| Tuesday, 10th November 2026, 12:59 pm

സർക്കാർ ചടങ്ങുകൾ ഹൈജാക്ക് ചെയ്യാൻ ബി.ജെ.പിയെ അനുവദിക്കില്ല: കെ. മുരളീധരൻ

ശ്രീലക്ഷ്മി പി.പി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ പ്രോട്ടോക്കോൾ ലംഘിച്ച് വന്ദേമാതരം ആലപിച്ച് ബി.ജെ.പി രാഷ്ട്രീയ അജണ്ട നടപ്പാക്കാനും ചടങ്ങുകൾ ഹൈജാക്ക് ചെയ്യാനും ശ്രമിച്ചാൽ വെച്ചുപൊറുപ്പിക്കില്ലെന്ന് കെ. മുരളീധരൻ.

കാസർഗോഡ് മുള്ളേരിയ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ പരിപാടിയിൽ ഈശ്വരപ്രാർത്ഥനയ്ക്ക് പകരം വന്ദേമാതരം പാടിയതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാസർഗോഡ് ഡെവലപ്‌മെന്റ് സ്കീമിന്റെ ഭാഗമായി അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കിയ മുള്ളേരിയ പ്രാഥമിക ആരോഗ്യ കേന്ദ്രം പൂർണമായും സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനമാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയും കുടുംബാരോഗ്യ കേന്ദ്രങ്ങളുടെയും ദൈനംദിന മേൽനോട്ടം പഞ്ചായത്തുകൾക്കാണെങ്കിലും, ഔദ്യോഗിക പരിപാടികൾ നടക്കുമ്പോൾ സംസ്ഥാന സർക്കാരിന്റെ പ്രോട്ടോക്കോളാണ് പാലിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിപാടിയുടെ അജണ്ടയിൽ ‘ഈശ്വരപ്രാർത്ഥന’ എന്നാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ പ്രാർത്ഥന ചൊല്ലാൻ ചുമതലപ്പെടുത്തിയ രണ്ട് പഞ്ചായത്ത് അംഗങ്ങൾ ഇത് ലംഘിച്ച് കേന്ദ്ര സർക്കാരിന്റെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള രീതിയിൽ വന്ദേമാതരം പാടുകയായിരുന്നു. പഞ്ചായത്തിന്റെയോ കോർപ്പറേഷന്റെയോ സ്വന്തം പരിപാടികളാണെങ്കിൽ അവർക്ക് അവരുടെ നയങ്ങൾ നടപ്പാക്കാം, അതിനോട് സഹകരിക്കാറുമുണ്ട്. എന്നാൽ സംസ്ഥാന സർക്കാരിന്റെ ഒരു ചടങ്ങിൽ പ്രോട്ടോക്കോൾ അട്ടിമറിച്ച് വന്ദേമാതരം ആലപിച്ചത് വ്യക്തമായ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചത് മുതൽ അംഗീകരിച്ചിട്ടുള്ള പൊതു മാനദണ്ഡങ്ങളാണ് സംസ്ഥാന സർക്കാരിന്റെ പരിപാടികളിൽ പിന്തുടരുന്നത്. സ്വാതന്ത്ര്യസമര സേനാനിയുടെ മകനായ തന്നെ ആരും ദേശസ്നേഹം പഠിപ്പിക്കേണ്ടതില്ലെന്നും, സർക്കാരിന്റെ ഔദ്യോഗിക ചടങ്ങുകളിൽ സർക്കാർ പ്രോട്ടോക്കോൾ മാത്രമേ അംഗീകരിക്കാൻ കഴിയൂ എന്നും അദ്ദേഹം വ്യക്തമാക്കി.

സംഭവം സംബന്ധിച്ച് ജില്ലാ കളക്ടറോട് കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ടെന്നും, പ്രോട്ടോക്കോൾ ലംഘനത്തിനെതിരായ സർക്കാരിന്റെ പ്രതിഷേധം ഔദ്യോഗികമായി രേഖപ്പെടുത്തുമെന്നും ഭാവിയിലും ഇത്തരം പ്രവണതകൾ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight:BJP will not be allowed to hijack government functions: K. Muraleedharan.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more