| Tuesday, 24th March 2026, 4:25 pm

ബി.ജെ.പിയുടെ സീല്‍: കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല; തെരഞ്ഞെടുപ്പ് കമ്മീഷന് ക്ലറിക്കല്‍ പിഴവെന്ന് പറഞ്ഞ് രക്ഷപ്പെടാനാകില്ല: മമത

അനിത സി

കൊല്‍ക്കത്ത: കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കയച്ച കത്തില്‍ ബി.ജെ.പിയുടെ സീല്‍ ഉള്‍പ്പെട്ട സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയാകുന്നു. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തി.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിഷ്പക്ഷമല്ല. അതുകൊണ്ടാണ് അവരുടെ വിജ്ഞാപനത്തില്‍ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം ഉള്‍പ്പെട്ടതെന്ന് മമത കൊല്‍ക്കത്തയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷന് സുതാര്യതയില്ലെന്നും ബി.ജെ.പിയുമായി സഹകരിച്ചാണ് അവരുടെ പ്രവര്‍ത്തനമെന്നും മമത ആരോപിച്ചു.

സംഭവിച്ചത് വെറും സാങ്കേതികമായ ക്ലറിക്കല്‍ പിഴവാണെന്നും വലിയ ചര്‍ച്ചയാക്കരുതെന്നുമുള്ള കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസറുടെ പരാമര്‍ശത്തെയും മമത വിമര്‍ശിച്ചു.

‘കത്തില്‍ ബി.ജെ.പിയുടെ ചിഹ്നം ഉള്‍പ്പെടുത്തിയതിനെയാണോ ക്ലറിക്കല്‍ മിസ്‌റ്റേക്കെന്ന് പറയുന്നത്?

ഇത് കേരളത്തിന്റെ മാത്രം കാര്യമല്ല. എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണപ്രദേശങ്ങളുടെയും പേരിന് മുകളിലും അത്തരത്തില്‍ എഴുതി ചേര്‍ത്തിട്ടുണ്ട്. എന്താണ് ഇതിനര്‍ത്ഥം? ഇതിനെ ക്ലറിക്കല്‍ തെറ്റെന്ന് മാത്രം വിശേഷിപ്പിച്ചാല്‍ ശരിയാകുമോ?

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നിറവേറ്റാനാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ശ്രമിക്കുന്നത്? ഈ ഏകപക്ഷീയമായ സ്വേച്ഛാധിപത്യത്തിനെതിരായ ഏക കക്ഷി ഭരണത്തിനെതിരെയും അവരുടെ എല്ലാ ഏജന്‍സികള്‍ക്കെതിരെയും പോരാടാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും ഞാന്‍ ആവശ്യപ്പെടുകയാണ്.

തെരഞ്ഞെടുപ്പ് നീതിയിലും നിഷ്പക്ഷതയിലും അടിസ്ഥാനമാക്കി നടപ്പാക്കുന്നുണ്ടെന്ന് നമുക്ക് ഉറപ്പാക്കാം. അതിനായി പ്രതിഷേധിക്കാം’,മമത മാധ്യമങ്ങളോട് പറഞ്ഞു.

പശ്ചിമ ബംഗാളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ഐ.പി.എസ്, ഐ.എ.എസ് ഉദ്യോഗസ്ഥരെ കൂട്ടത്തോടെ പുനര്‍വിന്യസിച്ചതും അര്‍ധരാത്രിയില്‍ എസ്.ഐ.ആര്‍ സപ്ലിമെന്ററി പട്ടിക പുറത്തുവിട്ടതിനെയും മമത വിമര്‍ശിച്ചു.

തെരഞ്ഞെടുപ്പ് ചട്ടങ്ങളെക്കുറിച്ച് വിശദീകരിച്ച് ഈ മാസം 22-ന് കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അയച്ച ഇ-മെയില്‍ സന്ദേശത്തിലാണ് കമ്മീഷന്റെ സീലിന് പകരം ബി.ജെ.പി കേരള ഘടകത്തിന്റെ സീല്‍ പ്രത്യക്ഷപ്പെട്ടത്.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച ചട്ടങ്ങള്‍ ഓര്‍മിപ്പിക്കാനായി കമ്മീഷന്‍ അയച്ച മെയിലായിരുന്നുവത്. സന്ദേശത്തിനൊപ്പം അറ്റാച്ച് ചെയ്തിരുന്ന 2019-ലെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്തിലാണ് ബി.ജെ.പിയുടെ സീല്‍ പതിഞ്ഞിരുന്നത്.

സംഭവം വിവാദമായതോടെ വിശദീകരണവും നടപടിയുമായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു. ഖേല്‍ക്കര്‍ രംഗത്തെത്തിയിരുന്നു. സംഭവിച്ചത് ക്ലറിക്കല്‍ മിസ്റ്റേക്കാണെന്ന് വിശദീകരിച്ച അദ്ദേഹം അന്വേഷണ വിധേയമായി മെയില്‍ അയച്ച അസിസ്റ്റന്റ് സെക്ഷന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

Content Highlight: BJP’s seal In E.C Mail Issue: Not just Kerala’s problem; Election Commission cannot escape by saying it is a clerical error: Mamata

അനിത സി

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more