| Wednesday, 25th March 2026, 12:36 pm

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലെ ബി.ജെ.പി സീൽ: വിമർശിച്ച സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് നോട്ടീസയച്ച് കേരളാ പൊലീസ്

മുഹമ്മദ് നബീല്‍

തിരുവനന്തപുരം: രാഷ്ട്രീയ പാർട്ടികൾക്കായി തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച സർക്കുലറിൽ ബി.ജെ.പി സീൽ ഉൾപ്പെട്ട വിവാദത്തിന് പിറകെ നടപടികളുമായി കേരളാ പൊലീസ്.

വിവാദമായ സർക്കുലറിന്റെ സ്ക്രീൻഷോട്ട് പങ്കുവച്ച സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾക്ക് എതിരായാണ് പൊലീസ് നടപടി.

മാധ്യമങ്ങൾ, രാഷ്ട്രീയ പ്രവർത്തകർ എന്നിവർക്ക് പുറമെ സാധാരണക്കാരുടേതടക്കം 270 ഓളം എക്സ് അക്കൗണ്ടുകൾക്കും 90 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമീഷനെ അപമാനിക്കുന്നതാണ് പോസ്റ്റുകൾ എന്നും സാമുദായിക ഐക്യത്തെ തകർക്കുന്ന ഉള്ളടക്കമാന്നുള്ളതെന്നുമാണ് കേരള പൊലീസ് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്.

വിവാദ സർക്കുലറിന്റെ സ്ക്രീൻ ഷോട്ടും, തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ചുകൊണ്ടുള്ള പോസ്റ്റുകളും നീക്കം ചെയ്യണമെന്നാണ് പൊലീസിന്റെ നിർദേശം.

പോസ്റ്റുകൾ നീക്കം ചെയ്യണം എന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയ കമ്പനികൾക്കും നിർദേശം നൽകിയിട്ടുണ്ട്.

സി.പി.ഐ.എമ്മിന് ഇ മെയിൽ വഴി ലഭിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലാണ് ബി.ജെ.പി കേരളാ ഘടകത്തിന്റെ സീൽ പതിഞ്ഞിരുന്നത്. 2019 മാർച്ച് 19 ന് തെരഞ്ഞെടുപ്പ് കമ്മീഷൻ രാഷ്ട്രീയ പാർട്ടികൾക്ക് അയച്ച കത്തിലാണ് ബി.ജെ.പി സീൽ പതിഞ്ഞത്.

തങ്ങൾക്ക് ലഭിച്ച കത്തിൽ ബി.ജെ.പി സീൽ ഇല്ലെന്ന് കോൺഗ്രസ് അറിയിച്ചിരുന്നു.

സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്നായിരുന്നു വിവാദങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മറുപടി.

വിവാദത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രൂക്ഷഭാഷയിൽ പ്രതികരിച്ചിരുന്നു. ഇത് കേരത്തിലെ മാത്രം പ്രശ്‌നമല്ലെന്നും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലുമുണ്ടെന്നും മമത പറഞ്ഞു.

അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷനെ വിമർശിച്ച് പോസ്റ്റിട്ട തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കും കേരളാ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.

Content Highlight: BJP seal in Election Commission’s letter: Kerala Police sends notices to social media accounts criticizing it

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more