| Tuesday, 4th December 2018, 8:01 am

കര്‍ണാടകയില്‍ ബി.ജെ.പി വീണ്ടും കുതിരക്കച്ചവടത്തിന്; ഫോണ്‍ സംഭാഷണം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെ.ഡി.യു കക്ഷികള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വരുന്നതിനിടെ വിമത എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ശ്രമം ബി.ജെ.പി വീണ്ടും സജീവമാക്കുന്നതായി സൂചനകള്‍. പുറത്ത് വന്ന് കൊണ്ടിരിക്കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് ഇതിന്റെ സൂചന നല്‍കുന്നത്.

ബെല്ലാരി എം.പി ബി ശ്രീരാമലൂവിന്റെ വിശ്വസ്തനും ദുബായ് ആസ്ഥാനമാക്കിയുള്ള ബിസിനസുകാരനും തമ്മില്‍ നടത്തിയ സംഭാഷണമാണ് ഇതിലൊന്ന്.

കോണ്‍ഗ്രസില്‍ നിന്നും ജെ.ഡി.എസില്‍ നിന്നുമായി 10-11 എം.എല്‍.എമാര്‍ കൂറുമാറാന്‍ തയ്യാറാണെന്ന് ഇരുവരും പറയുന്നു. 20-25 കോടിരൂപയും മന്ത്രി സ്ഥാനവുമാണ് ഇവര്‍ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. രണ്ടാമത്തെ ആഴ്ചയ്ക്കുള്ളില്‍ ഇത് സംഭവിക്കുമെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു.

കോണ്‍ഗ്രസ് എം.എല്‍.എയായ സതീഷ് ജര്‍ഖിയോളി ബെല്‍ഗാവിയിലുള്ള ഒരു റിസോര്‍ട്ട് സന്ദര്‍ശിക്കുന്നതിന്റെ വീഡിയോ ഇതിനൊപ്പം പുറത്തു വന്നിരുന്നു. ഇത് കോണ്‍ഗ്രസിലെ വിമത എം.എല്‍.എമാരെ റിസോര്‍ട്ടില്‍ പാര്‍പ്പിക്കാനുള്ള നീക്കമാണെന്ന് ആരോപണമുയര്‍ന്നിരുന്നു.

വിമത നീക്കം നടത്തിയിട്ടില്ലെന്ന് സതീഷ് പ്രതികരിച്ചെങ്കിലും ചുരുങ്ങിയത് എട്ടു വിമത എം.എല്‍.എ മാരെങ്കിലും കോണ്‍ഗ്രസിനകത്തുണ്ടെന്ന് സതീഷ് പറഞ്ഞു. താന്‍ അതില്‍പ്പെട്ടയാളല്ലെന്നും സതീഷ് പറഞ്ഞു.

എം.എല്‍.എമാരെ ചാക്കിട്ട് പിടിക്കാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ട ബി.ജെ.പി ഇപ്പോള്‍ കൂടുതല്‍ പണമിറക്കുകയാണെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമാ സിദ്ധരാമയ്യ പറഞ്ഞു.

We use cookies to give you the best possible experience. Learn more