| Tuesday, 10th April 2018, 10:31 am

ബലാത്സംഗ ഇരയുടെ പിതാവിന്റെ കസ്റ്റഡി മരണം; യു.പിയില്‍ ബി.ജെ.പി എം.എല്‍.എയുടെ സഹോദരന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: ഉന്നാവോയില്‍ ബി.ജെ.പി എം.എല്‍.എ പീഡിപ്പിച്ചതായി പരാതി നല്‍കിയ യുവതിയുടെ പിതാവ് പൊലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ എം.എല്‍.എ കുല്‍ദീപ് സിങ് സെന്‍ഗറുടെ സഹോദരന്‍ അതുല്‍ സിങ് സെന്‍ഗര്‍ അറസ്റ്റിലായി. ഇയാളുടെ ഒളിത്താവളത്തില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്. യുവതിയുടെ പിതാവിനെ ആക്രമിച്ചതിനാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു.

എം.എല്‍.എക്കെതിരെ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുവതിയുടെ കുടുംബം ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കുല്‍ദീപ് സിംഗും സുഹൃത്തുക്കളും തന്നെ ബലാല്‍സംഗം ചെയ്‌തെന്നും പൊലീസില്‍ പരാതിപ്പെട്ട തങ്ങള്‍ ആക്രമിക്കപ്പെട്ടെന്നും യുവതി പറഞ്ഞിരുന്നു.

അറസ്റ്റ് ചെയ്യുന്നതിന് മുമ്പ് എം.എല്‍.എയുമായി ബന്ധമുള്ളവര്‍ യുവതിയുടെ പിതാവിനെ മര്‍ദ്ദിച്ചിരുന്നു. തന്റെ പിതാവിനെ കസ്റ്റഡിയില്‍ വെച്ച് കൊലപ്പെടുത്തിയെന്ന യുവതിയുടെ പരാതിയില്‍ സര്‍ക്കാര്‍ മജിസ്‌ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.


Read more:  വരാപ്പുഴ ഹര്‍ത്താല്‍: യുവാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍; മര്‍ദ്ദനം പിഞ്ചുകുഞ്ഞിനെ ആശുപത്രിയില്‍ കൊണ്ടുപോകും വഴി


“ഞാന്‍ പീഡിപ്പിക്കപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി ഓരോ ഓഫിസിലും ഞാന്‍ കയറി നടക്കുകയാണ്. ആരും എന്നെ കേള്‍ക്കുന്നില്ല. അവരെ എല്ലാവരെയും അറസ്റ്റ് ചെയ്യണം. അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും.” – യുവതി പറഞ്ഞു. താന്‍ മുഖ്യമന്ത്രിയെ പോലും സഹായത്തിനായി സമീപിച്ചിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും യുവതി പറഞ്ഞിരുന്നു.

ഉന്നാവോയിലെ പ്രമുഖ ബി.ജെ.പി നേതാവാണ് കുല്‍ദീപ് സിങ് സെന്‍ഗര്‍. ബംഗാരമാവു നിയോജകമണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട എം.എല്‍.എയാണ് ഇയാള്‍. കുല്‍ദീപ് സിങ് സെന്‍ഗര്‍ തന്നെയും കുടുംബത്തെയും കൂട്ടക്കൊല നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി പറഞ്ഞിരുന്നു.

യുവതിയുടെ ആരോപണത്തില്‍ ഇതുവരെ പൊലീസ് എം.എല്‍.എക്കെതിരെ കേസെടുത്തിട്ടില്ല.

We use cookies to give you the best possible experience. Learn more