| Sunday, 12th January 2025, 1:57 pm

ദല്‍ഹിയിലെ സെറ്റില്‍മെന്റുകള്‍ വ്യവസായികള്‍ക്ക് വില്‍ക്കുകയാണ് ബി.ജെ.പിയുടെ ലക്ഷ്യം: കെജ്‌രിവാൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നത് ആത്മഹത്യപരമെന്ന് മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്‌രിവാൾ .

ദല്‍ഹിയിലെ സെറ്റില്‍മെന്റുകള്‍ മോദി സര്‍ക്കാര്‍ അദാനി-അംബാനി ഉള്‍പ്പെടെയുള്ള വ്യവസായികള്‍ക്ക് വില്‍ക്കുമെന്നും കെജ്‌രിവാൾ പറഞ്ഞു. ഷക്കൂര്‍ ബസ്തിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയും ചെയ്തിരുന്നു.

സെറ്റില്‍മെന്റുകളില്‍ പലതും കേന്ദ്ര സര്‍ക്കാര്‍ തകര്‍ത്തുവെന്നും കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. എന്നാല്‍ ദല്‍ഹിയിലെ സെറ്റില്‍മെന്റുകളില്‍ ആം ആദ്മി പാര്‍ട്ടി വീടുകള്‍ വെച്ച് നല്‍കിയെന്നും കെജ്‌രിവാൾ പറഞ്ഞു.

വോട്ടര്‍മാരുടെ ക്ഷേമത്തേക്കാള്‍ ഭൂമി ഏറ്റെടുക്കുന്നതിനാണ് ബി.ജെ.പി മുന്‍ഗണന നല്‍കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് സെറ്റില്‍മെന്റുകളിലെ ആളുകളോട് ബി.ജെ.പിക്ക് സ്‌നേഹം ഉണ്ടാകുന്നതെന്നും കെജ്‌രിവാൾ പറഞ്ഞു.

പണം ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കേണ്ട ആവശ്യം ആം ആദ്മി പാര്‍ട്ടിക്കില്ലെന്ന് ദല്‍ഹി മുഖ്യമന്ത്രി അതിഷി പറഞ്ഞു. എ.എ.പി അതിന് തയ്യാറല്ലെന്നും അതിഷി കൂട്ടിച്ചേര്‍ത്തു.

നേരത്തെ ദല്‍ഹി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കെജ്‌രിവാളും അതിഷിയും അടക്കമുള്ള എ.എ.പി നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു. വോട്ടര്‍ പട്ടികയില്‍ ബി.ജെ.പി കൃത്രിമത്വം കാണിക്കുന്നുവെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം.

ന്യൂദല്‍ഹി മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ പര്‍വേഷ് വര്‍മ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തെന്ന കെജ്‌രിവാളിന്റെ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.

2020ലെ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയിലെ 70ല്‍ 62 സീറ്റും എ.എ.പി നേടിയിരുന്നു. എട്ട് സീറ്റുകള്‍ മാത്രമാണ് ബി.ജെ.പിക്ക് നേടാന്‍ കഴിഞ്ഞത്. എന്നാല്‍ 2024 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ദല്‍ഹിയില്‍ എ.എ.പി തിരിച്ചടി നേരിട്ടിരുന്നു. മുഴുവന്‍ സീറ്റും ബി.ജെ.പി നേടുകയായിരുന്നു.

നിലവില്‍ മൂന്നാം തവണയും ദല്‍ഹിയില്‍ അധികാരത്തിലേറാന്‍ കഴിയുമെന്നാണ് എ.എ.പി നേതാക്കള്‍ പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി അഞ്ചിന് ദല്‍ഹി തെരഞ്ഞെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് ഫലം പ്രഖ്യാപിക്കും.

Content Highlight: BJP’s aim is to sell settlements in Delhi to industrialists: Kejriwal

We use cookies to give you the best possible experience. Learn more