കൊല്‍ക്കത്ത: സംസ്ഥാനത്തെ മതസ്ഥാപനങ്ങളിലും പരിസര പ്രദേശങ്ങളിലും രഹസ്യമായി മാംസം വിതറി ബി.ജെ.പിയും ആര്‍.എസ്.എസും വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. “ഇത് ഒരു ഗൂഢാലോചനയാണ്, ആളുകള്‍ക്ക് പണം നല്‍കി ക്ഷേത്രങ്ങളിലും പള്ളികളിലും ഇറച്ചി വിതറാന്‍ ആവശ്യപ്പെടുന്നു. വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ഭാരതീയ ജനതാപാര്‍ട്ടിയുടെയും ആര്‍.എസ്.എസിന്റെയും ബോധപൂര്‍വമായ ശ്രമമാണ്”,മമത പറഞ്ഞു.
“രണ്ട് സമുദായങ്ങള്‍ക്കിടയില്‍ കലാപം ഉണ്ടാക്കാനായാണ് അവര്‍ ഇത് ചെയ്യുന്നത്. രാമ നവമിയില്‍ തന്നെ അവര്‍ ഈ തന്ത്രം പരീക്ഷിക്കുമെന്ന് എനിക്കുറപ്പുണ്ട്. ആരാണ് ഹിന്ദു, ആരാണ് മുസ്‌ലിം എന്ന് വേര്‍തിരിച്ച് കാണേണ്ട ആവശ്യം എനിക്കില്ല. ഞാന്‍ എല്ലാവരേയും അനുകൂലിക്കുന്നു. കുറ്റവാളി കുറ്റവാളി തന്നെയാണ്”, ഝാര്‍ഗ്രാമിലെ ഭരണസമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ രണ്ട് സ്ഥലങ്ങളില്‍ ഇങ്ങനെ സംഭവിച്ചതിനെ തുടര്‍ന്ന് ബി.ജെ.പി.-ആര്‍.എസ്.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി വ്യക്തമാക്കി.
ക്രമസമാധാനം നിലനിര്‍ത്താനുള്ള നടപടികളുമായി ജനങ്ങള്‍ മുന്നോട്ടുവരണമെന്നും പൊലീസ് ജാഗ്രത പാലിക്കണമെന്നും മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നതിനായി തദ്ദേശവാസികളുടെ സഹകരണത്തോടെ സാമൂഹിക വികസന കമ്മറ്റി രൂപീകരിക്കാനും മമത പൊലീസിനോട് ആവശ്യപ്പെട്ടു.