ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി സ്ഥാനം തമിഴക വെട്രി കഴക(ടി.വി.കെ)ത്തിന് നല്‍കുമെന്ന് വിജയ്ക്ക് ബി.ജെ.പി വാഗ്ദാനം നല്‍കിയതായി റിപ്പോര്‍ട്ട്.
ബി.ജെ.പിയുമായി ടി.വി.കെ സഖ്യത്തിലായാല്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം 80 സീറ്റുകളും വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍. സഖ്യ ചര്‍ച്ചകള്‍ അവസാനഘട്ടത്തിലേക്ക് കടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
മുമ്പ് ബി.ജെ.പിയുമായി ഒരു തെരഞ്ഞെടുപ്പ് സഖ്യത്തിനുമില്ലെന്ന് വിജയ് പ്രതികരിച്ചിരുന്നു. എന്നാല്‍, കരൂരിലെ ടി.വി.കെയുടെ റാലിയിലുണ്ടായ അപകടത്തിന് പിന്നാലെ സി.ബി.ഐ അന്വേഷണമടക്കം നേരിടേണ്ടി വന്നതോടെ വിജയ് നിലപാടില്‍ നിന്ന് മാറിയെന്നാണ് സൂചനകള്‍.
ഇന്ന് (ഞായറാഴ്ച) വിജയ്‌യെ ദല്‍ഹിയിലേക്ക് വിളിച്ചുവരുത്തി സി.ബി.ഐ ചോദ്യം ചെയ്തിരുന്നു. മൂന്നാം തവണയാണ് വിജയ്‌യെ ചോദ്യം ചെയ്യലിന് വിധേയനാക്കുന്നത്.
വിജയ് ആരാധകരുടെ വോട്ടില്‍ കണ്ണുവെച്ചാണ് ബി.ജെ.പി ടി.വി.കെയുമായി സഖ്യം ചേരാനായി കഠിനമായി ശ്രമിക്കുന്നത്. എന്നാല്‍, എന്‍.ഡി.എയുടെ ഭാഗമാകാനുള്ള വിജയ്‌യുടെ നീക്കത്തെ ടി.വി.കെയിലെ പ്രമുഖര്‍ തന്നെ എതിര്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബി.ജെ.പിയില്‍ ചേര്‍ന്നാല്‍, പാര്‍ട്ടിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നാണ് ഒരു വിഭാഗത്തിന്റെ ആശങ്ക. തമിഴ്‌നാട് രാഷ്ട്രീയത്തിന് പുതിയ ബദലെന്നും സ്വതന്ത്ര പാര്‍ട്ടിയെന്ന ലേബലിലും അവതരിപ്പിക്കപ്പെട്ട ടി.വി.കെ പ്രമുഖ സഖ്യത്തിന്റെ ഭാഗമാകുന്നത് പ്രതിച്ഛായയെ ബാധിക്കുമെന്നും ചില നേതാക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
അതേസമയം, ടി.വി.കെയുമായി സഖ്യത്തിനില്ലെന്ന് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനി സ്വാമി അറിയിച്ചു. ഒരു ചര്‍ച്ചയും വിജയുമായി നടത്തിയിട്ടില്ലെന്നും എന്‍.ഡി.എയുമായി സഖ്യം ചേരുമെന്‌ന വാര്‍ത്ത മാധ്യമങ്ങളുടെ ഊഹാപോഹങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: BJP offers Vijay the post of Deputy Chief Minister of Tamil Nadu and 80 seats; Report