കൊല്ലം: ഒഡീഷയിലെ ബി.ജെ.പി എം.പി അപരാജിത സാരംഗി കൊല്ലത്ത് വെച്ച് ഗണ്‍മാനെ മര്‍ദിച്ചതായി ആരോപണം. തിരുവനന്തപുരം സിറ്റി എ.ആര്‍ ക്യാമ്പിലെ പൊലീസ് ഉദ്യോഗസ്ഥനായ വിവേകിനെയാണ് ബി.ജെ.പി എം.പി മര്‍ദിച്ചത്. അമൃതാനന്ദമയിയുടെ ജന്മദിനാഘോഷ പരിപാടികള്‍ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സംഭവം.
ഇന്നലെ (ശനി) 2.30ന് നീണ്ടകരയില്‍ വെച്ചാണ് പൊലീസ് ഉദ്യോഗസ്ഥന്‍ മര്‍ദിക്കപ്പെട്ടത്. തന്റെ വാഹനത്തിന് മുന്നിലുണ്ടായിരുന്ന ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയുടെ വാഹനത്തില്‍ കയറാന്‍ വിവേകിനേയും ഡ്രൈവറെയും അപരാജിത നിര്‍ബന്ധിച്ചു.
എന്നാല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ചൂണ്ടിക്കാട്ടി എം.പിയുടെ ആവശ്യം വിവേക് നിരസിക്കുകയായിരുന്നു. ഇസെഡ് കാറ്റഗറി സുരക്ഷയാണ് നദ്ദയുടെ വാഹനവ്യൂഹത്തിന് ഏര്‍പ്പെടുത്തിയിരുന്നത്.
തുടര്‍ന്നും എം.പി സമ്മര്‍ദം ചെലുത്തിയതോടെ വാഹനവ്യൂഹ ചുമതലയുള്ള മാര്‍ഷലുമായി വിവേക് ബന്ധപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ കൈമാറിയിട്ടുള്ള ലിസ്റ്റില്‍ പേരില്ലാത്തതിനാല്‍ അപരാജിതയുടെ വാഹനത്തെ മുന്നിലേക്ക് കടത്തിവിടാന്‍ സാധിക്കില്ലെന്നാണ് മാര്‍ഷല്‍ വിവേകിനെ അറിയിച്ചത്.
ഇക്കാര്യം അറിയിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥനെ ബി.ജെ.പി എം.പി മര്‍ദിക്കുകയായിരുന്നു. വിവേകിന്റെ മുതുകില്‍ രണ്ട് തവണ ഇടിച്ചതായാണ് ആരോപണം.
സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ നന്ദാവനം എ.ആര്‍ ക്യാമ്പ് മേധാവിക്ക് പരാതി നല്‍കുമെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. വിവേകിനെ മര്‍ദിച്ച അപരാജിത സാരംഗി കൊല്ലം ജില്ലയുടെ ബി.ജെ.പി ചുമതലയുള്ള സഹപ്രഭാരിയും കൂടിയാണ്.
Content Highlight: BJP MP from Odisha allegedly beat up gunman in Kollam