| Saturday, 1st November 2025, 5:30 pm

ദല്‍ഹിയുടെ പേര് മാറ്റി പാണ്ഡവരുടെ കൂറ്റന്‍ പ്രതിമ സ്ഥാപിക്കണം; ആവശ്യവുമായി ബി.ജെ.പി എം.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ദല്‍ഹിയുടെ പേര് ‘ഇന്ദ്രപ്രസ്ഥം’ എന്ന് പുനര്‍നാമകരണം ചെയ്യണമെന്ന് ബി.ജെ.പി എം.പി പ്രവീണ്‍ ഖണ്ഡേല്‍വാള്‍. ഓള്‍ഡ് റെയില്‍വേ സ്റ്റേഷനെ ‘ഇന്ദ്രപ്രസ്ഥ ജങ്ഷന്‍’ എന്നും അന്താരാഷ്ട്ര വിമാനത്താവളത്തെ ‘ഇന്ദ്രപ്രസ്ഥ വിമാനത്താവളം’ എന്നും പുനര്‍നാമകരണം ചെയ്യണമെന്നും ഖണ്ഡേല്‍വാള്‍ ആവശ്യപ്പെട്ടു.

ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയ്ക്കും മറ്റു മന്ത്രിമാര്‍ക്കും ഖണ്ഡേല്‍വാള്‍ കത്തയച്ചു. പുരാണങ്ങളും ഐതിഹ്യങ്ങളും ഉദ്ധരിച്ചാണ് ബി.ജെ.പി എം.പി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ദേശീയ തലസ്ഥാനത്ത് പാണ്ഡവരുടെ വലിയ പ്രതിമകള്‍ സ്ഥാപിക്കണമെന്നും ഖണ്ഡേല്‍വാള്‍ ആവശ്യപ്പെട്ടു.

‘ദല്‍ഹിയുടെ ചരിത്രം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ഇന്ത്യന്‍ നാഗരികതയുടെ ആത്മാവും പാണ്ഡവര്‍ സ്ഥാപിച്ച ഇന്ദ്രപ്രസ്ഥ നഗരത്തിന്റെ പാരമ്പര്യവും ഉള്‍ക്കൊള്ളുന്നതാണ് ദല്‍ഹിയുടെ ചരിത്രം,’ ഖണ്ഡേല്‍വാള്‍ കത്തില്‍ പരാമര്‍ശിച്ചു. ദല്‍ഹിയില്‍ പാണ്ഡവരുടെ പ്രതിമകള്‍ സ്ഥാപിക്കുന്നത് ഇന്ത്യയുടെ ചരിത്രത്തെ പുനരുജ്ജീവിപ്പിക്കുമെന്നാണ് ഖണ്ഡേല്‍വാളിന്റെ അവകാശവാദം.

ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ഭരണത്തിലേറിയ ശേഷം പുനര്‍നാമകരണം ചെയ്യപ്പെട്ട പ്രയാഗ്‌രാജ്, അയോധ്യ, ഉജ്ജയിന്‍, വാരണാസി തുടങ്ങിയ നഗരങ്ങളുടെ പേരുകളും ബി.ജെ.പി എം.പി കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ നഗരങ്ങളിലെല്ലാം അവയുടെ തനത് സംസ്‌കാരങ്ങള്‍ പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കില്‍ എന്തുകൊണ്ട് ദല്‍ഹിയില്‍ സാധിക്കില്ലെന്നും ഖണ്ഡേല്‍വാള്‍ ചോദിക്കുന്നു. പുനർനാമകരണത്തിലൂടെ, ദൽഹിയെ വെറും തലസ്ഥാനം നഗരിയെന്നതിനേക്കാള്‍ ഉപരി മതം, ധാര്‍മികത, ദേശീയത എന്നിവയുടെ പ്രതീകമായും പുതുതലമുറ കാണുമെന്നും ഖണ്ഡേല്‍വാള്‍ പറയുന്നു.

അടുത്തിടെ സമാന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്തും രംഗത്തെത്തിയിരുന്നു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം, ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷന്‍, ദല്‍ഹി എന്നിവയുടെ പേര് മാറ്റണമെന്നായിരുന്നു വി.എച്ച്.പിയുടെ ആവശ്യം. ഇതുസംബന്ധിച്ച് ദല്‍ഹി സാംസ്‌കാരിക മന്ത്രി കപില്‍ മിശ്രയ്ക്ക് വി.എച്ച്.പി കത്തയക്കുകയായിരുന്നു.

Content Highlight: BJP MP wants Delhi to be renamed ‘indraprastha’

We use cookies to give you the best possible experience. Learn more