ഹൈദരാബാദ്: തെലങ്കാനയില്‍ ബീഫ് കട ബലമായി അടപ്പിച്ച് ബി.ജെ.പി പ്രവര്‍ത്തകന്‍. സ്‌കൂളിന്റെ 100 മീറ്റര്‍ ചുറ്റളവില്‍ മാംസകടകള്‍ പാടില്ലെന്ന് വാദിച്ചായിരുന്നു കടയ്ക്ക് നേരായ യുവാവിന്റെ അതിക്രമം.
ഷെയ്ഖ്‌പേട്ടിലെ ലാലമ്മ ഗാര്‍ഡന്‍സിലെ കൃഷ്ണവേണി ടാലന്റ് സ്‌കൂളിന് സമീപമാണ് കട സ്ഥിതി ചെയ്യുന്നത്. സമ്പത്ത് മുദിരാജ് എന്നയാളാണ് സംഭവത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. കടയടപ്പിക്കുന്നതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
മുദിരാജ് മാംസക്കടയിലെത്തി തൊഴിലാളികളോട് മോശമായി പെരുമാറുകയും കടയുടെ ഷട്ടര്‍ വലിച്ചിടുകയും ചെയ്യുന്നതായി കാണാം. പിന്നാലെ ഇയാള്‍ സ്‌കൂളില്‍ അതിക്രമിച്ച് കയറി ജീവനക്കാരോട് മാംസക്കടയെക്കുറിച്ച് ചോദ്യം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ സംഭവത്തില്‍ ഇത് വരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് ഗൊല്‍ക്കണ്ട പൊലീസ് പറയുന്നു. പരാതി ലഭിച്ചില്ലെങ്കിലും എല്ലാ വിവരങ്ങളും പരിശോധിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും സ്‌കൂളുകള്‍ക്ക് അടുത്ത് പാന്‍ കടകള്‍ നടത്തുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും ഇറച്ചി കടകള്‍ക്ക് അങ്ങനെയൊരു നിരോധനമില്ലെന്നും ടോളിച്ചൗക്കി അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ഹൈദാരാബാദിലെ സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമമാണ് സംഭവമെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുല്‍ പറഞ്ഞു.
Content Highlight: BJP worker forces closure of beef shop in Hyderabad; police say they will take suo motu action.