ന്യൂദല്‍ഹി: ചാനല്‍ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര സിങ് രജ്പുത്തിനെതിരെ അധിക്ഷേപകരമായ ഭാഷാപ്രയോഗം നടത്തി ബി.ജെ.പി ദേശീയ വക്താവ് പ്രേം ശുക്ല.
ആജ് തക്കിലെ തത്സമയ ചര്‍ച്ചക്കിടെയാണ് പ്രേം ശുക്ല കോണ്‍ഗ്രസ് നേതാവിനെ അധിക്ഷേപിച്ചത്. പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ‘ഓപ്പറേഷന്‍ സിന്ദൂരാ’യിരുന്നു ചര്‍ച്ചാ വിഷയം.
കേന്ദ്രസര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചത് പാക് അധീന കശ്മീരിനെ കീഴ്പ്പെടുത്താനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളുടെ ഫലമായാണെന്ന സുരേന്ദ്ര സിങ്ങിന്റെ പരാമര്‍ശമാണ് ബി.ജെ.പി നേതാവിനെ ചൊടിപ്പിച്ചത്.
പിന്നാലെ ‘കഹാ സെ ലയേ ഇസ് തവയാഫ് കി ഔലാദ് കോ?’ (നിങ്ങള്‍ക്ക് ഈ വേശ്യയുടെ മകനെ എവിടെ നിന്ന് ലഭിച്ചു?) എന്നാണ് പ്രേം ശുക്ല ചോദിച്ചത്.
സംഭവത്തെ തുടര്‍ന്ന് ഇരുനേതാക്കളുടെയും മൈക്കുകള്‍ ചാനല്‍ ഓഫ് ചെയ്യുകയും മാന്യമായി പെരുമാറാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. അവതാരകന്‍ രാജീവ് ദൗണ്ടിയാലാണ് ചര്‍ച്ച നിയന്ത്രിച്ചിരുന്നത്.
നിലവില്‍ പ്രേം ശുക്ലയുടെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത്. ആള്‍ട്ട് ന്യൂസ് മാധ്യമ പ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ അടക്കമുള്ളവര്‍ ആജ് തക്കിന്റെ ഒരു വീഡിയോ പങ്കുവെച്ച് ബി.ജെ.പി നേതാവിനെതിരെ രൂക്ഷമായി വിമര്‍ശനമുയര്‍ത്തി.
ബി.ജെ.പി നേതാക്കള്‍ ടെലിവിഷന്‍ ചര്‍ച്ചകളില്‍ ആളുകളെ അധിക്ഷേപിക്കുമ്പോള്‍, അവരുടെ ഓണ്‍ലൈന്‍ പിന്തുണക്കാരില്‍ നിന്ന് കൂടുതല്‍ ഒന്നും തന്നെ പ്രതീക്ഷിക്കണ്ട എന്ന കുറിപ്പോട് കൂടിയാണ് സുബൈര്‍ പ്രതികരിച്ചത്.
ഇതോടെയാണ് ബി.ജെ.പി നേതാവിനെതിരായ പ്രതിഷേധം ശക്തമായത്. അതേസമയം നിരവധി ആളുകള്‍ പ്രേം ശുക്ലയെ ന്യായീകരിച്ചും രംഗത്തെത്തി.
മുമ്പ് ന്യൂസ് 24ന് നല്‍കിയ ഒരു പ്രതികരണത്തില്‍ പ്രേമിന്റെ അമ്മയെ അപമാനിക്കും വിധത്തില്‍ കോണ്‍ഗ്രസ് നേതാവ് പരാമര്‍ശം നടത്തിയെന്ന് ആരോപിച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ശുക്ലയെ ന്യായീകരിക്കുന്നത്.
Content Highlight: BJP national spokesperson insults Congress leader’s mother during channel discussion