തിരുവനന്തപുരം: ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തിയും നിയമം ലംഘിച്ചും നഗരത്തില്‍ സ്ഥാപിച്ച ഫ്‌ളക്‌സുകള്‍ നീക്കാത്തതിന് കോര്‍പ്പറേഷന്‍ സെക്രട്ടറി ചുമത്തിയ പിഴയടക്കില്ലെന്ന് ബി.ജെ.പി നേതൃത്വം. പിഴ ചുമത്തിയ ഉദ്യോഗസ്ഥയെ ബി.ജെപി നിയന്ത്രണത്തിലുള്ള കോര്‍പ്പറേഷന്‍ ഭരണസമിതി പ്രതികാരബുദ്ധിയോടെ കസേര മാറ്റി നിയമിക്കുകയും ചെയ്തു.
കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തിയപ്പോഴാണ് തലസ്ഥാനനഗരത്തിലെ പല നടപ്പാതകളിലും ഡിവൈഡറുകളിലും അനധികൃതമായി കൂറ്റന്‍ ഫ്‌ളക്‌സ് ബോര്‍ഡുകളും കട്ടൗട്ടുകളും സ്ഥാപിച്ചത്. ഇതിന് പിന്നാലെ ബി.ജെ.പി ജില്ലാ ഭരണസമിതിക്ക് 19.97 ലക്ഷം രൂപ കോര്‍പ്പറേഷന്‍ സെക്രട്ടറി പിഴയിട്ടുകൊണ്ട് നോട്ടീസ് നല്‍കി.
എന്നാല്‍ നോട്ടീസ് നല്‍കി ഒരാഴ്ചക്കകം പിഴയടച്ചില്ലെങ്കില്‍ രണ്ടാമത്തെ നോട്ടീസ് നല്‍കണമെന്നും എന്നിട്ടും മറുപടിയില്ലെങ്കില്‍ ഹിയറിങ്ങിന് ഹാജരാകണമെന്ന് നോട്ടീസ് നല്‍കി ജപ്തിയടക്കമുള്ള നടപടികളിലേക്ക് കടക്കണമെന്നുമാണ് നിയമം. എന്നാല്‍ സംഭവം നടന്ന് 12 ദിവസമായിട്ടും തുടര്‍നടപടികളിലേക്ക് ഇതുവരെ കടന്നിട്ടില്ല.
എന്നാല്‍ തുടര്‍നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന് മേയര്‍ വി.വി. രാജേഷ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തുടര്‍നടപടി സ്വീകരിച്ചാല്‍ സ്ഥാനചലനം അടക്കമുള്ള ഭീഷണിയുണ്ട്. മറ്റ് നടപടികളിലേക്ക് കടക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകാത്തതിന് കാരണം ഈ ഭയമാണ്. അനുമതിയില്ലാതെ ബോര്‍ഡുകള്‍ സ്ഥാപിച്ച് മാര്‍ഗതടസമുണ്ടാക്കിയതില്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.
ഇതിനെത്തുടര്‍ന്നാണ് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയത്. കോടതി ഉത്തരവ് പാലിച്ചുകൊണ്ട് നോട്ടീസ് നല്‍കിയ ജീവനക്കാരിയെ മറ്റൊരു സെക്ഷനിലേക്ക് മാറ്റുകയായിരുന്നു. നഗരത്തിലെ അനധികൃത ബോര്‍ഡുകളും ഫ്‌ളക്‌സുകളും നീക്കാനുള്ള കരാര്‍ സ്വകാര്യ കമ്പനിയെ ഏല്പിച്ചിട്ടുണ്ടെന്നും കോര്‍പ്പറേഷന്‍ അറിയിച്ചു.
തിരുവനന്തപുരം വിമാനത്താവളം മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെയുള്ള ഭാഗത്താണ് നടപ്പാതകളിലും ഡിവൈഡറുകളലുമെല്ലാം അനധികൃതമായി ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. തുടര്‍ന്നാണ് ഈ വിഷയം ഹൈക്കോടതിയുടെ ശ്രദ്ധയില്‍ പെട്ടത്.
Content Highlight: BJP Trivandrum District committee saying they won’t pay fine for Illegal flex