| Friday, 22nd August 2025, 1:50 pm

'എന്താണ് തെറ്റ്'; തൃശൂര്‍ മണ്ഡലത്തില്‍ വോട്ട് ചേര്‍ത്തെന്ന് സമ്മതിച്ച് ബി. ഗോപാലകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: തൃശൂര്‍ മണ്ഡലത്തിന് ജയിക്കാന്‍ വേണ്ടി പുറത്തുള്ളവരുടെ വോട്ട് ചേര്‍ത്തിട്ടുണ്ടെന്ന് സമ്മതിച്ച് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍. ഒരു വര്‍ഷം മുമ്പ് അങ്ങനെ ആളുകളെ കൊണ്ടുവന്ന് വോട്ട് ചേര്‍ക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് ഗോപാലകൃഷ്ണന്‍ ചോദിച്ചു. ജയിക്കാന്‍ വേണ്ടി ഇനിയും അങ്ങനെ വോട്ട് ചേര്‍ക്കുമെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

അതേസമയം വോട്ട് ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ സി.പി.ഐ.എമ്മും കോണ്‍ഗ്രസും രംഗത്ത് വന്നിരുന്നു. വോട്ട് ചോരി വിവാദത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും അദ്ദേഹത്തിന്റെ പങ്കാളി റാണിക്കും ഒരേസമയം കൊല്ലത്തും തൃശൂരും വോട്ടുള്ളതായി കണ്ടെത്തിയിരുന്നു.

ലക്ഷ്മി നിവാസ് എന്ന സുരേഷ് ഗോപിയുടെ കുടുംബ വീടിന്റെ അഡ്രസ്സിലാണ് കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ ഇരവിപുരം നിയോജകമണ്ഡലത്തിലെ 84ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ പട്ടികയില്‍ ഇരുവരുടെയും പേരുകളുള്ളത്.

തൃശൂരില്‍ സുരേഷ് ഗോപിയുടെ ഭാരത് ഹെറിറ്റേജ് വീടിന്റെ മേല്‍വിലാസത്തിലാണ് സുഭാഷ് ഗോപിയുടെയും റാണിയുടേയും പേര് ചേര്‍ത്തിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് തൃശൂരിലെ യു.ഡി.എഫ്/എല്‍.ഡി.എഫ് മുന്നണികള്‍ സുരേഷ് ഗോപിക്കെതിരായ പ്രതിഷേധം കനപ്പിച്ചിട്ടുണ്ട്.

എന്നാല്‍ ഈ വിവാദങ്ങളില്‍ ഒന്നും തന്നെ വ്യക്തമായ ഒരു വിശദീകരണം നല്‍കാന്‍ സുരേഷ് ഗോപി ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടയിലാണ് വിഷയത്തില്‍ പ്രതികരണവുമായി ബി. ഗോപാലകൃഷ്ണന്‍ എത്തുന്നത്.

താന്‍ മന്ത്രിയാണെന്നും ആ ഉത്തരവാദിത്തം കാണിച്ചുവെന്നും കൂടുതല്‍ ചോദ്യങ്ങളുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിക്കാമെന്നുമാണ് സുരേഷ് ഗോപി പ്രതികരിച്ചത്. അതുമല്ലെങ്കില്‍ കേസ് സുപ്രീം കോടതിയിലെത്തുമ്പോള്‍ അവിടെ ചോദിക്കാമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു.

Content Highlight: BJP state vice president B. Gopalakrishnan admits that outside votes were added to win the Thrissur constituency

We use cookies to give you the best possible experience. Learn more