള്‍ ആരോപിച്ചു. സംഭവത്തിന് ഉത്തരവാദികളായവരെ 48 മണിക്കൂറിനകം അറസ്റ്റ് ചെയ്യണമെന്ന് റാങ്ക ആവശ്യപ്പെട്ടു.

നടപടി ഉണ്ടായില്ലെങ്കില്‍ വിദ്യാഭ്യാസ മേഖലയിലെ പ്രതിഷേധം കൂടുതല്‍ ശക്തമാക്കുമെന്നും സംസ്ഥാനതല പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. രാജസ്ഥാന്‍ സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി മദന്‍ ദിലാവറിനെതിരെയും സി.ജെ.പി നേതാക്കള്‍ വിമര്‍ശനം ഉന്നയിച്ചു.

Content Highlights: BJP workers brutally assaulted CJP activists who had arrived to visit a school and smashed their vehicles.

അഞ്ജു ചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം. കാലിക്കറ്റ് പ്രസ്‌ക്ലബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more