| Sunday, 15th February 2026, 7:29 am

'കപില്‍ സിബലിന് എപ്‌സ്റ്റീന്റെ ധനസഹായം ലഭിച്ച അവാര്‍ഡ്'; രാഹുല്‍ ഗാന്ധി ഉത്തരം പറയണമെന്ന് ബി.ജെ.പി

ആദർശ് എം.കെ.

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രി കപില്‍ സിബല്‍ ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീന്‍ സാമ്പത്തിക സഹായം നല്‍കിയ അവാര്‍ഡ് കൈപ്പറ്റിയെന്ന ആരോപണവുമായി ബി.ജെ.പി.

2010ല്‍ അമേരിക്കയില്‍ നടന്ന പരിപാടിയില്‍ എപ്സ്റ്റീന്‍ ഫണ്ട് ചെയ്യുന്ന പുരസ്‌കാരമാണ് കപില്‍ സിബല്‍ സ്വീകരിച്ചതെന്നും വിഷയത്തില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.

ബി.ജെ.പി ദേശീയ വക്താവ് പ്രദീപ് ഭണ്ഡാരി സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പങ്കുവെച്ച കുറിപ്പിലാണ് കപില്‍ സിബലിനെതിരെ ആരോപണമുള്ളത്.

‘2010ല്‍ ജെഫ്രി എപ്സ്റ്റീന്‍ ധനസഹായം നല്‍കിയെന്ന് പറയപ്പെടുന്ന ഒരു പുരസ്‌കാരം ഏറെ കാലമായി ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം വെച്ചുപുലര്‍ത്തിയ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലിന് ലഭിച്ചു,’ എന്നായിരുന്നു ഭണ്ഡാരിയുടെ കുറിപ്പ്. കോണ്‍ഗ്രസ് നേതാവ് സാം പിത്രോഡയ്ക്കും ഈ സര്‍ക്കിളുമായി ബന്ധമുണ്ടെന്നും ഭണ്ഡാരി ആരോപിച്ചു.

2010ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ‘ഇന്റര്‍നാഷണല്‍ അവാര്‍ഡ്സ് ഗാല’യിലെ പുരസ്‌കാര ജേതാക്കളുടെ പട്ടികയില്‍ സിബലിന്റെ പേരുണ്ടെന്ന് കാണിക്കുന്ന രേഖകളും അദ്ദേഹം പുറത്തുവിട്ടു.

ഈ പുരസ്‌കാരത്തിന് പിന്നാലെ അന്നത്തെ യു.പി.എ സര്‍ക്കാര്‍ പല നയപരമായ മാറ്റങ്ങളും വരുത്തിയതായും ഭണ്ഡാരി ആരോപിച്ചു.

‘ഇത് യാദൃശ്ചികതയാണോ അതോ എപ്സ്റ്റീന്റെ ബാഹ്യസ്വാധീനം കൊണ്ടാണോ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങള്‍ മാറ്റാന്‍ തീരുമാനിച്ചത്. രാഹുല്‍ ഗാന്ധി ഇതിന് ഉത്തരം പറയണം,’ ഭണ്ഡാരി കൂട്ടിച്ചേര്‍ത്തു.

എപ്സ്റ്റീന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ വാലന്റൈന്‍ ആണെന്നും ഭണ്ഡാരി പരിഹസിച്ചു.

മറ്റൊരു ബി.ജെ.പി വക്താവായ ഷെഹ്‌സാദ് പൂനെവാലയും കോണ്‍ഗ്രസിനെതിരെ രംഗത്തെത്തി. എപ്സ്റ്റീനുമായി ബന്ധപ്പെട്ട കോണ്‍ഗ്രസിന്റെ സ്‌നേഹത്തിന്റെ കട എപ്രകാരമുള്ളതായിരുന്നു എന്നായിരുന്നു പൂനെവാലെയുടെ പരിഹാസം. എപ്സ്റ്റീന്റെ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന ഐ.ഐ.ഇയില്‍ നിന്ന് കപില്‍ സിബല്‍ എന്തിന് പുരസ്‌കാരം സ്വീകരിച്ചെന്നും അദ്ദേഹം ചോദിച്ചു.

പാര്‍ലമെന്റില്‍ വളരെയധികം സംസാരിക്കുന്ന രാഹുല്‍ ഗാന്ധി ഈ വിഷയത്തില്‍ എന്തെങ്കിലും പറയുമോ എന്നും പൂനെവാലെ വിമര്‍ശിച്ചു.

എന്നാല്‍ ഈ ആരോപണങ്ങളെ കപില്‍ സിബലും കോണ്‍ഗ്രസും തള്ളി. തീര്‍ത്തും അസംബന്ധം എന്നായിരുന്നു കപില്‍ വിഷയത്തില്‍ പ്രതികരിച്ചത്. ചടങ്ങില്‍ സിബല്‍ എപ്സ്റ്റീന്റെ അതിഥിയായിരുന്നില്ലെന്ന് കോണ്‍ഗ്രസും വ്യക്തമാക്കി.

അന്നത്തെ മാനവവിഭവശേഷി മന്ത്രിയായിരുന്ന സിബലിന് വിദ്യാഭ്യാസ മേഖലയിലെ ആഗോള സഹകരണത്തിനുള്ള പിന്തുണയ്ക്കാണ് പുരസ്‌കാരം ലഭിച്ചതെന്നും അത് ജെഫ്രി എപ്സ്റ്റീനുമായി യാതൊരു വിധത്തിലുള്ള ബന്ധമില്ലാത്തതാണെന്നും കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.

ബി.ജെ.പി നേതാക്കള്‍ പ്രചരിപ്പിക്കുന്നത് എപ്സ്റ്റീന്റെ സഹായിക്ക് അയച്ച 59 പേജുള്ള ഒരു രേഖയാണെന്നും, അത് ന്യൂയോര്‍ക്കില്‍ നടക്കുന്ന പ്രമുഖ പരിപാടികളുടെ പട്ടിക മാത്രമാണെന്നും ഖേര വിശദീകരിച്ചു. രേഖകള്‍ പൂര്‍ണമായും വായിക്കാതെ ബി.ജെ.പി നേതാക്കള്‍ വ്യാജമായ ഒരു കഥ നിര്‍മ്മിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ പേര് എപ്സ്റ്റീന്‍ ഫയലുകളില്‍ വന്നതിന് പിന്നാലെ അദ്ദേഹം രാജിവെക്കണമെന്ന് കോണ്‍ഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഈ വിഷയത്തില്‍ നിന്നുള്ള ശ്രദ്ധ തിരിക്കാനാണ് ബി.ജെ.പി ഇപ്പോള്‍ സിബലിനെതിരെ ആരോപണം ഉന്നയിക്കുന്നതെന്ന് ഖേര ആരോപിച്ചു.

പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി ഹര്‍ദീപ് പുരിയുടെയും വ്യവസായി അനില്‍ അംബാനിയുടെയും പേര് എപ്സ്റ്റീന്‍ ഫയലുകളുമായി ബന്ധപ്പെടുത്തി ഉന്നയിച്ചിരുന്നു.

Content Highlight: BJP says Rahul Gandhi should respond to Kapil Sibal’s Epstein-linked award

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more