ഗുണ്ടൂര്‍: തന്റെ പാര്‍ട്ടി 2023ലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഭേദഗതിയെ പിന്തുണച്ചതില്‍ ഖേദിക്കുന്നുവെന്ന് വൈ.എസ്.ആര് കോണ്‍ഗ്രസ് നേതാവും മുന്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ വൈ.എസ്. ജഗന്മോഹന് റെഡ്ഡി. ഞായറാഴ്ച ഗുണ്ടൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നവരെ തീരുമാനിക്കുന്നതില്‍ ഒരിക്കലും ഭരിക്കുന്ന പാര്‍ട്ടിയ്ക്ക് മേല്‍ക്കൈ ഉണ്ടാവരുതെന്ന് പറഞ്ഞ ജഗന്മോഹന് നിഷ്പക്ഷമായ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കാന്‍ നിയമനരീതിയില്‍ പരിഷ്കാരങ്ങള്‍ വേണമെന്നും ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതിന് പ്രധാനമന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് , പ്രതിപക്ഷനേതാവ് എന്നിവരടങ്ങളുന്ന പഴയ കമ്മിറ്റി പുനസ്ഥാപിക്കണമെന്നും ജഗന്മോഹന് പറഞ്ഞു.
ഭരണകക്ഷിക്ക് നിയമനങ്ങള്‍ നടത്താന്‍ അനുമതി നല്കുന്ന ഈ നടപടിക്രമത്തെ വൈ.എസ്.ആര് കോണ്‍ഗ്രസ് നേരത്തെ പിന്തുണച്ചിരുന്നുവെന്നും എന്നാല്‍ അന്ന് പാര്‍ട്ടിയ്ക്ക് തെറ്റുപറ്റിയതാണെന്നും ജഗന്മോഹന് പറഞ്ഞു.
‘പരീക്ഷകനെ നിയമിക്കേണ്ടത് വിദ്യാര്‍ഥിയല്ല. നിഷ്പക്ഷമായ രീതിയിലല്ല നിയമനം നടത്തിയതെങ്കില്‍ സത്യസന്ധനായ ഒരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പോലും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും’, ജഗന്മോഹന് കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറുടെ കാര്യത്തിലും ഇതേ നിലപാട് തന്നെയാണ് തനിക്കുള്ളതെന്ന് പറഞ്ഞ ജഗന്മോഹന് മുഖ്യമന്ത്രിയോ ഭരിക്കുന്ന സര്‍ക്കാരോ നിയമന നടപടികള്‍ നിയന്ത്രിക്കരുതെന്ന് ആവശ്യപ്പെട്ടു.
ആന്ധ്രാപ്രദേശില്‍ നടക്കുന്ന തദ്ദേശതെരഞ്ഞെടുപ്പില്‍ ടി.ഡി.പി നേതൃത്വം നല്കുന്ന എന്‍.ഡി.എ തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികളെ നാമനിര്‍ദേശപത്രിക പോലും നല്കാന് സമ്മതിക്കാതെ ജനാധിപത്യത്തെ വെല്ലുവിളിക്കുകയാണെന്ന് ജഗന്മോഹന് പറഞ്ഞു. നാമനിര്‍ദേശപത്രികകള്‍ തട്ടിയെടുക്കുകയും പാര്‍ട്ടി പ്രവര്‍ത്തകരെ ആക്രമിക്കുകയും സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തിട്ടും പൊലീസും അധികൃതരും നടപടി എടുക്കുന്നില്ലെന്നും ജഗന്മോഹന് പറഞ്ഞു.
സുതാര്യവും നീതിപൂര്‍വവുമായ തെരഞ്ഞടുപ്പ് നടക്കണമെങ്കില്‍ കേന്ദ്രസേനയെ സംസ്ഥാനത്ത് വിന്യസിക്കണമെന്നും ജഗന്മോഹന് ആവശ്യപ്പെട്ടു. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ആന്ധ്രാപ്രദേശിലെ തദ്ദേശതെരഞ്ഞെടുപ്പ്.
Content Highlight: BJP wary as YSRCP’s Jagan Mohan Reddy hints at shift towards INDIA bloc in Andhra Pradesh