| Monday, 15th September 2025, 6:40 pm

33 വർഷത്തേക്ക് 1050 ഏക്കർ ഭൂമി മോദി അദാനിക്ക് നൽകിയത് ഒരു രൂപയ്ക്ക്; ബീഹാറിൽ ബി.ജെ.പിയുടെ ഇരട്ടകൊള്ള: കോൺഗ്രസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: ബീഹാറിലെ ഭഗൽപൂരിൽ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് വൈദ്യുതി പദ്ധതിക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗൗതം അദാനിക്ക് 1050 ഏക്കർ ഭൂമി 33 വർഷത്തേക്ക് ഒരു രൂപയ്ക്ക് നൽകിയെന്ന് കോൺഗ്രസ്.

യൂണിറ്റിന് 6 .75 രൂപയ്ക്ക് വൈദ്യുതി വിൽക്കാനും ബി.ജെ.പി അനുവദിക്കുന്നുണ്ടെന്നും വരുന്ന തെരഞ്ഞെടുപ്പിലെ പരാജയം മനസിലാക്കിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും എ.ഐ.സി.സി ആസ്ഥാനത്ത് നടന്ന പത്രസമ്മേളനത്തിൽ കോൺഗ്രസ് മീഡിയ ആൻഡ് പബ്ലിസിറ്റി ഡിപ്പാർമെൻറ് ചെയർമാൻ പവൻ ഖേര പറഞ്ഞു.

ബീഹാറിന്റെ ഭൂമി, കൽക്കരി, പണം എന്നിവ ഉപയോഗിച്ച്
ഭഗൽപൂരിൽ നിർമിച്ച പവർ പ്ലാന്റിൽ നിന്ന് ജനങ്ങൾ വൈദ്യുതി വാങ്ങേണ്ടി വരുമെന്നും ബീഹാറിൽ ഇരട്ടകൊള്ളയാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

21,400 കോടി രൂപ ബജറ്റിന്റെ 2,400 മെഗാവാട്ട് പദ്ധതിക്കായി പത്ത് ലക്ഷം മരങ്ങളും 1,050 ഏക്കർ ഭൂമിയും അദാനിക്ക് നൽകാൻ പോകുന്നു. 33 വർഷത്തേക്ക് ഒരു വർഷത്തിന് ഒരു രൂപ എന്ന നിരക്കിലാണ് കേന്ദ്രസർക്കാർ ഈ ഭൂമി നൽകുന്നത്. പ്രധാനമന്ത്രിയുടെ ഭഗൽപൂർ സന്ദർശനത്തിന് മുമ്പായി പ്രതിഷേധിക്കുന്ന കർഷകരെ അധികാരികൾ വീട്ടുതടങ്കലിൽ ആക്കിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിൽ ഈ പവർ പ്ലാന്റ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ അന്ന് സർക്കാർ തന്നെ പ്ലാന്റ് സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെന്നും എന്നാൽ അത് പിന്നീട് അദാനിക്ക് കൈമാറുകയായിരുന്നെന്നും പവൻ ഖേര പറഞ്ഞു.

ബീഹാറിന്റെ ഭൂമിയിൽ, ബീഹാറിന്റെ പണം ഉപയോഗിച്ച്, ബീഹാറിന്റെ കൽക്കരിയിൽ നിന്ന് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന ഒരു പ്ലാന്റ്, യൂണിറ്റിന് 6.75 രൂപയ്ക്ക് ബീഹാറിലെ ജനങ്ങൾക്ക് വിൽക്കുന്നത് ഇരട്ടകൊള്ളയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് പവർ പ്ലാന്റ് പദ്ധതിയും ധാരാവി പദ്ധതിയും അദാനിക്ക് നൽകിയിരുന്നുവെന്നും ജാർഖണ്ഡിലും ഛത്തീസ്‌ഗഡിലും തെരഞ്ഞെടുപ്പിന് മുമ്പ് വ്യവസായികൾക്ക് പദ്ധതികൾ നൽകിയിരുന്നുവെന്നും പവൻ ഖേര പറഞ്ഞു.

കർഷകരെ ഭീഷണിപ്പെടുത്തി അവരുടെ ഭൂമി പിടിച്ചെടുത്ത്‌ അതെ ഭൂമിയിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി ബീഹാറിലെ ജനങ്ങൾക്ക് ഉയർന്ന നിരക്കിൽ വിൽക്കുമെന്നും മഹാരാഷ്ട്ര, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 3 – 4 രൂപയ്ക്കാണ് വിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തന്റെ സുഹൃത്തിനുവേണ്ടി മോദി ബീഹാറിനെ കൊള്ളയടിക്കുകയാണെന്നും ബീഹാറിലെ ജനങ്ങളുടെ ഭൂമി പിടിച്ചെടുത്ത് കൽക്കരികളെടുത്ത് മരങ്ങൾ മുറിച്ച് അതെ ജനങ്ങൾക്കുതന്നെ വൈദ്യുതി വിൽക്കുകയും ചെയ്യുന്നതിൽ നീതിയെവിടെയാണെന്നും പവൻ ഖേര ചോദിച്ചു.

Content Highlight: BJP’s double robbery in Bihar; Modi gave 1050 acres of land to Adani for 33 years for one rupee: Congress

We use cookies to give you the best possible experience. Learn more