| Thursday, 25th July 2019, 2:52 pm

അടൂര്‍ ഗോപാലകൃഷ്ണന്റെ വീടിനു മുന്നിലും ജയ് ശ്രീറാം വിളിക്കും; സഹിക്കുന്നില്ലെങ്കില്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ പോകുന്നതാണ് നല്ലതെന്നും ബി.ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ജയ് ശ്രീറാം വിളിച്ച് ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നവര്‍ക്കെതിരെ ‘നിങ്ങള്‍ എന്തു നടപടിയെടുത്തെന്ന് ചോദിച്ച്’ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണന്‍.

അടൂര്‍ ഗോപാലകൃഷ്ണന്റെ വീടിനു മുന്നിലും ജയ് ശ്രീറാം വിളിക്കുമെന്നും ജയ് ശ്രീറാം വിളിക്കുന്നത് കേള്‍ക്കേണ്ടെങ്കില്‍ അടൂരിന് ചന്ദ്രനിലേയ്ക്ക് പോകാമെന്നും ഗോപാലകൃഷ്ണന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

‘ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയില്‍ വിളിച്ചില്ലങ്കില്‍ പിന്നെ എവിടെ വിളിക്കും’- ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ പേര് മാറ്റി അന്യഗ്രഹങ്ങളില്‍ ജീവിക്കാന്‍ പോകുന്നതാണ് നല്ലത്. കൃഷ്ണനും രാമനും ഒന്നാണ്, പര്യായപദങ്ങളാണ്, ഇത് രാമായണ മാസമാണ്.

ഇന്ത്യയിലും അയല്‍ രാജ്യങ്ങളിലും ജയ് ശ്രീറാം വിളി എന്നും ഉയരും. എപ്പോഴും ഉയരും കേള്‍ക്കാന്‍ പറ്റില്ലങ്കില്‍ ശ്രീഹരി കോട്ടയില്‍ പേര് രജിസ്ട്രര്‍ ചെയ്ത് ചന്ദ്രനിലേക്ക് പോകാം.

ഇന്ത്യയില്‍ ജയ് ശ്രീറാം മുഴക്കാന്‍ തന്നെയാണ് ജനങ്ങള്‍ വോട്ട് ചെയ്തത്. ഇനിയും മുഴക്കും വേണ്ടിവന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നിലും വിളിക്കും. അത് ജനാധിപത്യ അവകാശമാണ്. ഇന്ത്യയില്‍ വിളിച്ചില്ലങ്കില്‍ പിന്നെ എവിടെ വിളിക്കും. ഗാന്ധിജി ഇന്ന് ഉണ്ടായിരുന്നെങ്കില്‍ അടൂരിന്റെ വീട്ട് പടിക്കല്‍ ഉപവാസം കിടന്നേനെ.

സര്‍, അങ്ങ് ആദരിക്കപ്പെടേണ്ട സിനിമ സംവിധായകനാണ് പക്ഷെ രാജ്യത്തിന്റെ സംസ്‌കാരത്തെ അപലപിക്കരുത്. ജയ് ശ്രീറാം വിളിച്ചതിന് മമത ഹിന്ദുക്കളെ തടവറയിലിട്ടപ്പോളും. ശരണം വിളിച്ചതിന് പിണറായി 144 പ്രഖ്യാപിച്ച് കേസ്സ് എടുത്തപ്പോളും. സ്വന്തം സഹപാഠിയുടെ നെഞ്ചില്‍ കത്തി ഇറക്കിപ്പോളും താങ്കള്‍ പ്രതികരിച്ചില്ലല്ലൊ. മൗനവൃതത്തിലായിരുന്നൊ.

ഇപ്പോള്‍ ജയ് ശ്രീറാം വിളിക്കെതിരെ പ്രതികരിക്കുന്നത് കിട്ടാത്ത മുന്തിരിയുടെ കയ്പ് കൊണ്ടാണന്ന് അറിയാം, കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഒന്നും കിട്ടാത്തതിനൊ അതൊ കിട്ടാനോ, പരമപുഛത്തോടെ…

ആള്‍ക്കൂട്ട അക്രമണം, മതവിദ്വേഷത്തിന്റെ പേരിലുള്ള ആക്രമണം എന്നിവയില്‍ ആശങ്ക രേഖപ്പെടുത്തി അടൂര്‍ ഗോപാലകൃഷ്ണന്‍, മണി രത്‌നം, അനുരാഗ് കശ്യപ്, അപര്‍ണ സെന്‍, കൊങ്കണ സെന്‍ ശര്‍മ്മ, സൗമിത്ര ചാറ്റര്‍ജി, രേവതി, ശ്യാം ബെനഗല്‍, റിദ്ധി സെന്‍, ബിനായക് സെന്‍ തുടങ്ങിയവരാണ് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

അതേസമയം കത്തയച്ച ബംഗാളി നടന്‍ കൗഷിക് സെന്നിന് വധഭീഷണി മുഴക്കി ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു.

‘ഇന്നലെയാണ് എനിക്ക് അജ്ഞാത നമ്പരില്‍ നിന്നും ഫോണ്‍ സന്ദേശം ലഭിച്ചത്. അസഹിഷ്ണുതയ്ക്കും ആള്‍ക്കൂട്ട അക്രമങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തുന്നത് നിര്‍ത്തണമെന്നായിരുന്നു ആവശ്യം. അല്ലെങ്കില്‍ കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി’- കൗഷിക് പറഞ്ഞിരുന്നു.

‘മുസ്‌ലിങ്ങള്‍, ദളിതര്‍, മറ്റ് ന്യൂനപക്ഷ സമുദായങ്ങള്‍ എന്നിവര്‍ക്കെതിരായ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ എത്രയും പെട്ടെന്ന് ഇല്ലാതാക്കണം. 2016ല്‍ ദളിതര്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് 840ലേറെ കേസുകളാണ് റിപ്പോര്‍ട്ടു ചെയ്തതെന്നും അതില്‍ ശിക്ഷിക്കപ്പെട്ടവരുടെ ശതമാനത്തില്‍ വന്‍ ഇടിവുണ്ടെന്നുമുള്ള ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോയുടെ കണക്കുകള്‍ കണ്ട് ഞങ്ങള്‍ ഞെട്ടിയിരിക്കുകയാണ്.’ സാംസ്‌ക്കാരിക പ്രവര്‍ത്തകരയച്ച കത്തില്‍ പറയുന്നു.

ALSO WATCH

Latest Stories

We use cookies to give you the best possible experience. Learn more