| Thursday, 9th April 2026, 4:48 pm

ഗുജറാത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പിക്ക് കനത്ത പ്രഹരം; അവഗണന മടുത്ത് ഗോത്ര നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍

അനിത സി

അഹമ്മദാബാദ്: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഗുജറാത്തില്‍ ബി.ജെ.പിക്ക് കനത്ത പ്രഹരമായി ദാഹോദില്‍ നിരവധി ഗോത്ര നേതാക്കള്‍ പാര്‍ട്ടി ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദാഹോദിലെ ജില്ലാ പഞ്ചായത്ത് അംഗം മഹേഷ്ഭായ് മച്ചാര്‍, മുന്‍ സര്‍പഞ്ച് ജയന്തിഭായ് ആന്‍ഡര്‍ തുടങ്ങിയ നേതാക്കളുള്‍പ്പെടെ നിരവധി പേരാണ് രാജീവ് ഗാന്ധി ഭവനില്‍ വെച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

ആദിവാസി പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഭരണകക്ഷിയുടെസംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ പ്രവൃത്തിയുള്ള അതൃപ്തിയാണ് ബി.ജെപി വിടാനുള്ള തീരുമാനത്തിന് പിന്നിലെന്ന് നേതാക്കള്‍ പ്രതികരിച്ചു.

ബി.ജെ.പി മന്ത്രിമാരുടെ അഴിമതിയും ആദിവാസി സമൂഹത്തെ നിരന്തരം അരികുവല്‍ക്കരിക്കുന്നതും ശരിക്കും തങ്ങളെ മടുപ്പിച്ചെന്ന് മഹേഷ്ഭായ് മച്ചാര്‍ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങള്‍ യഥാര്‍ത്ഥത്തില്‍ പരിഹരിക്കുന്നതിനായി കോണ്‍ഗ്രസ് പ്രത്യയശാസ്ത്രം സ്വീകരിച്ചിരിക്കുകയാണെന്നും നേതാക്കള്‍ അറിയിച്ചു.

ഗോത്ര നേതാക്കളുടെ ഈ നീക്കത്തെ സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം സ്വാഗതം ചെയ്തു. ബി.ജെ.പി ഭരണത്തിന്‍ കീഴില്‍ ആദിവാസി മേഖല കൂടുതല്‍ നിരാശയിലാണെന്ന് കോണ്‍ഗ്രസ് മീഡിയ കണ്‍വീനര്‍ ഡോ. മനീഷ് ദോഷി പറഞ്ഞു.

ബി.ജെ.പി ആദിവാസി സമൂഹത്തിന്റെ വനഭൂമി, വിദ്യാഭ്യാസം, തൊഴില്‍ എന്നിവയ്ക്കുള്ള അവകാശങ്ങള്‍ വ്യവസ്ഥാപിതമായി ഇല്ലാതാക്കിയെന്നും ഛോട്ടാ ഉദേപൂരിലെ വ്യാജ ഓഫീസ് മുതല്‍ ദാഹോദിലെ ആദിവാസി ഉപപദ്ധതി ഫണ്ടുകളുടെ തട്ടിപ്പ് വരെയുള്ള സര്‍ക്കാരിന്റെ കൊള്ളയടിയും മനീഷ് ദോഷി ചൂണ്ടിക്കാണിച്ചു.

ഗുജറാത്തില്‍ ശക്തി കുറയുന്ന കോണ്‍ഗ്രസിന് ആദിവാസി നേതാക്കളുടെ പാര്‍ട്ടി പ്രവേശനം ഊര്‍ജമായി മാറി. സംസ്ഥാനത്തെ ബി.ജെ.പിയുടെ കെടുകാര്യസ്ഥതയും ആദിവാസി അവകാശങ്ങളെ സംബന്ധിച്ചുള്ള പരാതികളും ഉള്‍ക്കൊള്ളിച്ച് കോണ്‍ഗ്രസ് നവസാരിയില്‍ പ്രാദേശിക ‘പീപ്പിള്‍സ് മാനിഫെസ്റ്റോ’ പുറത്തിറക്കുകയും ചെയ്തു.

റോഡ് നിര്‍മാണത്തിലെ അഴിമതി കുറക്കാനായി കോണ്‍ട്രാക്ടര്‍മാരെയും ഉദ്യോഗസ്ഥരെയും ഉത്തരവാദിത്തം കര്‍ശനമാക്കാനായി ‘ജനത ഓഡിറ്റ്’ ആണ് ഇതില്‍ ഏറ്റവും പ്രധാന്യം നല്‍കിയിരിക്കുന്ന പ്രകടന പത്രികയിലെ വാഗ്ദാനം.

മുനിസിപ്പല്‍ സ്‌കൂളുകള്‍ നവീകരിക്കുക, 24/7 വാര്‍ഡ് തലത്തിലുള്ള ആരോഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, സ്ത്രീകള്‍ക്ക് സൗജന്യ സിറ്റി ബസ് യാത്ര നല്‍കുക എന്നിവയാണ് മറ്റ് പ്രധാന വാഗ്ദാനങ്ങള്‍.

ഗുജറാത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 26 ന് നടക്കും. വോട്ടെണ്ണല്‍ ഏപ്രില്‍ 28 നായിരിക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.

പതിനഞ്ച് മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 84 എണ്‍പത്തിനാല് മുനിസിപ്പാലിറ്റികള്‍, 34 ജില്ലാ പഞ്ചായത്തുകള്‍, 260 താലൂക്ക് പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുകയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ്. മുരളി കൃഷ്ണ മാധ്യമങ്ങളെ അറിയിച്ചു. 11 മുനിസിപ്പാലിറ്റികളിലെ 13 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പും നടക്കും.

നാമനിര്‍ദേശ പത്രിക സ്വീകരിക്കുന്നത് ഏപ്രില്‍ 6 ന് ആരംഭിക്കും, പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ 11 ആണ്. ഏപ്രില്‍ 13 ന് സൂക്ഷ്മപരിശോധന നടക്കും, ഏപ്രില്‍ 15 വരെ സ്ഥാനാര്‍ത്ഥികള്‍ക്ക് പത്രിക പിന്‍വലിക്കാം.

Content Highlight: fed up with neglect: BJP suffers major blow ahead of Gujarat local body elections; tribal leaders join Congress

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more