ന്യൂദല്‍ഹി: യമുനാ നദിയിലെ മലിനീകരണ തോത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പകുതിയായി കുറഞ്ഞെന്ന് അവകാശപ്പെട്ട് ബി.ജെ.പി എം.പി മനോജ് തിവാരി നദിയില്‍ മുങ്ങിക്കുളിച്ചു. ഒക്ടോബര്‍ 29നാണ് ബി.ജെ.പി നേതാവ് യമുനയില്‍ മുങ്ങിക്കുളിക്കുകയും വെള്ളം കുടിക്കുകയും ചെയ്തത്. ബി.ജെപി നേതാവ് നദിയില്‍ ഇറങ്ങിയ വീഡിയോ സാമൂഹ്യമാധ്യമമായ എക്സിലൂടെ വീഡിയോ പങ്കുവെച്ചിരുന്നു.
പ്രതിപക്ഷ നേതാവിനെയും ദല്‍ഹി മുന്‍ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനേയും പരിഹസിച്ചാണ് തിവാരി വീഡിയോ പങ്കുവെച്ചത്. താന്‍ യമുനയില്‍ കുളിച്ചത് യാഥാര്‍ത്ഥ്യമാണെന്നും നിങ്ങള്‍ എപ്പോഴാണ് കുളിക്കാന്‍ വരുന്നതെമെന്ന് എക്സ് പോസ്റ്റില്‍ അദ്ദേഹം എഴുതി. യമുനാ നന്ദിയിലെ മലിനീകരണവുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും കെജ്രിവാളും ബി.ജെ.പിയെ വിമര്‍ശിച്ചിരുന്നു.
യമുന മലിനീകരണത്തിന് ഹരിയാനയെ കുറ്റപ്പെടുത്തുക മാത്രമാണ് ആം ആദ്മി പാര്‍ട്ടി ചെയ്തതെന്നും ബി.ജെ.പി അധികാരത്തിലെത്തിയ ഒന്നര വര്‍ഷത്തിനിടെ നദിയുടെ പകുതിയോളം ശുദ്ധീകരിച്ചെന്നും മനോജ് തിവാരി അവകാശപ്പെട്ടു. ശേഷിക്കുന്ന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
രേഖ ഗുപ്ത സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങളാണ് മലിനീകരണം കുറയാന്‍ കാരണമെന്നും ഇത്തവണ മുതല്‍ യമുനയില്‍ ഛഠ് പൂജ ആഘോഷിക്കാന്‍ ജനങ്ങള്‍ക്ക് കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
യമുനയിലെ ചില ഭാഗങ്ങളില്‍ ദേശാടനപ്പക്ഷികള്‍ എത്തുന്നത് നദിയുടെ അവസ്ഥ മെച്ചപ്പെട്ടതിന്റെ സൂചനയാണെന്നും മനോജ് തിവാരി അവകാശപ്പെട്ടു. നദി ശുദ്ധമായിരുന്നില്ലെങ്കില് പക്ഷികള്‍ എത്തുമായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോണിയ വിഹാര്‍ ഘട്ടിലിറങ്ങി യമുനയിലെ വെള്ളം കുടിച്ചുകൊണ്ടു ശുചീകരണ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു.
അതേസമയം, യമുന ശുചീകരണത്തിനായി 8,941 കോടി രൂപയുടെ 43 പദ്ധതികള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. 2029 മെയ് മാസത്തോടെ ദല്‍ഹിയിലൂടെ ഒഴുകുന്ന യമുനയുടെ ഭാഗം ശുദ്ധീകരിക്കുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുകയും ചെയ്തിരുന്നു.
ബി.ജെ.പിയുടെ അവകാശവാദത്തിനെതിരെ ആം ആദ്മി പാര്‍ട്ടി ദല്‍ഹി അധ്യക്ഷന്‍ സൗരഭ് ഭരദ്വാജ് രംഗത്തെത്തിയിരുന്നു. പല്ല മുതല്‍ വസീറാബാദ് വരെയുള്ള 26 കിലോമീറ്റര്‍ ഭാഗം എക്കാലവും താരതമ്യേന ശുദ്ധമായിരുന്നുവെന്നും എ.എ.പി സര്‍ക്കാരിന്റെ കാലത്ത് ദല്‍ഹി മലിനീകരണ നിയന്ത്രണ സമിതിയുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഭാഗം കൂടുതല്‍ ശുദ്ധമായിരുന്നുവെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.
യമുന ദല്‍ഹിയിലൂടെ കൂടുതല്‍ ദൂരം ഒഴുകുമ്പോള്‍ മലിനീകരണം വര്‍ധിക്കുകയാണ് ചെയ്യുന്നത്. വസീറാബാദ് മുതല്‍ ഓഖ്ല വരെയുള്ള 22 കിലോമീറ്റര്‍ ഭാഗമാണ് ഏറ്റവും കൂടുതല്‍ മലിനീകരണം നേരിടുന്നത്. ഈ സാഹചര്യത്തില്‍ മനോജ് തിവാരിയെയും ജലവിഭവ മന്ത്രി പര്‍വേഷ് വര്‍മയെയും കാളിന്ദി കുഞ്ച് ഘട്ടിലെത്തി നദിയിലെ വെള്ളം കുടിക്കാന്‍ സൗരഭ് ഭരദ്വാജ് വെല്ലുവിളിച്ചു.
കഴിഞ്ഞ വര്‍ഷവും ഇതേ വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും ഇരുവരും അതില്‍നിന്ന് ഒഴിഞ്ഞുമാറിയെന്നാണ് ഭരദ്വാജിന്റെ പറഞ്ഞു.
അതേസമയം ഡി.പി.സി.സിയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം യമുനാ നദിയിലെ വെള്ളം കുളിക്കാന്‍ പോലും സുരക്ഷിതമല്ലെന്നാണ് വ്യക്തമാകുന്നത്.
Content highlight: BJP MP Manoj Tiwari steps into the Yamuna River and drinks the water