ധാക്ക: ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ വിജയം നേടി ബി.ജെ.പി. കേള്‍ക്കുമ്പോള്‍ അത്ഭുതം തോന്നുമെങ്കിലും ഈ ബി.ജെ.പി എന്ന ബംഗ്ലാദേശ് ജതിയാ പാര്‍ട്ടിക്ക് ഇന്ത്യയുമായോ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുമായോ ഒരു ബന്ധവുമില്ല.
ബി.ജെ.പിക്ക് വേണ്ടി അഭിഭാഷകനും നിയമാധ്യാപകനുമായ ആന്റലീവ് റഹ്‌മാന്‍ പാര്‍ത്ഥോയാണ് ഭോല-1 മണ്ഡലത്തില്‍ നിന്നും വിജയം സ്വന്തമാക്കിയത്. ഭോലയില്‍ നിന്നും മുമ്പും പാര്‍ത്ഥോ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
പാര്‍ത്ഥോ 1,05543 വോട്ടുകള്‍ നേടിയപ്പോള്‍ മുഖ്യ എതിരാളിയായ ജമാഅത്ത് സ്ഥാനാര്‍ത്ഥി മുഹമ്മദ് നസ്‌റുല്‍ ഇസ്‌ലാം 75337 വോട്ടുകളാണ് നേടിയത്.
മണ്ഡലത്തില്‍ മെഡിക്കല്‍ കോളേജ് സ്ഥാപിക്കും, ഭോല-ബരിഷാല്‍ പാലം, എല്ലാ വീടുകളിലും ഗ്യാസ് കണക്ഷന്‍ എത്തിക്കും എന്നിവയായിരുന്നു പാര്‍ത്ഥോയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍.
മുന്‍പ്രധാനമന്ത്രി ഷേയ്ഖ് ഹസീനയുടെ സര്‍ക്കാരിനെ പ്രക്ഷോഭത്തിലൂടെ പുറത്താക്കിയതിന് ശേഷം നടന്ന ബംഗ്ലാദേശിലെ 13ാം പൊതുതെരഞ്ഞെടുപ്പില്‍ 297 മണ്ഡലങ്ങളിലെ ഫലങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 300 മണ്ഡലങ്ങളാണ് രാജ്യത്തൊട്ടാകെയുള്ളത്.
ബി.എന്‍.പിയും സഖ്യകക്ഷികളും 212 സീറ്റ് നേടി വന്‍ഭൂരിപക്ഷത്തില്‍ ഭരണമുറപ്പിച്ചു. 209 സീറ്റുകള്‍ ബി.എന്‍.പി (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാര്‍ട്ടി) തനിച്ച് നേടി. ബി.എന്‍.പി അധ്യക്ഷനായ താരിഖ് റഹ്‌മാനാണ് ബംഗ്ലാദേശിന്റെ നിയുക്ത പ്രധാനമന്ത്രി.
ഭരണം നേടിയ ബി.എന്‍.പിയുടെ സഖ്യകക്ഷിയാണ് ബംഗ്ലാദേശ് ജതിയാ പാര്‍ട്ടി. ഈ പാര്‍ട്ടിക്ക് പുറമെ ഗാനോസംഹതി ആന്ദോളന്‍, ഗോനോ അധികര്‍ പരിഷത്ത് എന്നീ സഖ്യകക്ഷികളും പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ ഓരോ സീറ്റ് വീതം നേടി.
അതേസമയം തെരഞ്ഞെടുപ്പില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്ന ബംഗ്ലാദേശ് ജമാഅത്തെ ഇസ്‌ലാമി 68 സീറ്റുകളില്‍ ഒതുങ്ങി. സഖ്യകക്ഷികളായ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി (എന്‍.സി.പി) ആറ് സീറ്റുകള്‍ നേടി.
Content Highlight: BJP wins one seat in Bangladesh