| Monday, 4th May 2026, 5:56 pm

ഭരണവിരുദ്ധ തരംഗത്തില്‍ കളം പിടിച്ച് താമരയും; മൂന്നിടങ്ങളില്‍ അക്കൗണ്ട് തുറന്ന് ബി.ജെ.പി

അശ്വിന്‍ രാജേന്ദ്രന്‍

തിരുവനന്തപുരം: കനത്ത ഭരണവിരുദ്ധ വികാരത്തില്‍ സംസ്ഥാനത്ത് നേട്ടം കൊയ്ത് ബി.ജെ.പി. കൊല്ലത്ത് ഒരു മണ്ഡലത്തിലും തിരുവനന്തപുരത്ത് രണ്ട് മണ്ഡലങ്ങളിലുമടക്കം മൂന്ന് സീറ്റുകളിലാണ് ബി.ജെ.പി അക്കൗണ്ട് തുറന്നിരിക്കുന്നത്. 2016ല്‍ നേമത്ത് നിന്നും നിയമസഭയിലെത്തിയ ഒ.രാജഗോപാലന് ശേഷം ആദ്യമായാണ് ബി.ജെ.പിയ്ക്ക് കേരള നിയമസഭയില്‍ അംഗങ്ങളുണ്ടായിരിക്കുന്നത്.

കൊല്ലം ജില്ലയിലെ ചാത്തന്നൂരില്‍ നിന്നും 51923 വോട്ടുകള്‍ നേടിയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ബി.ബി. ഗോപകുമാര്‍ നിയമസഭയിലേക്ക് യോഗ്യത നേടിയിരിക്കുന്നത്. സി.പി.ഐയുടെ അഡ്വ.ആര്‍ രാജേന്ദ്രനെക്കാള്‍ 4398 വോട്ടുകളാണ് ഗോപകുമാറിന് ഭൂരിപക്ഷമായി ലഭിച്ചിട്ടുള്ളത്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിക്ക് 47525 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മൂന്നാം സ്ഥാനത്തെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൂരജ് രവിക്ക് 35276 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.

ബി.ബി. ഗോപകുമാര്‍.

കഴിഞ്ഞ മൂന്ന് നിയമസഭാ തെരഞ്ഞെടുകളില്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ച സി.പി.ഐയുടെ കുത്തക അവസാനിപ്പിച്ചുകൊണ്ടാണ് ബി.ജെ.പി മണ്ഡലത്തില്‍ വിജയം സ്വന്തമാക്കിയതെന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നു. 2001ല്‍ 11206 വോട്ടുകള്‍ക്കായിരുന്നു ബി.ബി.ഗോപകുമാര്‍ സി.പി.ഐ സ്ഥാനാര്‍ത്ഥിയായ ജി.എസ്. ജയ്‌ലാലിനോട് പരാജയമേറ്റ് വാങ്ങിയിരുന്നത്.

ശക്തമായ ത്രികോണ പോരാട്ടം നടന്ന തിരുവനന്തപുരം ജില്ലയിലെ നേമമാണ് ബി.ജെ.പിയ്ക്ക് നേട്ടമുണ്ടാക്കി നല്‍കിയ രണ്ടാമത്തെ മണ്ഡലം. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖരന്‍ മത്സരിച്ച സീറ്റില്‍ 57192 വോട്ടുകള്‍ നേടിയാണ് പാര്‍ട്ടി വിജയക്കൊടി പാറിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തെത്തിയ മുന്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയെക്കാള്‍ 4978 വോട്ടുകളാണ് രാജീവിന് ഭൂരിപക്ഷമായി ലഭിച്ചിരിക്കുന്നത്. സി.പി.ഐ.എം സ്ഥാനാര്‍ത്ഥിക്ക് 52214 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 29730 വോട്ടുകളുമായി കോണ്‍ഗ്രസിന്റെ കെ.എസ്.ശബരീനാഥനാണ് മൂന്നാം സ്ഥാനം.

തദ്ദേശതെരഞ്ഞെടുപ്പില്‍ ബി.ജെ.പി കാര്യമായ ചലനം സൃഷ്ടിച്ച മണ്ഡലത്തിന് 2016ല്‍ കേരള ചരിത്രത്തിലാദ്യമായി ഒ. രാജഗോപാലനിലൂടെ ബി.ജെ.പി അക്കൗണ്ട് തുറന്ന സീറ്റെന്ന പ്രത്യേകതയുമുണ്ട്.

രാജീവ് ചന്ദ്രശേഖരന്‍

ത്രസിപ്പിക്കുന്ന ഫോട്ടോഫിനിഷിങ്ങിലൂടെയാണ് തിരുവനന്തപുരം ജില്ലയിലെ തന്നെ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തില്‍ ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്തിയുമായ വി.മുരളീധരന്‍ വിജയം നേടിയത്. 46564 വോട്ടുകള്‍ നേടിയ വി.മുരളീധരന് 428 വോട്ടുകളാണ് മണ്ഡലത്തില്‍ ഭൂരിപക്ഷമായി ലഭിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തെത്തിയ സി.പി.ഐ.എം സ്ഥാനാര്‍ത്ഥിയും മുന്‍ ദേവസ്വം മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രന് 46163 വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്.

പശ്ചിമ ബംഗാളിലും, അസ്സമിലും വമ്പന്‍ വിജയം നേടിയതുമായി ബന്ധപ്പെടുത്തുമ്പോള്‍ സംസ്ഥാനത്തെ സീറ്റ് നേട്ടം നിസാരമാണെങ്കിലും പൂജ്യത്തില്‍ നിന്നും മൂന്നിലേക്ക് സീറ്റുയര്‍ത്തിയ ബി.ജെ.പി കേരള ഘടകത്തിന് വലിയ ആഹ്ലാദത്തിന് ഫലം വകനല്‍കുന്നു.

Content Highlight: BJP Wins in 3  seats in Kerala legislative assembly creating history

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more