ബെംഗളൂരു: കര്‍ണാടകയില്‍ ഗണേശോത്സവുമായി ബന്ധപ്പെട്ട് അശാന്തിയുണ്ടാക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. ഈ വിഷയത്തില്‍ സര്‍ക്കാരിനെതിരെ ബി.ജെ.പി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെറ്റെന്നും അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
അശാന്തി സൃഷ്ടിക്കാനാണ് ബി.ജെ.പി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അനാവശ്യമായി അസ്വസ്ഥത സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അതിനാല്‍, പൊലീസിനോട് ജാഗ്രത പാലിക്കാന്‍ ഞങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ശിവകുമാര്‍ പറഞ്ഞു.
ഗണേശോത്സവ ഘോഷയാത്രകള്‍ക്ക് പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്നതടക്കമുള്ള ബി.ജെ.പിയുടെ ആരോപണങ്ങള്‍ തള്ളുന്നതായും ശിവകുമാര്‍ വ്യക്തമാക്കി. ഗണേശോത്സവ ആഘോഷങ്ങളുടെ പേരില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ആളുകളെ ഉപദ്രവിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആര്‍ അശോകന്‍ ആരോപിച്ചിരുന്നു.
തങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തുന്നില്ലെന്ന് ശിവകുമാര്‍ പറഞ്ഞു. ബി.ജെ.പി സാമൂഹിക വിരുദ്ധരെ ഉപയോഗിച്ച് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ട്. അതെല്ലാം തങ്ങള്‍ക്കും അറിയാം. അവര്‍ എന്ത് വേണമെങ്കിലും ചെയ്യട്ടെയെന്നും ശിവകുമാര്‍ അഭിപ്രായപ്പെട്ടു.
ഗണേശോത്സവം വളരെ സമാധാനപരമായി ആഘോഷിക്കേണ്ടതുണ്ട്. ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കണം. തലയ്ക്ക് മുകളിലുള്ള പോസ്റ്റുകളുടെയും വയറുകളുടെയും കാര്യം മുതല്‍ അച്ചടക്കവും ആവശ്യമായ രേഖകളും വരെ എല്ലാം കൃത്യമായിരിക്കണം. ഇതിന്റെ നടപടിക്രമങ്ങള്‍ പാലിക്കപ്പെടണമെന്നും ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മൈസൂരു ജില്ലയിലെ ടി. നരസിപുരയില്‍ പള്ളികള്‍ക്ക് മുന്നിലൂടെ ഘോഷയാത്ര നടത്തുകയോ പടക്കം പൊട്ടിക്കുകയോ ചെയ്യരുതെന്ന് പൊലീസ് ഭക്തരോട് ആവശ്യപ്പെട്ടതായി പ്രതിപക്ഷ നേതാവ് അശോക ആരോപിച്ചിരുന്നു. ‘ഹിന്ദുക്കള്‍ക്ക് സ്വന്തം രാജ്യത്ത് പരസ്യമായും ഭക്തിപൂര്‍വ്വവും ഗണേശോത്സവം ആഘോഷിക്കാന്‍ കഴിയില്ലെന്ന് പറയുകയാണെങ്കില്‍, ഈ സര്‍ക്കാരിനോട് നമ്മള്‍ എന്ത് പറയാനാണ്,’ എന്നും അശോക പറഞ്ഞിരുന്നു.
പള്ളികള്‍ക്ക് സമീപം ഗണേശ ഘോഷയാത്രകളെ എന്തിനാണ് എതിര്‍ക്കുന്നതെന്നും ബി.ജെ.പി നേതാവ് ചോദിച്ചിരുന്നു. ഗണപതി ഉത്സവം തങ്ങളുടെ രക്തത്തിലലിഞ്ഞ കാര്യമാണെന്നും കോണ്‍ഗ്രസ് സര്‍ക്കാര്‍ എന്ത് ചെയ്താലും അത് ആഘോഷിക്കുമെന്നും അശോക പറഞ്ഞിരുന്നു.
ഗണേശോത്സവം ഏതെങ്കിലും ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടേതല്ലെന്ന് ബി.ജെ.പി നേതാവിന്റെ ആരോപണങ്ങളോട് മുഖ്യമന്ത്രി പ്രതികരിച്ചു. ‘ഗണേശന്‍ ആരുടെയും സ്വത്തല്ല. ബി.ജെ.പിയുടെ സ്വത്തുമല്ല. അദ്ദേഹം എല്ലാവരുടേതുമാണ്,’ ശിവകുമാര്‍ പറഞ്ഞു. ഗണേശോത്സവത്തിന് സര്‍ക്കാര്‍ അവധി നല്‍കുകയും ആഘോഷങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി. നരസിപുരയില്‍ ഗണേശോത്സവ ഘോഷയാത്രകള്‍ക്ക് പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന പാതകശളില്‍ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് മൈസൂരു പൊലീസ് അറിയിച്ചിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ സുഗമമാക്കുന്നതിന് വിഗ്രഹ സ്ഥലങ്ങള്‍, ഘോഷയാത്ര, നിമഞ്ജന സമയം, വഴികള്‍ എന്നിവയുടെ വിശദാംശങ്ങള്‍ നല്‍കാന്‍ സംഘാടകരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മൈസൂര്‍ പൊലീസ് വ്യക്തമാക്കി.
ടി. നരസിപ്പൂരില്‍ ഗണേശ ചതുര്‍ത്ഥി ഘോഷയാത്രയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുടെ പേരില്‍ പോലീസ് സ്റ്റേഷന്‍ ആക്രമിക്കുമെന്ന് ബി.ജെ.പി ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെത്തുടര്‍ന്ന് ജാഗ്രത പാലിക്കാന്‍ മുഖ്യമന്ത്രി പോലീസിന് നിര്‍ദ്ദേശം നല്‍കി.കര്‍ണാടകയില്‍ തിങ്കളാഴ്ചയാണ് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ ആരംഭിച്ചത്.
ഘോഷയാത്രയെച്ചൊല്ലി പ്രതിപക്ഷ നേതാവ് ആര്‍. അശോകയും ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാര്‍ഗെയും തമ്മില്‍ വാക്‌പോര് നടന്നിരുന്നു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ തടയാനുള്ള ശ്രമങ്ങളുടെ പേരില്‍ പോലീസിനെതിരെ അശോക കാണിക്കുന്ന ‘അഹങ്കാരവും അധിക്ഷേപവും’ വെച്ചുപൊറുപ്പിക്കില്ലെന്ന് ഖാര്‍ഗെ പറഞ്ഞിരുന്നു. ക്രമസമാധാനം നിലനിര്‍ത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlight: BJP Using Anti-Social Elements to Communalise Ganesh Utsav: DK Shivakumar