മുംബൈ: പശ്ചിമ ബംഗാളിലെ മുസ്‌ലിങ്ങളെ സ്വാധീനിക്കുന്നതിന് വേണ്ടി ബി.ജെ.പിയിൽ നിന്നും ഹുമയൂൺ കബീർ 1000 കോടി വാങ്ങിയെന്ന ആരോപണത്തിന് പിന്നാലെ ഹുമയൂനുമായുള്ള സഖ്യത്തിൽ നിന്നും പിന്മാറി ഒവൈസി.
മുസ്‌ലിങ്ങളുടെ സമഗ്രതയെ ചോദ്യം ചെയ്യുന്ന ഒരു പ്രസ്ഥാനവുമായി തങ്ങൾക്ക് സഹകരിക്കാൻ കഴിയില്ലെന്നും സഖ്യം അവസാനിപ്പിച്ചതായും ഒവെസിയുടെ പാർട്ടിയായ എ.ഐ.എം.ഐ.എം ഇന്ന് (വെള്ളി) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
കബീറിന്റെ വെളിപ്പെടുത്തലുകൾ ബംഗാളിലെ മുസ്‌ലിംങ്ങൾ എത്രത്തോളം ദുർബലരാണെന്ന് തെളിയിക്കുന്നുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.
വരാനിരിക്കുന്ന പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ എ.ഐ.എം.ഐ.എം ഒരു സഖ്യത്തിലും ചേരാതെ സ്വതന്ത്രമായി മത്സരിക്കുമെന്നും പാർട്ടി അറിയിച്ചു.
ഏത് സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോഴും അരികുവത്കരിക്കപ്പെട്ടവരുടെ കൂടെയാണ് നിലയുറപ്പിക്കുകയെന്നും പാർട്ടി എക്സ് പോസ്റ്റിൽ പറഞ്ഞു.
ബംഗാളിൽ മുസ്‌ലിം വിഭാഗത്തിൽ പെട്ടവർ ഏറ്റവും പിന്തള്ളപ്പെട്ടവരും അടിച്ചമർത്തപ്പെട്ടവരുമാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
മുന്നേ തൃണമൂൽ കോൺഗ്രസ് അംഗമായിരുന്ന, പിന്നീട് തൃണമൂൽ വിട്ട് ജനത ഉണായാൻ പാർട്ടി ആരംഭിച്ച ഹുമയൂൺ കബീറിന്റെ പുറത്തായ രഹസ്യ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോൾ ബംഗാൾ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ചർച്ചാവിഷയം.
തൃണമൂൽ കോൺഗ്രസ് പുറത്തുവിട്ട വീഡിയോയിൽ ബംഗാളിലെ മുസ്‌ലിം വോട്ടുകൾ അടർത്തിമാറ്റി ബി.ജെ.പി യെ അധികാരത്തിലെത്താൻ സഹായിക്കുമെന്നും അതിന് 1000 കോടി നൽകണമെന്നും പറയുന്നുണ്ട്.
ബംഗാൾ പ്രതിപക്ഷനേതാവ് ശുഭേന്തു അധികാരി, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് എന്നിവർക്കും പ്രധനമന്ത്രിയുടെ ഓഫീസിലെ ഒരാൾക്കും തന്റെ പദ്ധതിയെക്കുറിച്ച് അറിയാമെന്നും ഒളിക്യാമറ ദൃശ്യങ്ങളിൽ ഹുമയൂൺ പറയുന്നുണ്ട്.
എന്നാൽ ഈ വീഡിയോ എ.ഐ നിർമ്മിതമാണെന്നാണ് ഹുമയൂണിന്റെ വിശദീകരണം.
Content Highlight: BJP’s attempt to woo Muslims by taking Rs 1000 crore; Owaisi withdraws from Humayun Kabir’s alliance