| Friday, 17th April 2026, 4:37 pm

സ്ത്രീകളെ ബി.ജെ.പി 'മനുഷ്യകവചമാക്കുന്നു': മണ്ഡല പുനര്‍നിര്‍ണ്ണയം വലിയ രാഷ്ട്രീയ കെണി: കനിമൊഴി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മണ്ഡല പുനര്‍ നിര്‍ണ്ണയത്തെയും വനിതാ സംവരണ ഭേദഗതിയെയും ബന്ധിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഡി.എം.കെ എം.പി കനിമൊഴി കരുണാനിധി.

വനിതാ സംവരണ ബില്ലിന്റെ മറവില്‍ ബി.ജെ.പി സ്ത്രീകളെ ‘മനുഷ്യകവചമായി’ ഉപയോഗിക്കുകയാണെന്നും ഇതൊരു വലിയ രാഷ്ട്രീയ കെണിയാണെന്നും അവര്‍ ആരോപിച്ചു.

ലോക്സഭയിലെ ചര്‍ച്ചയില്‍ കറുത്ത സാരി ധരിച്ചെത്തി പ്രതിഷേധിച്ച കനിമൊഴി, അതിര്‍ത്തി നിര്‍ണ്ണയ നീക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ കൂട്ടായ വിലപേശല്‍ ശക്തിയെ തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

ഡി.എം.കെ എം.പിമാരുടെ പ്രതിഷേധത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ‘കാല-ടിക്ക’ (കറുത്ത പൊട്ട്) പരാമര്‍ശത്തിന് കനിമൊഴി ശക്തമായ മറുപടി നല്‍കി.

‘ഹിന്ദുത്വത്തെ പ്രതിരോധിക്കുന്നവര്‍ക്ക് കറുത്ത വസ്ത്രം ധരിച്ച ഇരുണ്ട ദേവതയായ കാളിയെ ഓര്‍മ്മ വരാത്തതില്‍ അത്ഭുതമുണ്ട്. കറുപ്പ് കാളി ദേവിയുടെ നിറമാണ്. അവസാനം വരെ പോരാടാന്‍ ഞങ്ങളെ പഠിപ്പിച്ച ഡി.എം.കെയുടെ സമുന്നത നേതാവ് പെരിയാറിന്റെ നിറവും കറുപ്പാണ്. ഈ വിഷയത്തില്‍ അവസാന ശ്വാസം വരെ ഡി.എം.കെ പ്രതിഷേധിക്കും,’ കനിമൊഴി വ്യക്തമാക്കി.

ജനസംഖ്യാടിസ്ഥാനത്തിലുള്ള അതിര്‍ത്തി നിര്‍ണ്ണയം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോടുള്ള കടുത്ത അനീതിയാണെന്ന് കനിമൊഴി ചൂണ്ടിക്കാട്ടി. കേന്ദ്ര സര്‍ക്കാര്‍ ആഹ്വാനം ചെയ്ത പ്രകാരം ജനസംഖ്യ വിജയകരമായി നിയന്ത്രിച്ച സംസ്ഥാനങ്ങളെ ഇപ്പോള്‍ സീറ്റുകള്‍ കുറച്ചുകൊണ്ട് ശിക്ഷിക്കുകയാണെന്നും അവര്‍ പറഞ്ഞു.

തമിഴ്‌നാട് അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉയര്‍ന്ന സാക്ഷരതയും കുറഞ്ഞ പ്രജനന നിരക്കും (1.6) കൈവരിച്ചു. ഇത് വികസന മാതൃകയാണ്.

പുതിയ സെന്‍സസ് പ്രകാരം അതിര്‍ത്തി നിര്‍ണ്ണയിച്ചാല്‍ ഉത്തര്‍പ്രദേശിന് 13 സീറ്റുകള്‍ ലഭിക്കുമ്പോള്‍ തമിഴ്‌നാടിന് 11 സീറ്റുകള്‍ നഷ്ടമാകുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

വനിതാ സംവരണ നിയമം വിജ്ഞാപനം ചെയ്ത സമയക്രമത്തെയും കനിമൊഴി ചോദ്യം ചെയ്തു. നിയമം നേരത്തെ പ്രാബല്യത്തില്‍ വന്നിട്ടുണ്ടെങ്കില്‍ പിന്നെ എന്തിനാണ് ഈ ചര്‍ച്ചയെന്നും അവര്‍ ചോദിച്ചു.

‘ഇതൊരു തെരഞ്ഞെടുപ്പ് രക്ഷപ്പെടലാണ്. ഫെഡറല്‍ ഘടനയ്‌ക്കെതിരായ ഏറ്റവും വലിയ ആക്രമണമാണ് നടക്കുന്നത്. 850 സീറ്റുകളിലേക്ക് ലോക്സഭയെ മാറ്റേണ്ട സാഹചര്യം എന്താണ്? ഇത് ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് സ്വന്തം അജണ്ട നടപ്പിലാക്കാനുള്ള നീക്കമാണ്,’ അവര്‍ പറഞ്ഞു.

‘രാജ്യത്തെ ജനസംഖ്യാശാസ്ത്രം മാറിയെന്ന് കേന്ദ്രം അവകാശപ്പെടുമ്പോഴും, അതിര്‍ത്തി നിര്‍ണ്ണയത്തിനായി 15 വര്‍ഷം പഴക്കമുള്ള 2011-ലെ സെന്‍സസ് കണക്കുകളെ ആശ്രയിക്കുന്നത് സര്‍ക്കാരിന്റെ വൈരുദ്ധ്യമാണ് വെളിപ്പെടുത്തുന്നത്. ഈ നീക്കം തീര്‍ത്തും പരസ്പരവിരുദ്ധമാണ്. സഭയിലെ അംഗങ്ങളുടെ എണ്ണം അനിയന്ത്രിതമായി വര്‍ദ്ധിപ്പിക്കുന്നത് മിക്ക എം.പിമാര്‍ക്കും പാര്‍ലമെന്റില്‍ സംസാരിക്കാനുള്ള അവസരം പോലും നഷ്ടപ്പെടുത്താന്‍ ഇടയാക്കും,’ കനിമൊഴി കൂട്ടിച്ചേര്‍ത്തു.

അതിര്‍ത്തി നിര്‍ണ്ണയ കമ്മീഷനെ നിയമിക്കുന്ന രീതിയെയും അവര്‍ പ്രസംഗത്തില്‍ വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസുമായോ സംസ്ഥാനങ്ങളുമായോ പാര്‍ലമെന്റുമായോ കൂടിയാലോചനയില്ലാതെ സര്‍ക്കാര്‍ നേരിട്ടാണ് വിരമിച്ച ജഡ്ജിയെ അധ്യക്ഷനായി നിയമിക്കുന്നത്.

സംസ്ഥാന പ്രതിനിധികള്‍ക്ക് ‘അസോസിയേറ്റ് അംഗങ്ങള്‍’ എന്ന പദവി മാത്രമാണ് നല്‍കുന്നത്. അവര്‍ക്ക് വോട്ടുചെയ്യാനോ ഒപ്പിടാനോ അവകാശമില്ല. കാഴ്ചക്കാരായി ഇരിക്കാന്‍ മാത്രമേ അവര്‍ക്ക് കഴിയൂ, കനിമൊഴി പറഞ്ഞു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കില്ലെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഉറപ്പ് ഭരണഘടനാ ഭേദഗതി ബില്ലിന് വിരുദ്ധമാണെന്നും കനിമൊഴി ചൂണ്ടിക്കാട്ടി.

നീതി എന്നത് എല്ലാവര്‍ക്കും ഒരുപോലെ നല്‍കുന്നതല്ല, മറിച്ച് അര്‍ഹിക്കുന്നവര്‍ക്ക് അവര്‍ക്ക് ആവശ്യമുള്ളത് നല്‍കുന്നതാണെന്ന പെരിയാറിന്റെ വാക്കുകള്‍ ഉദ്ധരിച്ചാണ് കനിമൊഴി തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

Content Highlight: BJP ‘using women as human shield’ for delimitation: Kanimozhi calls move ‘electoral escape’ in LS

We use cookies to give you the best possible experience. Learn more