ന്യൂദല്‍ഹി: 2024 നവംബറില്‍ നടന്ന മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ബി.ജെ.പി വിജയം ലക്ഷ്യമിട്ട് ഒത്തുകളിക്കുകയാണെന്നും സംസ്ഥാനത്തെ ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാണ് ബി.ജെ.പി നേതൃത്വം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബി.ജെ.പി നേതൃത്വത്തിലുള്ള നാഷണല്‍ ഡെമോക്രാറ്റിക് അലയന്‍സ് അഞ്ച് ഘടങ്ങളുള്ള ഒരു മാതൃകയാണ് അട്ടിമറിക്കാന്‍ വേണ്ടി ഉപയോഗിച്ചതെന്നും അദ്ദേഹം പറഞ്ഞു. ദി ഇന്ത്യന്‍ എക്‌സ്പ്രസിലെഴുതിയ ലേഖനത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിനുള്ള പാനലിനെ പരിശോധിക്കല്‍, വ്യാജ വോട്ടര്‍മാരെ പട്ടികയില്‍ ചേര്‍ക്കുക, വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, ബി.ജെ.പി വിജയിക്കേണ്ട സ്ഥലത്ത് കൃത്യമായി വ്യാജ വോട്ടിങ് ലക്ഷ്യമിടുന്നു, തെളിവുകള്‍ മറയ്ക്കുക തുടങ്ങിയ ഘട്ടങ്ങളായിരുന്നു അഞ്ചെണ്ണമെന്നാണ് രാഹുല്‍ ഗാന്ധി പറയുന്നത്.
ചെറിയ തോതിലുള്ള വഞ്ചനയെ കുറിച്ചല്ല താന്‍ പറയുന്നതെന്നും മറിച്ച് നമ്മുടെ ദേശീയ ഇന്‍സ്റ്റിറ്റിയൂഷനുകളെ പിടിച്ചെടുക്കുന്നതുള്‍പ്പെടെ വലിയ കൃത്രിമത്വത്തിലേക്കാണ് നയിച്ചിട്ടുള്ളതെന്നും രാഹുല്‍ ഗാന്ധി ലേഖനത്തില്‍ പറയുന്നു. തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കുന്നതിലുള്‍പ്പെടെ കൃത്രിമത്വം കാട്ടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം രാഹുല്‍ ഗാന്ധിയുടെ വാദം അപമാനകരമാണെന്നാണ് ബി.ജെ.പി വിശേഷിപ്പിക്കുന്നത്. രാജ്യത്തിന്റെ ഇന്‍സ്റ്റിറ്റിയൂഷനുകളെ അപമാനിക്കുന്ന തരത്തിലുള്ള വിഡ്ഢിത്തങ്ങളിലേക്കാണ് അദ്ദേഹം കടക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചു.
മഹാരാഷ്ട്രയില്‍ 145 സീറ്റില്‍ മത്സരിച്ച ബി.ജെ.പി 133 സീറ്റും നേടി. 81 സീറ്റില്‍ മത്സരിച്ച ഷിന്‍ഡെയുടെ ശിവസേന 57 സീറ്റിലും വിജയിച്ചു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി 59ല്‍ 41 സീറ്റിലുമാണ് മത്സരിച്ചത്.
ഉദ്ധവ് താക്കറെയുടെ ശിവസേന 92 സീറ്റില്‍ മത്സരിച്ചെങ്കിലും 20 സീറ്റ് മാത്രമേ നേടാന്‍ കഴിഞ്ഞുള്ളു. 102 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് നേടിയത് 15 സീറ്റും. അതേസമയം 86 സീറ്റില്‍ മത്സരിച്ച അവിഭക്ത എന്‍.സി.പി 10 സീറ്റിലേക്ക് ഒതുങ്ങുകയും ചെയ്തു.
Content Highlight: BJP used five steps to sabotage Maharashtra assembly elections: Rahul Gandhi