ഭോപ്പാല്‍: ഇന്‍ഡോറില്‍ മലിനജലം കുടിച്ച് രോഗബാധിതരായി ആശുപത്രിയില്‍ കഴിയുന്നവരെയും മരണമടഞ്ഞവരുടെ കുടുംബങ്ങളെയും സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി മധ്യപ്രദേശ് മന്ത്രി കൈലാഷ് വിജയവര്‍ഗീയ. രാഹുല്‍ ഗാന്ധിയെ ഡിസാസ്റ്റര്‍ ടൂറിസ്റ്റ് എന്ന് വിളിച്ചുകൊണ്ടായിരുന്നു വിജയവര്‍ഗീയയുടെ പരിഹാസം.
കാര്യങ്ങള്‍ നിയന്ത്രണവിധേയമായപ്പോള്‍ രാഹുല്‍ ഗാന്ധി ഇവിടെയത്തിയെന്നും പതിവുപോലെ ഫോട്ടോകളെടുത്ത് പോവുകയാണ് ചെയ്തതെന്നും മന്ത്രി കുറ്റപ്പെടുത്തി.
കൈലാഷ് വിജയവര്‍ഗീയ. Photo: https://kailashonline.in/
‘ഈ നഗരത്തിലേക്ക് ആര് തന്നെ വന്നാലും, അത് ടൂറിസ്റ്റുകളാകട്ടെ മറ്റാരെങ്കിലുമാകട്ടെ, അവരെ ഞങ്ങള്‍ ഇരുകയ്യും നീട്ടി സ്വീകരിക്കാറാണ് പതിവ്. നിലവില്‍ സാഹചര്യങ്ങളെല്ലാം നിയന്ത്രണവിധേയമാണ്.
അവന്‍ (രാഹുല്‍ ഗാന്ധി) എല്ലായ്‌പ്പോഴും ഒരു വിനോദസഞ്ചാരിയെ പോലെയാണ് വരാറുള്ളത്. ഇത്തവണ ഡിസാസ്റ്റര്‍ ടൂറിസ്റ്റിനെ പോലെയും വന്നു. അവന്‍ കുറച്ച് ഫോട്ടോകളെടുത്ത് സ്ഥലം വിടും. ഇന്‍ഡോറിന്റെ ബാക്കി വികസന പ്രവര്‍ത്തികളെല്ലാം ഞങ്ങളാണ് ചെയ്യേണ്ടത്,’ വിജയവര്‍ഗീയ പറഞ്ഞു.
മലിനജലം കുടിച്ച് ആളുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മന്ത്രി, ഇനി ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ലെന്ന് ഉറപ്പാക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
‘ഈ സംഭവത്തില്‍ എല്ലാവര്‍ക്കും അതിയായ ദുഃഖമുണ്ട്. ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടത് നമ്മളുടെ ഉത്തരവാദിത്തമാണ്. അതിനായാണ് ഞങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നത്,’ വിജയവര്‍ഗീയ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ഇന്‍ഡോര്‍ ദുരന്തരത്തിന്റെ ഇരകളെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചത്. സ്വകാര്യ ആശുപത്രിയിലെത്തി രോഗികളെയും അവരുടെ കുടുംബത്തെയും സന്ദര്‍ശിച്ച രാഹുല്‍, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന് വിശേഷിപ്പിക്കപ്പെട്ട നഗരത്തിലുണ്ടായ ദുരന്തത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തി.
ആശുപത്രിയിലെത്തി രോഗികളെ കാണുന്ന രാഹുല്‍ ഗാന്ധി. Photo: Dr. Ragini Nayak/x.com
ശുദ്ധജലം ഓരോ പൗരന്റെയും പൊതു അവകാശമാണെന്ന് രാഹുല്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റികളെയും നഗരവികസനത്തെയും കുറിച്ചുള്ള സര്‍ക്കാരിന്റെ അവകാശവാദങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു.
ഒരു മാതൃകാ നഗരമായി ഉയര്‍ത്തിക്കാട്ടപ്പെടുന്ന ഇന്‍ഡോറില്‍ സുരക്ഷിതമായ കുടിവെള്ളം ഉറപ്പാക്കാന്‍ കഴിഞ്ഞില്ലെന്നും അധികൃതര്‍ ആളുകളെ ഭീഷണിപ്പെടുത്തുന്നുവെന്നും സര്‍ക്കാരിനെ കുറ്റപ്പെടുത്തി രാഹുല്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആളുകള്‍ക്ക് ശുദ്ധജലം നല്‍കുകയും മലിനീകരണം കുറക്കുകയും ചെയ്യേണ്ടത് സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നും എന്നാല്‍ ഇത്തരം ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: BJP Minister Kailash Vijayavargiya criticize Rahul Gandhi