ഗാന്ധിനഗര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സബര്‍മതി നദിയിലൂടെ മോദി നടത്തിയ ജലവിമാനയാത്രയ്ക്ക് സാക്ഷ്യം വഹിക്കാന്‍ പണം കൊടുത്ത് ആളെ എത്തിച്ചുവെന്ന ആരോപണത്തില്‍ ബി.ജെ.പി എം.എല്‍.എയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. ജമല്‍പുര്‍-കാദിയ സ്ഥാനാര്‍ഥിയും എം.എല്‍.എയുമായ ഭൂഷണ്‍ ഭട്ടിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങളെ മാനിക്കേണ്ടെന്നും ജലയാത്രയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ആളുകളെ പണം നല്‍കി എത്തിക്കണമെന്നും പറയുന്ന ഭൂഷണ്‍ ഭട്ടിന്റ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ഭൂഷണ്‍ ഭട്ടിന് നോട്ടീസ് അയക്കാന്‍ കമ്മീഷന്‍ ഉത്തരവിട്ടത്.
റാലിയില്‍ സ്വന്തം വാഹനവും ഇരുചക്ര വാഹനങ്ങളും എടുക്കണമെന്നും ഇതിന് ചെലവായിട്ടുള്ള പണം തിരികെ നല്‍കുമെന്നും ഭൂഷണ്‍ ഭട്ട് വീഡിയോയില്‍ പറഞ്ഞിരുന്നു. 3000-4000 ഇരുചക്ര വാഹനങ്ങള്‍ വരെ എത്തിക്കണമെന്നും ഉപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് 1000 മുതല്‍ 3000 രൂപ വരെ നല്‍കുമെന്നും ഭൂഷണ്‍ ഭട്ട് വീഡിയോയില്‍ പറയുന്നുണ്ട്.
ജമാല്‍ കാദിയ നിയോജക മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസറാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ബി.ബി സ്വെയിനിന്റെ നിര്‍ദേശ പ്രകാരം നോട്ടീസ് അയച്ചത്. അഹമ്മദാബാദിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള റോഡ് ഷോയ്ക്ക് അധികൃതര്‍ അനുമതി നിഷേധിച്ചപ്പോള്‍ ജലവിമാനത്തില്‍ സഞ്ചരിച്ച് കൊണ്ടായിരുന്നു മോദി പ്രചാരണം നയിച്ചത്.