| Tuesday, 17th November 2026, 1:24 pm

അയോധ്യ നമ്മുടേതായി, ഇനി മഥുര; യു.പി തെരഞ്ഞെടുപ്പിൽ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര നിർമാണം പ്രചരണ വിഷയമാക്കാൻ ബി.ജെ.പി

ശ്രീലക്ഷ്മി എ.വി.

മഥുര: വരാനിരിക്കുന്ന ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മഥുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്ര നിർമാണം തെരഞ്ഞെടുപ്പ് പ്രചരണമാക്കാൻ ലക്ഷ്യമിട്ട് ബി.ജെ.പി.

അയോധ്യ നമ്മുടെതായെന്നും ഇനി മഥുരയുടെ ഊഴമാണെന്നും ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രമാക്കുന്നത് നിയമസഭ തെരഞ്ഞെടുപ്പിലെ പ്രധാന വിഷയമാക്കി പ്രചരണം നടത്തുമെന്നും ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

മഥുരയിൽ നടന്ന ബി.ജെ.പിയുടെ ദ്വിദിന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹമിക്കാര്യം പറഞ്ഞത്.

‘അയോധ്യ നമ്മുടേതായി, ഇനി മഥുരയുടെ ഊഴമാണ്. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതുപോലെ മഥുരയിൽ ശ്രീകൃഷ്ണന്റെ ജന്മസ്ഥലത്ത് ക്ഷേത്രം നിർമിക്കാൻ ഇതാണ് ശരിയായ സമയം.’ മൗര്യ പറഞ്ഞു.

നിയമപരമായ നടപടികളിലൂടെയും പരസ്പര സമ്മതത്തോടുകൂടെയും മുന്നോട്ട് പോകാൻ തങ്ങൾ തയ്യാറാണ്. ഉത്തർ പ്രദേശിൽ തെരഞ്ഞെടുപ്പ് സമയത്തെ ഏറ്റവും വലിയ വിഷയം കൃഷ്ണ ക്ഷേത്രമായിരിക്കും. അയോധ്യയിൽ രാമക്ഷേത്രം നിർമിച്ചതുപോലെ ഞങ്ങൾ ഇവിടെയും ക്ഷേത്രം നിർമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1992ൽ ബി.ജെ.പിയുടെ വർഗീയ കൂട്ടം ബാബരി മസ്ജിദ് തകർത്ത് അയോധ്യ രാമക്ഷേത്രം നിർമിച്ചത് അവരുടെ പ്രധാന മത രാഷ്ട്രീയ അജണ്ടകളിൽ ഒന്നായിരുന്നു.

ഇപ്പോൾ മഥുരയിലെ കൃഷ്ണ ജന്മ ഭൂമിക്ക് സമീപമുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് നീക്കം ചെയ്യണമെന്ന ആവശ്യപ്പെട്ടാണ് ബി.ജെ.പിയുടെ ഈ നീക്കം.

ക്ഷേത്ര പരിസരം വികസിപ്പിക്കണമെന്ന ആവശ്യവുമായി പള്ളിക്ക് മേലുള്ള അവകാശ വാദം പിൻവലിക്കാൻ മസ്ജിദ് കമ്മിറ്റിക്ക് മേൽ ബി.ജെ.പി സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും പ്രാദേശിക കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും ഹിന്ദുത്വ സംഘടനകൾ ഇതൊനൊടകം തന്നെ നിരവധി കേസുകൾ ഫയൽ ചെയ്‌തെന്നും റിപ്പോർട്ടുകളുണ്ട്.

ഔറംഗസേബിന്റെ കാലത്ത് കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റെയും ഒരു ഭാഗം തകർത്താണ് പള്ളികൾ നിർമിച്ചതെന്നാണ് ബി.ജെ.പിയുടെ വാദം.

സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ഒരു കൃഷ്ണ ഭക്തനാണെങ്കിൽ ക്ഷേത്ര നിർമാണത്തിനായി ഞങ്ങളോടൊപ്പം ചേർന്ന് കർസേവ ചെയ്യുക. താനും തന്റെ പാർട്ടിയും കൃഷ്ണന്റെ ഉപദേശങ്ങളാണ് പിന്തുടരുന്നതെന്ന് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം പറയാറുണ്ടായിരുന്നു. അദ്ദേഹത്തെ തങ്ങൾ സ്വാഗതം ചെയ്യുന്നുവെന്നും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കേശവ് പ്രസാദ് മൗര്യ പറഞ്ഞു.

Content Highlight: BJP to make the construction of the Sri Krishna Janmabhoomi temple a campaign issue in the UP elections.

ശ്രീലക്ഷ്മി എ.വി.

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more