| Friday, 25th April 2025, 9:43 pm

പശ്ചിമ ബംഗാളില്‍ കശ്മീരികള്‍ തീവ്രവാദപ്രവര്‍ത്തനം നടത്തുമെന്ന് വ്യാജ പോസ്റ്റുമായി ബി.ജെ.പി എം.എല്‍.എ; പിന്നാലെ സത്യം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന എക്‌സ് പോസ്റ്റിട്ട് പശ്ചിമ ബംഗാള്‍ എം.എല്‍.എയും ബി.ജെ.പി നേതാവുമായ സുവേന്തു അധികാരി. സംസ്ഥാനത്ത് തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് കാണിച്ചാണ് സുവേന്ദു അധികാരി പോസ്റ്റിട്ടത്. ദേശീയ മാധ്യമമായ ദി വയര്‍ നടത്തിയ ഫാക്ട് ചെക്കിലാണ് പോസ്റ്റില്‍ പറയുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് കണ്ടെത്തിയത്.

രണ്ട് കശ്മീരികള്‍ സംശയാസ്പദമായ സാധനങ്ങളുമായി പശ്ചിമബംഗളില്‍ എത്തിയിട്ടുണ്ടെന്നായിരുന്നു പോസ്റ്റ്. സംഭവത്തിന്റേതെന്ന വ്യാജേന ഒരു ചിത്രവും ഇയാള്‍ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. ഏപ്രില്‍ 24നാണ് സുവേന്ദു അധികാരി എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചത്.

പോസ്റ്റിന് പിന്നാലെ പശ്ചിമ ബംഗാളില്‍ വലിയ തീവ്രവാദ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന്  സുവേന്ദു അധികാരി പൊലീസിനെയും എന്‍.ഐ.എയും അറിയിക്കുകയും ചെയ്തിരുന്നു. പൊലീസിനും എന്‍.ഐ.എക്കുമുള്‍പ്പെടെ ചിത്രവും കൈമാറി.

പിന്നാലെ ദി വയര്‍ സംഭവത്തില്‍ ഇടപെടുകയായിരുന്നു. ചിത്രം ഗൂഗളിലൂടെ പരിശോധിച്ചപ്പോള്‍ ജിയോ എയര്‍ഫൈബറിന്റെ ഒരു ഔട്ട്‌ഡോര്‍ യൂണിറ്റാണിതെന്ന് കണ്ടെത്തുകയുമായിരുന്നു.

പിന്നാലെ ചിത്രത്തിന്റെ വസ്തുത ഉറപ്പുവരുത്തി അധികാരികളെ അറിയിക്കുകയും അവരും സംഭവം അന്വേഷിക്കുകയും ചെയ്തു. തുടര്‍ന്നുള്ള അന്വേഷണത്തിലും ചിത്രത്തിന്റെ നിജസ്ഥിതി അതുതന്നെയായിരുന്നു.

സുവേന്തു അധികാരി തീവ്രവാദം നടത്തുന്ന കശ്മീരികളെന്ന് പറഞ്ഞ വ്യക്തികള്‍ കശ്മീരികളല്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. മധ്യപ്രദേശിലെ വ്യവസായികളാണ് അവരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഒരാള്‍ മുസ്‌ലിമും ഒരാള്‍ ഹിന്ദുവുമാണെന്നാണ് പറയുന്നത്. അവര്‍ സ്വന്തമായി നടത്തുന്ന മത്സ്യകൃഷിയുമായി ബന്ധപ്പെട്ട പശ്ചിമ ബംഗാളില്‍ എത്തിയതായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: BJP MLA posts fake post saying Kashmiris will carry out terrorist activities in West Bengal; truth later comes out

We use cookies to give you the best possible experience. Learn more