| Sunday, 12th January 2025, 9:19 pm

ദൽഹിയിലെ റോഡെന്ന വ്യാജേന ഹരിയാനയിലെ റോഡിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; ബി.ജെ.പിക്ക് തിരിച്ചടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ദൽഹിയിലെ റോഡെന്ന വ്യാജേന ഹരിയാനയിലെ റോഡിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച് ബി.ജെ.പി. ആം ആദ്മി പാർട്ടി സർക്കാരിന് കീഴിൽ ദൽഹി റോഡുകളും ഡ്രെയിനേജ് സംവിധാനങ്ങളും ശോചനീയാവസ്ഥയിലാണെന്ന് കാണിക്കാൻ പ്രചരിപ്പിച്ച വ്യാജ വീഡിയോ ബി.ജെ.പിക്ക് തന്നെ തിരിച്ചടിയായിരിക്കുകയാണ്.

ദൃശ്യങ്ങൾ പുറത്ത് വിട്ടതിന് പിന്നാലെ ആം ആദ്മി പാർട്ടി നടത്തിയ അന്വേഷണത്തിൽ വീഡിയോ ബി.ജെ.പി ഭരിക്കുന്ന ഹരിയാനയിലെ ഫരീദാബാദ് നഗരത്തിൽ നിന്നും ചിത്രീകരിച്ചതാനെന്ന് തെളിഞ്ഞു. ഇതോടെ ബി.ജെ.പി പൊതുജനങ്ങളെയും വോട്ടർമാരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന വിമർശനം ഉയർന്നു.

ബി.ജെ.പി ഐ.ടി സെൽ തലവൻ ഉൾപ്പെടെയുള്ള ബി.ജെ.പിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പിൽ , മഴവെള്ളവും ചെളിയും നിറഞ്ഞ ഇടുങ്ങിയ, കുഴികൾ നിറഞ്ഞ തെരുവിലൂടെ ഓട്ടോറിക്ഷയിൽ സഞ്ചരിക്കുന്ന രണ്ട് യുവതികളെയാണ് കാണിക്കുന്നത്.

വീഡിയോയിൽ കേൾക്കുന്ന സംഭാഷണത്തിൽ മോശം റോഡുകൾ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരു സ്ത്രീ പരാതിപ്പെടുന്നു. കുഴികളും ഡ്രെയിനേജ് മൂലമുണ്ടാകുന്ന വെള്ളക്കെട്ടും കാരണം പ്രധാന റോഡുകളിലും ഗതാഗതയോഗ്യമല്ലെന്ന് രണ്ടാമത്തെ സ്ത്രീ അവകാശപ്പെടുന്നു.

അവരുടെ ഓട്ടോ ഡ്രൈവറും സംഭാഷണത്തിൽ പങ്കുചേരുന്നുണ്ട്. ’10 വർഷം മുമ്പാണ് ഈ തെറ്റ് സംഭവിച്ചത് എ.എ.പിയുടെ ഭരണകാലത്തെ പരാമർശിച്ച് ഓട്ടോ ഡ്രൈവർ സംസാരിക്കുന്നു. നേതൃമാറ്റം അനിവാര്യമാണെന്ന്ന് പറഞ്ഞുകൊണ്ട് വീഡിയോ അവസാനിക്കുന്നു.

വീഡിയോ പുറത്ത് വന്നതിന് പിന്നാലെ എ.എ.പിയുടെ സോഷ്യൽ മീഡിയ ടീം ഉൾപ്പെടെ നിരവധി വസ്തുതാ പരിശോധകർ ഉറവിടം പരിശോധിച്ച് വീഡിയോയ്ക്ക് പിന്നിലെ സത്യം വെളിപ്പെടുത്തി. ദൃശ്യങ്ങൾ ഡൽഹിയിലെത്തി അല്ലെന്നും ഫരീദാബാദിൽ വച്ചാണ് വീഡിയോ ചിത്രീകരിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.

വീഡിയോയിൽ കാണുന്ന റോഡിൻ്റെ സ്ഥാനം വെളിപ്പെടുത്തിക്കൊണ്ട് അന്വേഷണ ഉദ്യോഗസ്ഥർ ബി.ജെ.പിയുടെ അവകാശവാദങ്ങൾ നിരാകരിച്ചു. പിന്നാലെ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് ബി.ജെ.പിക്കെതിരെ എ.എ.പി തെരഞ്ഞെടുപ്പ് കമ്മീഷനിൽ (ഇ.സി.ഐ) ഔദ്യോഗിക പരാതി നൽകി.

Content Highlight: BJP slammed for fake video on Delhi roads filmed in Haryana

We use cookies to give you the best possible experience. Learn more